2020 ല്‍ ഇന്ത്യ എത്രമാത്രം സുരക്ഷിതമായിരിക്കും?

2020 ല്‍ ഇന്ത്യ എത്രമാത്രം സുരക്ഷിതമായിരിക്കും?

അത്യധികം വിശാലമായ വിഷയമായതിനാല്‍, ദേശീയ സുരക്ഷയെ കുറിച്ച് അര്‍ത്ഥവത്തായ എന്തെങ്കിലും നീരീക്ഷണം നടത്തണമെങ്കില്‍ ഏറക്കാലം തുടര്‍ച്ചയായി നിരീക്ഷിക്കേണ്ടതുണ്ട്. എന്നാല്‍ തല്‍സമയം നിലനില്‍ക്കുന്ന വസ്തുതകള്‍ക്ക് വിധേയമായി നിലവിലെ സുരക്ഷാ സാഹചര്യങ്ങളെ പറ്റി അനുമാനിക്കുന്നതില്‍ കുഴപ്പമൊന്നുമില്ല. ഇപ്പോള്‍ രാജ്യത്ത് പ്രകടമാവുന്ന ഉയര്‍ന്ന വോള്‍ട്ടേജിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും.

ബാലാകോട്ട് സര്‍ജിക്കല്‍ സ്‌ട്രൈക്ക്, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, ജമ്മു കശ്മീര്‍ സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി പുനസംഘടിപ്പിച്ചത്, സംയുക്ത കരസേനാ മേധാവിയുടെ നിയമനം തുടങ്ങി ദേശീയ സുരക്ഷയെ സംബന്ധിക്കുന്ന നിരവധി സംഭവവികാസങ്ങള്‍ 2019 ല്‍ ദൃശ്യമായിരുന്നു. രാഷ്ട്രീയത്തിനതീതമായി നയരൂപകര്‍ത്താക്കളുടെ ശ്രദ്ധ പതിയേണ്ട തന്ത്രപരവും സുരക്ഷാപരവുമായ ചില വെല്ലുവിളികളെ അനുമാനിക്കുന്നതിന് ഇവയുടെ പരിശോധന ഉതകും.

ഇന്ത്യയുടെ ബാഹ്യ സുരക്ഷ

ചൈനാ ബന്ധം: 2019 ല്‍ പുതിയ ഉയരങ്ങള്‍ തൊട്ട യുഎസ്-ചൈന വ്യാപാര യുദ്ധം ശമിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. സംഘര്‍ഷം ലഘൂകരിക്കുന്നതിനുതകുന്ന ആദ്യഘട്ട കരാറില്‍ യുഎസും ചൈനയും കഴിഞ്ഞയാഴ്ച ഒപ്പുവെച്ചു. എന്നിരുന്നാലും, സാമ്പത്തിക മല്‍സരം അടക്കമുള്ള തന്ത്രപരമായ കിടമല്‍സരം 2020 ലും തുടരാനാണ് സാധ്യത. ചൈനയെ എതിരാളിയായി യുഎസ് അംഗീകരിക്കുകയും ബെയ്ജിംഗ് അതേ അംഗീകാരം തിരിച്ചും നല്‍കുകയും ചെയ്ത സാഹചര്യത്തില്‍ ഇത്തരം മല്‍സരങ്ങള്‍ വാഷിംഗ്ടണിന്റെ യുദ്ധതന്ത്രത്തിന്റെ ഭാഗമായി മാറിയിട്ടുണ്ടെന്നതാണ് ഇതിന് കാരണം. ഹോങ്കോംഗ് പ്രക്ഷോഭം പോലെയുള്ള ആഭ്യന്തര സമ്മര്‍ദ്ദങ്ങളുടെയും സാമ്പത്തിക, അടിസ്ഥാന സൗകര്യ വികസന മേഖലകളിലെ തിരിച്ചടികളുടെയും പശ്ചാത്തലത്തിലും ചൈന ധൈര്യം പ്രകടിപ്പിക്കുന്നുണ്ട്. റഷ്യയെയും ഇറാനെയും തങ്ങളുടെ പക്ഷത്തേക്ക് ചേര്‍ക്കുന്നതില്‍ വിജയിച്ച ചൈന, പാക്കിസ്ഥാനെ തങ്ങളുടെ കോളനിയാക്കി മാറ്റിക്കൊണ്ടിരിക്കുകയുമാണ്.

