അരങ്ങില്‍ നിന്നും വ്യവസായത്തിലേക്ക്

അരങ്ങില്‍ നിന്നും വ്യവസായത്തിലേക്ക്

മലബാറില്‍ നമ്പൂതിരി സമുദായാംഗങ്ങള്‍ വ്യവസായ രംഗത്തേക്കും മറ്റ് ജോലികളിലേക്കും ഇറങ്ങാന്‍ മടിച്ചു നിന്നിരുന്ന ഒരു കാലഘട്ടത്തിലാണ് അവണൂര്‍ നാരായണന്‍ നമ്പൂതിരി ധൈര്യസമേതം ഈ മേഖലകളിലേക്ക് കടന്നുവരുന്നത്. വിവിധ ജോലികള്‍ ചെയ്തശേഷം പെരിന്തല്‍മണ്ണക്കടുത്ത് ലോഹശില്‍പ്പി ഇന്‍ഡസ്ട്രീസ് സ്ഥാപിച്ച് വിവിധ യന്ത്രങ്ങള്‍ കേരളത്തിന് പരിചയപ്പെടുത്തി. കഴിഞ്ഞ ദിവസം അന്തരിച്ച നാരായണന്‍ നമ്പൂതിരിക്ക് വ്യവസായ ലോകത്തിന്റെ ആദരാഞ്ജലികള്‍

എം കെ ഹരിദാസ്

കേരളത്തിലെ വ്യവസായ രംഗത്ത് വ്യത്യസ്ത സാന്നിധ്യമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച അവണൂര്‍ നാരായണന്‍ നമ്പൂതിരി (92). മലബാറില്‍ നമ്പൂതിരി സമുദായാംഗങ്ങള്‍ ജോലികളിലേക്കും വ്യവസായ സ്ഥാപന്തിലേക്കും ഇറങ്ങാന്‍ മടിച്ചു നിന്നിരുന്ന ഒരു കാലഘട്ടത്തിലാണ് നാരായണന്‍ നമ്പൂതിരി ധൈര്യസമേതം ഈ രംഗത്തേക്ക് വരുന്നത്. ബിരുദാനന്തര ബിരുദവും നിയമപഠനവും പൂര്‍ത്തിയാക്കിയ നമ്പൂതിരി കുറച്ചുകാലം കോഴിക്കോട് വക്കീലായിരുന്നു. പിന്നീട് കുറച്ചുകാലം മാതൃഭൂമി പത്രത്തിന്റെ പരസ്യ വിഭാഗത്തില്‍ ജോലി ചെയ്തു. അതിന് ശേഷം മദ്രാസില്‍ ആന്ധ്രാ പത്രികയില്‍ പരസ്യ മാനേജരായും ദില്ലിയില്‍ ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റിന്റെ സെയില്‍സ് മാനേജരായും പ്രവര്‍ത്തിച്ചു. അക്കാലത്ത് ബിന്നി സ്യൂട്ട്, വിമല്‍ സ്യൂട്ട് എന്നിവയുടെ പരസ്യ മോഡലായി അദ്ദേഹം വേഷമിട്ടു.

1972 ലാണ് അദ്ദേഹം വ്യവസായ രംഗത്തേക്ക് ചുവടുവെക്കുന്നത്. ബയോഗ്യാസ് പ്ലാന്റുകള്‍ നിര്‍മിച്ചു നല്‍കുന്ന ‘ലോഹശില്‍പ്പി’ ഇന്‍ഡന്‍സ്ട്രീസ്, മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണക്കടുത്ത് ആനമങ്ങാട് പ്രവര്‍ത്തനം തുടങ്ങി. റബ്ബര്‍ ഷീറ്റ് റോളിംഗ് യന്ത്രം, കെട്ടിടങ്ങളുടെ റോളിംഗ് ഷട്ടറുകള്‍ എന്നിവ മലബാറിന് പരിചയപ്പെടുത്തിയത് ‘ലോഹശില്‍പ്പി’യായിരുന്നു. കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ സ്ഥാപക നേതാക്കളില്‍ ഒരാളാണ് നാരായണന്‍ നമ്പൂതിരി.

പൂന്താനം ഇല്ലത്തിന്റെ അവസാന അവകാശികളില്‍ ഒരാളായിരുന്ന അദ്ദേഹം, പൂന്താനം മഹാവിഷ്ണു ക്ഷേത്രവും ഇല്ലവും അതിനോടനുബന്ധിച്ചുള്ള കോടിക്കണക്കിന് രൂപ വില മതിക്കുന്ന ജംഗമ സ്വത്തുക്കളും ഗുരുവായൂര്‍ ദേവസ്വത്തിന് കൈമാറിക്കൊണ്ട് ആത്മീയപാതയിലും വ്യത്യസ്തനായി. കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റും ‘ലോഹശില്‍പ്പി’ ഇന്‍ഡസ്ട്രീസിന്റെ എംഡിയുമായ ദാമോദര്‍ അവണൂര്‍ പുത്രനാണ്.

Categories: FK News, Slider