നീതികരവും സന്തുലിതലുമായ വ്യാപാര ഉടമ്പടികള്‍ക്കാണ് ഇന്ത്യ ശ്രമിക്കുന്നത്: പിയുഷ് ഗോയല്‍

നീതികരവും സന്തുലിതലുമായ വ്യാപാര ഉടമ്പടികള്‍ക്കാണ് ഇന്ത്യ ശ്രമിക്കുന്നത്: പിയുഷ് ഗോയല്‍

വാണിജ്യ ബന്ധങ്ങളില്‍ നയതന്ത്രത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനം എടുക്കാനാകില്ല

ദാവോസ്: വിവിധ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം കൂടുതല്‍ നിഷ്പക്ഷവും നീതികരവുമാക്കുന്നതിനുള്ള വഴികള്‍ ഇന്ത്യ തേടുന്നുണ്ടെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍. ലോക സാമ്പത്തിക ഫോറത്തിന്റെ (ഡബ്ല്യുഇഎഫ്) വാര്‍ഷിക ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ വന്‍ വളര്‍ച്ചാ സാധ്യതകള്‍ സാക്ഷാത്കരിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിന്റെ സുപ്രധാന പ്രശ്‌നം പരിഹരിക്കുന്നതിനും വിവിധ രാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ സഹകരണം വേണമെന്നും ഗോയര്‍ ആവശ്യപ്പെട്ടു.

ആര്‍സിഇപി നിലവിലെ രൂപത്തില്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത കരാറായാണ് ഇന്ത്യ കണക്കാക്കുന്നത്. ഒരു വ്യാപാര കരാറില്‍ നിരവധി ഘടകങ്ങള്‍ കണക്കിലെടുക്കേണ്ടതുണ്ട്. ‘വന്‍ വ്യാപാരക്കമ്മിയാണ് ഇന്ത്യക്കുള്ളത്, പ്രത്യേകിച്ച് ചൈനയുമായും മേഖലയിലെ മറ്റ് പല രാജ്യങ്ങളുമായും,’ ഗോയല്‍ ചൂണ്ടിക്കാട്ടി. വാണിജ്യ ബന്ധങ്ങളില്‍ നയതന്ത്രത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനം എടുക്കാനാകില്ലെന്ന് ഇന്ത്യ ആദ്യമായി തെളിയിച്ചുവെന്നും ആര്‍സിഇപിയില്‍ നിന്ന് പിന്മാറാനുള്ള ഇന്ത്യയുടെ തീരുമാനത്തെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ മഹാസമുദ്ര മേഖലയുടെ മുന്നേറ്റത്തെ കുറിച്ചുള്ള തന്ത്രപ്രധാനമായ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കവെയാണ് ഗോയല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ലോകത്തിലെ എണ്ണക്കയറ്റുമതിയുടെ മൂന്നില്‍ രണ്ട് ഭാഗം കടന്നുപോകുന്നത് ഈ മേഖലയിലൂടെയാണ്. കണ്ടെയ്‌നര്‍ കപ്പലുകളുടെ പകുതിയും ഇന്ത്യന്‍ മഹാസമുദ്രത്തിലാണ്. ഈ മേഖലയിലെ രാഷ്ട്രങ്ങളുടെ സഹകരണം ആഗോള തലത്തില്‍ നിര്‍ണായകമാണെന്ന് ഗോയല്‍ ചൂണ്ടിക്കാട്ടി. സമുദ്ര സമ്പദ് വ്യവസ്ഥയുടെ വിപുലീകരണത്തെ കുറിച്ചും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ സംസാരിച്ചു.

കാര്‍ബണ്‍ പുറംതള്ളലില്‍ പകുതിയോളം പങ്കുവഹിക്കുന്ന പാശ്ചാത്യ രാഷ്ട്രങ്ങള്‍ ഇതു കുറയ്ക്കുന്നതിന് മതിയായ ശ്രമങ്ങള്‍ കൈക്കൊള്ളുന്നില്ലെന്നും ഫോസില്‍ ഇന്ധനങ്ങളുടെ കാര്യത്തില്‍ ഉത്തരവാദിത്തപൂര്‍ണമായ സമീപനം ഇന്ത്യ കൈക്കൊള്ളുന്നുണ്ടെന്നും ഗോയര്‍ പറഞ്ഞു.

Comments

comments

Categories: FK News