തര്‍ക്കങ്ങള്‍ ഇനിയും പരിഹരിക്കാത്ത വിശാലമായ അതിര്‍ത്തികള്‍ ചൈനയുമായി പങ്കിടുന്ന ഇന്ത്യ, സന്തുലിതമായ നയതന്ത്രങ്ങളിലൂടെ ഇത്തരമൊരു തന്ത്രപരമായ സാഹചര്യത്തില്‍ നിന്ന് പരമാവധി നേട്ടങ്ങളുണ്ടാക്കാനുള്ള സ്ഥിതിയിലാണുള്ളത്. 2018 ലെ വുഹാന്‍ അനൗദ്യോഗിക ഉച്ചകോടിയില്‍ ചൈന-ഇന്ത്യ ബന്ധങ്ങളെ പുതിയ തലത്തിലേക്ക് എത്തിക്കുന്ന രീതിയില്‍ രൂപം കൊണ്ട് സകാരാത്മകത, ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ച ന്യൂഡെല്‍ഹിയുടെ ആഭ്യന്തര നടപടിയെ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിലേക്ക് ബെയ്ജിംഗ് വലിച്ചിഴച്ചതോടെ മൂക്കുകുത്തി വീണിട്ടുണ്ട്. പാക് അധീന കശ്മീരിന് മേലുള്ള അവകാശവാദം ഇന്ത്യ ശക്തമാക്കിയതോടെ വുഹാന്‍ സൃഷ്ടിച്ച ഉത്സാഹം കൂടുതല്‍ ശോഷിക്കുന്നത് കണ്ടു. കഴിഞ്ഞവര്‍ഷം മഹാബലിപുരത്ത് നടന്ന മോദി-ഷീ ഉച്ചകോടിയും ഇത് പരിഹരിക്കാന്‍ ഉതകിയില്ല. രണ്ടാമതും ചൈന കശ്മീരുമേന്തി യുഎല്‍ സുരക്ഷാ സമിതിയില്‍ മുട്ടിവിളിക്കുന്നതും നിരാശപ്പെടുന്നതും കാണാനായി. 2020 ലും ഇന്ത്യയും ചൈനയും തമ്മിലുള്ള വിശ്വാസരാഹിത്യത്തില്‍ എന്തെങ്കിലും പുരോഗതി വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. സാമ്പത്തിക രംഗത്ത് വമ്പന്‍ ആഘാതമേല്‍ക്കുകയും ഇന്ത്യയെ യുഎസുമായുള്ള തന്ത്രപരമായ കൂട്ടുകെട്ടില്‍ നിന്ന് പിന്തിരിപ്പിക്കുന്നതാവും ഗുണകരമെന്ന ചിന്തയിലേക്ക് ചൈന എത്തുകയും ചെയ്താലേ എന്തെങ്കിലും മാറ്റത്തിന് സാധ്യതയുള്ളൂ.

ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യയെയും ചൈനയെയും ഒരുപോലെ ബാധിച്ചിരിക്കുന്നതിനാല്‍ അതിര്‍ത്തിയില്‍ കരുതിക്കൂട്ടിയുള്ള പ്രകോപനങ്ങള്‍ക്ക് തുലോം സാധ്യത കാണുന്നില്ല. 2020ല്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സമാധാനവും ശാന്തതയും നിലനില്‍ക്കാനാണ് സാധ്യത. യഥാര്‍ത്ഥ നിയന്ത്രണ രേഖ (എല്‍എസി) വേണ്ടവിധം അടയാളപ്പെടുത്തുകയോ തര്‍ക്കം നിലനില്‍ക്കുകയോ ചെയ്യുന്ന പ്രദേശങ്ങള്‍ക്ക് സമീപം ചൈന വന്‍തോതില്‍ അടിസ്ഥാന സൗകര്യ വികസനത്തിന്റെ പേരില്‍ ചൈന നുഴഞ്ഞുകയറാന്‍ ശ്രമിച്ചാല്‍ സംഘര്‍ഷത്തിന് തീര്‍ച്ചയായും സാധ്യതയുണ്ട്. അഭിപ്രായ ഭിന്നതകള്‍ ഉയരുമ്പോള്‍ ഇന്ത്യയെ ഒന്ന് കുത്തിനോവിക്കാന്‍ ചൈന ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുക പതിവാണെന്നിരിക്കെ ഇടയ്ക്കിടെ ഉരസലുകള്‍ പ്രതീക്ഷിക്കാം. അതിര്‍ത്തിത്തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളൊന്നുമില്ലെന്നതിനാല്‍ ആലങ്കാരിക സ്വഭാവമുള്ള ചില ചര്‍ച്ചകള്‍ മാത്രമേ ഈ വിഷയത്തില്‍ ചൈന തുടര്‍ന്നും നടത്താന്‍ സാധ്യതയുള്ളൂ. അനന്തമായി ഇത്തരം ചര്‍ച്ചകള്‍ നീട്ടിവെക്കാന്‍ തന്നെയാവും അവരുടെ ശ്രമം. തെക്കന്‍ ചൈനാക്കടലിലും കിഴക്കന്‍ കപ്പല്‍പ്പാതയിലുമാവും ചൈനയുടെ ശ്രദ്ധയേറെയും. ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് താല്‍പ്പര്യങ്ങളെ സംരക്ഷിക്കാനായി ഇന്തോ-പസഫിക്കിലെ നാവിക ശക്തിയും മറ്റ് കരുത്തുകളും മെച്ചപ്പെടുത്താനാവും അവര്‍ ശ്രമിക്കുക.

ഇന്ത്യ-ചൈന 22 ാം വട്ട അതിര്‍ത്തി തര്‍ക്കപരിഹാര ചര്‍ച്ചകളിലും കാര്യമായ പുരോഗതിയൊന്നും ദൃശ്യമാവാത്ത സാഹചര്യത്തില്‍ അതിര്‍ത്തി പുനര്‍നിര്‍ണയത്തില്‍ നിര്‍ണായക വഴിത്തിരിവൊന്നും പ്രതീക്ഷിക്കേണ്ട. ദോക്‌ലാം പോലെയുള്ള ഏറ്റുമുട്ടലുകള്‍ ഒഴിവാക്കാന്‍ ഒരു ഉടമ്പടി അത്യാവശ്യമായിരുന്നു. രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെങ്കില്‍ ഇത് തീര്‍ച്ചയായും സുസാധ്യമാണ്. എന്നാല്‍ ചെനയെ സംബന്ധിച്ച് ഇപ്പോഴും ഇതൊരു മുന്‍ഗണനാ വിഷയമായി മാറിയിട്ടില്ല. യുഎസ്-ചൈന കിടമല്‍സരം നീണ്ടുനില്‍ക്കുകയും ചൈന സാമ്പത്തിക മാന്ദ്യ സമ്മര്‍ദ്ദത്തില്‍ തുടരുകയും ചെയ്യുന്നിടത്തോളം അതിര്‍ത്തിയില്‍ ചില സകാരാത്മക നടപടികള്‍ ദൃശ്യമാവാനും ശാന്തത നിലനില്‍ക്കാനും സാധ്യതയുണ്ട്. മറ്റ് നാവിക സേനകളുമായി കൈകോര്‍ത്ത് മുന്നേറുന്ന ഇന്ത്യക്ക്, ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ കാര്യമായ എതിര്‍പ്പുകളൊന്നും നേരിടേണ്ടി വരില്ല. ചൈനീസ് അന്തര്‍വാഹിനികളുടെ രഹസ്യ നിരീക്ഷണ സന്ദര്‍ശനങ്ങളും കടക്കെണിയില്‍ കുരുക്കി ശ്രീലങ്ക പോലെയുള്ള രാജ്യങ്ങളില്‍ ബെയ്്ജിംഗ് പിടിച്ചെടുത്ത തുറമുഖങ്ങളില്‍ കൂടുതല്‍ കപ്പലുകളും മറ്റും നിരക്കുന്നതും പോലെയുള്ള ചില സമ്മര്‍ദ്ദങ്ങള്‍ അവര്‍ ചെലുത്താം.

