5 സ്റ്റാര്‍ റേറ്റിംഗ് നേടി മഹീന്ദ്ര എക്‌സ്‌യുവി 300

5 സ്റ്റാര്‍ റേറ്റിംഗ് നേടി മഹീന്ദ്ര എക്‌സ്‌യുവി 300

പഞ്ചനക്ഷത്ര റേറ്റിംഗ് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ നിര്‍മിത വാഹനമാണ് എക്‌സ്‌യുവി 300

ന്യൂഡെല്‍ഹി: ഏറ്റവും സുരക്ഷിതമായി സഞ്ചരിക്കാവുന്ന വാഹനമെന്ന് തെളിയിച്ച് മഹീന്ദ്ര എക്‌സ്‌യുവി 300. ഗ്ലോബല്‍ എന്‍കാപ് (ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം) നടത്തിയ ഇടി പരിശോധനകളില്‍ സബ്‌കോംപാക്റ്റ് എസ്‌യുവി നേടിയത് 5 സ്റ്റാര്‍ റേറ്റിംഗ്. പഞ്ചനക്ഷത്ര റേറ്റിംഗ് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ നിര്‍മിത വാഹനമാണ് മഹീന്ദ്ര എക്‌സ്‌യുവി 300. ആദ്യ രണ്ട് വാഹനങ്ങള്‍ ടാറ്റ മോട്ടോഴ്‌സ് അഭിമാനപൂര്‍വം കാഴ്ച്ചവെച്ചതാണ്. നെക്‌സോണ്‍, ആള്‍ട്രോസ് എന്നിവ.

മുതിര്‍ന്നവരുടെ സുരക്ഷ സംബന്ധിച്ചാണ് മഹീന്ദ്ര എക്‌സ്‌യുവി 300 പഞ്ചനക്ഷത്ര റേറ്റിംഗ് കരസ്ഥമാക്കിയത്. അതേസമയം, കുട്ടികളുടെ സുരക്ഷാ കാര്യത്തില്‍ നാല് നക്ഷത്രങ്ങള്‍ സമ്പാദിക്കാന്‍ നാല് മീറ്ററില്‍ താഴെ നീളം വരുന്ന എസ്‌യുവിക്ക് കഴിഞ്ഞു. ഗ്ലോബല്‍ എന്‍കാപ് ഇടി പരിശോധനയില്‍ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് ഒരു ഇന്ത്യന്‍ കാര്‍ ഇത്ര വലിയ റേറ്റിംഗ് നേടുന്നത് ഇതാദ്യമാണ്.

പതിനേഴില്‍ 16.42 പോയന്റ് നേടിയാണ് മഹീന്ദ്ര എക്‌സ്‌യുവി 300 പഞ്ചനക്ഷത്ര റേറ്റിംഗ് കരസ്ഥമാക്കിയത്. ടാറ്റ ആള്‍ട്രോസ്, ടാറ്റ നെക്‌സോണ്‍ വാഹനങ്ങള്‍ നേടിയിരുന്നത് യഥാക്രമം 16.13 പോയന്റ്, 16.06 പോയന്റ് എന്നിങ്ങനെയാണ്. കുട്ടികളുടെ സുരക്ഷ സംബന്ധിച്ച പോയന്റ് നേട്ടത്തില്‍ ആകെയുള്ള 49 ല്‍ എക്‌സ്‌യുവി 300, നെക്‌സോണ്‍, ആള്‍ട്രോസ് മോഡലുകള്‍ യഥാക്രമം 37.44 പോയന്റ്, 25 പോയന്റ്, 29 പോയന്റ് എന്നിങ്ങനെയാണ് നേടിയത്. കണക്കുകള്‍ ഈ വിധമെങ്കില്‍, കാര്‍ ത്രയത്തില്‍ ഏറ്റവും സുരക്ഷിതം എക്‌സ്‌യുവി 300 ആണെന്ന് പറയേണ്ടി വരും. അതാത് മോഡലുകളുടെ ബേസ് വേരിയന്റുകളാണ് ഗ്ലോബല്‍ എന്‍കാപ് ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയത്.

മുന്നില്‍ രണ്ട് എയര്‍ബാഗുകളാണ് മഹീന്ദ്ര എക്‌സ്‌യുവി 300 എസ്‌യുവിയിലെ സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകള്‍. ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ (ഇഎസ്‌സി), സൈഡ് ഇംപാക്റ്റ് എയര്‍ബാഗുകള്‍ എന്നിവ ഓപ്ഷണലായി ലഭിക്കും.

Comments

comments

Categories: Auto