ഊബര്‍ ഈറ്റ്‌സിനെ സ്വന്തമാക്കി സൊമാറ്റോ

ഊബര്‍ ഈറ്റ്‌സിനെ സ്വന്തമാക്കി സൊമാറ്റോ
  • ഇടപാട് മൂല്യം 2,485 കോടി രൂപ; ഊബര്‍ ഈറ്റ്‌സിന് സൊമാറ്റോയില്‍ 10% ഓഹരിയുടമസ്ഥത
  • 50-55% വിഹിതത്തോടെ സ്വിഗ്ഗിയെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് എത്താമെന്ന് കണക്കുകൂട്ടല്‍
  • ശ്രീലങ്കയിലെയും ബംഗ്ലാദേശിലെയും ഊബര്‍ ഈറ്റ്‌സ് ബിസിനസ് തുടരാന്‍ ഊബറിന്റെ തീരുമാനം

ഇന്ത്യയിലെ 550 ല്‍ അധികം നഗരങ്ങളില്‍ മുന്‍നിര ഭക്ഷണ വിതരണ ബിസിനസ് കെട്ടിപ്പടുക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ഈ വിഭാഗത്തിലെ ഞങ്ങളുടെ സഥാനത്തെ കൂടുതല്‍ ശക്തമാക്കുന്നതാണ് ഏറ്റെടുക്കല്‍

-ദീപിന്ദര്‍ ഗോയല്‍, സൊമാറ്റോ സ്ഥാപകന്‍

മുംബൈ: യുഎസ് ബഹുരാഷ്ട്ര കാബ് സേവന കമ്പനിയായ ഊബറിന്റെ ഇന്ത്യയിലെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ബിസിനസായ ഊബര്‍ ഈറ്റ്‌സിനെ സൊമാറ്റോ ഏറ്റെടുത്തു. ഏകദേശം 2,485 കോടി രൂപയ്ക്കാണ് ഏറ്റെടുക്കല്‍ നടന്നത്. അതിശക്തമായ മല്‍സരം നടക്കുന്ന ഇന്ത്യന്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ മേഖലയില്‍ ഒന്നാം സ്ഥാനവും കൂടുതല്‍ വിപണി വിഹിതവും ലക്ഷ്യമിട്ടാണ് 2010 ല്‍ പ്രവര്‍ത്തനമാരംഭിച്ച സൊമാറ്റോയുടെ വമ്പന്‍ നീക്കം. പുലര്‍ച്ചെ മൂന്ന് മണിക്കാണ് കരാര്‍ യാഥാര്‍ഥ്യമായത്. ബിസിനസ് മേഖല ഇന്നലെ ഉണര്‍ന്നത് സൊമാറ്റോയുടെ ഏറ്റെടുപ്പ് വാര്‍ത്ത കേട്ടുകൊണ്ടാണ്. ഏകദേശം ഒരു വര്‍ഷത്തോളം നീണ്ടുനിന്ന ചര്‍ച്ചകളാണ് ഇതോടെ യാഥാര്‍ഥ്യമായത്. ഊബര്‍ ഈറ്റ്‌സിന്റെ മുഴുവന്‍ ഓഹരിയും സൊമാറ്റോയ്ക്ക് കൈമാറുകയാണ് ചെയ്തത്. ഇടപാടിന് ശേഷം ഊബറിന് സൊമാറ്റോയില്‍ 9.99% ഓഹരിയുണ്ടാകും. ഇപ്പോള്‍ ഊബറിനോടൊപ്പമുളള റെസ്റ്റോറന്റുകള്‍, ഡെലിവെറി പങ്കാളികള്‍, ഉപഭോക്താക്കള്‍ എന്നിവര്‍ സൊമാറ്റോ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കപ്പെടും.