തെക്കന്‍ ചൈനാക്കടലില്‍ ഇന്ത്യ കപ്പലോട്ട സ്വാതന്ത്ര്യത്തിനും അന്താരാഷ്ട്ര നിയമങ്ങളുടെ സംരക്ഷണത്തിനും വേണ്ടി നിലയുറപ്പിക്കുന്നത് തുടരമെങ്കിലും ഇവിടെയും ചൈനയുമായി നേരിട്ടുള്ള സംഘര്‍ഷത്തിന് സാധ്യത പരിമിതമാണ്. യുഎസും ഇന്ത്യയും ജപ്പാനും ഓസ്‌ട്രേലിയയുമടങ്ങിയ ക്വാഡ് സഖ്യം ഇതുവരെ ചൈനയെ വെല്ലുവിളിക്കാന്‍ പോരുന്ന ഒരു സൈനിക സഖ്യമായി രൂപാന്തരം പ്രാപിച്ചിട്ടില്ലെന്നതാണ് ഇതിന് കാരണം. തെക്കന്‍ ചൈനാക്കടലും തായ്‌വാന്‍ കടലിടുക്കും ഏറ്റുമുട്ടല്‍ വരെ എത്താത്ത സൈനിക മുഖാമുഖങ്ങള്‍ക്കും ശീതയുദ്ധത്തിനും സാക്ഷിയാകാം. യുഎസില്‍ ഇത് തെരഞ്ഞെടുപ്പ് വര്‍ഷമാണെന്നിതിക്കെ വമ്പന്‍ തീരുമാനങ്ങളൊന്നും ക്വാഡില്‍ നിന്നോ വൈറ്റ് ഹൗസില്‍ നിന്നോ പ്രതീക്ഷിക്കേണ്ട.

പാക്കിസ്ഥാന്‍ ബന്ധം: പാക് അധീന കശ്മീരിലൂടെയുള്ള ചൈന പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ (സിപിഇസി) നിര്‍മാണ വേഗം കൂട്ടാനുള്ള ബെയ്ജിംഗിന്റെ തീരുമാനം ഇന്ത്യയുടെ അയല്‍ക്കാരും എതിരാളികളുമായ രണ്ടു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തെ കൂടുതല്‍ ദൃഢമാക്കിയിട്ടുണ്ട്. കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിന്റെയും പ്രധാന ദോഷഫലം ചൈന-പാക് അച്ചുതണ്ട് ശക്തിപ്പെട്ടെന്നതാണ്. ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് ശേഷം കാര്യമായി പറയാനൊന്നുമില്ലാതിരുന്ന ചൈന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍ അവസരമായെടുത്ത് പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചു. പാക്കിസ്ഥാനില്‍ ഭരണകൂടം നട്ടുനടച്ച് വളര്‍ത്തുന്ന ഭീകരതയ്ക്ക് നേരെ ചൈന കണ്ണടയ്ക്കുന്നത് തുടരും. പാക് ഭീകരത, പരോക്ഷമായി ഇന്ത്യയുടെ വളര്‍ച്ചയെ തടയുന്നതും ദക്ഷിണേഷ്യയിലെ ഇന്ത്യയുടെ പിടി അയയ്ക്കുന്നതും അങ്ങനെ തങ്ങള്‍ക്ക് ഗുണം ചെയ്യുന്നതുമാണെന്ന് ചൈന കണക്കാക്കുന്നു. സാമ്പത്തിക പരാധീനതകളുണ്ടെങ്കിലും പാക്കിസ്ഥാനിലെ ഭീകരതാ വ്യവസായവും ഇന്ത്യയോടുള്ള പരോക്ഷ യുദ്ധവും 2020 ലും തുടരുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

മുങ്ങിത്താഴാനൊരുങ്ങുന്ന സമയത്തൊക്കെ തല്‍പ്പര കക്ഷികളായ ഏതെങ്കിലും രാജ്യം പാക്കിസ്ഥാന്റെ കടങ്ങളൊക്കെ എഴുതിത്തള്ളുന്നതും സഹായിക്കുന്നതുമായാണ് കാണുന്നത്. ഇസ്ലാമാബാദിന് ഭീകരതയിലുള്ള നൈപുണ്യവും ഭൂതന്ത്രപരമായ സ്ഥാനവും ഇതിന് കാരണമാണ്. പാക്കിസ്ഥാന്‍ പാലൂട്ടി വളര്‍ത്തുകയും വിവിധ രാജ്യങ്ങളിലെ സൈന്യങ്ങള്‍ ചേര്‍ന്ന് അടിച്ചമര്‍ത്തുകയും ചെയ്ത ഭീകര സംഘടനയായ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ വീണ്ടും അധികാരസ്ഥാനത്തേക്ക് എത്തിയാല്‍ എനിക്ക് അത്ഭുതമൊന്നുമുണ്ടാകില്ല. പാക്കിസ്ഥാനെ മധ്യസ്ഥരായി അംഗീകരിച്ചുകൊണ്ട് താലിബാനുമായി ചര്‍ച്ചകള്‍ നടത്താനും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് സ്വരാജ്യത്തേക്ക് മടങ്ങാനും യുഎസ് തയാറായേക്കാം. ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ക്ക് അങ്ങേയറ്റം വിഘാതമായിരിക്കും ഇത്.

ലഹരി മരുന്ന് വ്യവസായം, മോചനദ്രവ്യം, പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ സഹായം എന്നിവയെല്ലാം ചേരുന്ന സമാന്തര സമ്പദ് വ്യവസ്ഥയുടെയും പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പിന്തുണയുടെ പിന്‍ബലത്തിലാണ് പാക്കിസ്ഥാനിലെ ഭീകരതാ വ്യവസായം തഴച്ചുവളരുന്നത്. അന്താരാഷ്ട്ര നാണയ നിധിയുടെയും ഫിനാന്‍ഷ്യന്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെയും (എഫ്എടിഎഫ്) നടപടികള്‍ ഔദ്യോഗിക സമ്പദ്‌വ്യവസ്ഥക്ക് മേല്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും ഭീകരതയുടെ സമ്പദ്‌വ്യവസ്ഥയെ ഒട്ടും ബാധിച്ചിട്ടില്ല. രണ്ട് മേഖലകളും തമ്മിലുള്ള ബന്ധം അത്ര ശക്തമല്ലാത്തത് തന്നെ കാരണം. 2020 ലും പാക്കിസ്ഥാന്‍ എഫ്എടിഎഫിന്റെ കരിമ്പട്ടികയില്‍ ഇടം പിടിക്കില്ല. അത്തരമൊരു നടപടിയെ എതിര്‍ക്കുന്ന മൂന്ന് രാഷ്ട്രങ്ങളെ അണിനിരത്താനും പ്രമേയത്തെ പരാജയപ്പെടുത്താനും അവര്‍ക്ക് എളുപ്പം സാധിക്കും. എന്നാല്‍ ഭീകര പ്രവര്‍ത്തന ഫണ്ടിംഗില്‍ കുറവ് വരാത്തപക്ഷം നിലവിലെ ഗ്രേ ലിസ്റ്റില്‍ അവര്‍ തുടരും. യുഎന്‍ പ്രഖ്യാപിത ഭീകരവാദികള്‍ മുന്‍കാലങ്ങളിലേത് പോലെ 2020 ലും പാക് മണ്ണില്‍ നിലയുറപ്പിച്ചുകൊണ്ട് ഇന്ത്യയില്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്യും. ജമ്മു കശ്മീരില്‍ പുതിയ തുടക്കത്തിനും സമഗ്ര വികസനത്തിനും ശ്രമിക്കുന്ന ഇന്ത്യയുടെ പദ്ധതികളെ അട്ടിമറിക്കുകയായിരിക്കും 2020 ലെ അവരുടെ പ്രധാന ലക്ഷ്യം.

തുടരും…

(കരസേനയില്‍ നിന്നും വിരമിച്ച ലേഖകന്‍ പ്രതിരോധ തന്ത്ര നിരീക്ഷകനാണ്)

കടപ്പാട്: ഐഎഎന്‍എസ്

Categories: FK Special, Slider