ശക്തമായ മല്‍സരവും വലിയ മൂലധന ചെലവും അതിവേഗ വളര്‍ച്ചയും മൂലം അത്യാകര്‍ഷകമായ ഇന്ത്യയിലെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറി മേഖലയില്‍ നടക്കുന്ന ഏറ്റവും വലിയ ലയനമാണ് ഇത്. നിലവില്‍ സ്വിഗ്ഗിയും സൊമാറ്റോയും തമ്മിലാണ് പ്രധാന മല്‍സരം. നിലവില്‍ പ്രതിമാസം ശരാശരി 14 ലക്ഷം ഓര്‍ഡറുകള്‍ നേടുന്ന സ്വിഗ്ഗിയാണ് അല്‍പ്പം മുന്നിലുള്ളത്. സൊമാറ്റോയ്ക്ക് 12 ലക്ഷം ഓര്‍ഡറുകളും ഊബര്‍ ഈറ്റ്‌സിന് 4 ലക്ഷം ഓര്‍ഡറുകളാണ് പ്രതിമാസം ലഭിക്കുന്ന്. ഏറ്റെടുക്കലോടെ ഓര്‍ഡറുകളുടെ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 50-55% വിപണി പങ്കാളിത്തവുമായി സൊമാറ്റോ മുന്നിലെത്തുമെന്നാണ് വിലയിരുത്തല്‍. കടുത്ത മല്‍സരത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഊബര്‍ ഈറ്റ്‌സിന് 12% വിപണി വിഹിതം മാത്രമേ ഇന്ത്യയിലുള്ളൂ. പ്രതിമാസം രണ്ട് കോടി ഡോളറോളം നഷ്ടമുണ്ടാക്കിയിരുന്ന ഈറ്റ്‌സിന് പക്ഷേ, കേരളം, കര്‍ണാടക, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ 30% ല്‍ ഏറെ വിപണി വിഹിതമുണ്ട്. പൊതുവെ ദുര്‍ബലമായ ഈ മേഖലകളില്‍ സൊമാറ്റോയ്ക്ക് ലയനം ഗുണം ചെയ്യും.

നിക്ഷേപ സമാഹരണത്തിനും ലയനം കമ്പനിയെ സഹായിച്ചേക്കും. നിലവിലെ മൂന്ന് ബില്യണ്‍ ഡോളറില്‍ നിന്ന് മൂല്യം ഉയരുന്നതോടെ അധിക നിക്ഷേപ സമാഹരണം സാധ്യമാകും. ചൈനീസ് ഇ-കൊമേഴ്‌സ് വമ്പനായ ആലിബാബയുടെ ഉടമസ്ഥതയിലുള്ള ആന്റ് ഫിനാന്‍ഷ്യല്‍ അടുത്തിടെ 150 ദശലക്ഷം ഡോളര്‍ സൊമാറ്റോയില്‍ നിക്ഷേപിച്ചിരുന്നു. ഊബര്‍ ഈറ്റ്‌സിനെ ഏറ്റെടുക്കാന്‍ സൊമാറ്റോയ്ക്ക് ബലമായത് ഈ നിക്ഷേപമാണ്. സൊമാറ്റോയില്‍ 100-200 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കാനുള്ള ചര്‍ച്ചകള്‍ ഊബറും നടത്തുന്നുണ്ട്. ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചെങ്കിലും ശ്രീലങ്കയിലെയും ബംഗ്ലാദേശിലെയും ഊബര്‍ ഈറ്റ്‌സ് ബിസിനസ് തുടരാനാണ് ഊബറിന്റെ തീരുമാനം. ഇന്ത്യയില്‍ കാബ് സേവന ബിസിനസില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു.

ഡിസംബറിലെ ഓര്‍ഡര്‍

കമ്പനി എണ്ണം ശരാശരി ഓര്‍ഡര്‍ മൂല്യം

സ്വിഗ്ഗി 14 ലക്ഷം 272 രൂപ

സൊമാറ്റോ 12 ലക്ഷം 285 രൂപ

ഊബര്‍ ഈറ്റ്‌സ് 4 ലക്ഷം 170 രൂപ

Categories: FK News, Slider