സൗദി അറേബ്യയിലെ എഫ്ഡിഐ പത്ത് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍

സൗദി അറേബ്യയിലെ എഫ്ഡിഐ പത്ത് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍

2019ലെ ആദ്യ ഒമ്പതുമാസങ്ങളില്‍ രാജ്യത്തെ എഫ്ഡിഐ 3.50 ബില്യണ്‍ ഡോളറായി ഉയര്‍ന്നു

റിയാദ്: മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സൗദി അറേബ്യയിലെ നേരിട്ടുള്ള വിദേശനിക്ഷേപത്തില്‍ (എഫ്ഡിഐ) 10 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായതായി സൗദിയിലെ വിദേശ നിക്ഷേപ പ്രോത്സാഹന സമിതിയായ ഇന്‍വെസ്റ്റ് സൗദി. 2018ലെ ആദ്യ ഒമ്പതുമാസങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ എഫ്ഡിഐ 3.18 ബില്യണ്‍ ഡോളറില്‍ നിന്നും 3.50 ബില്യണ്‍ ഡോളറായി ഉയര്‍ന്നതായി സൗദി അറേബ്യന്‍ ധനകാര്യ അതോറിറ്റിയുടെ (സമ) കണക്കുകള്‍ ഉദ്ധരിച്ച് ഇന്‍വെസ്റ്റ് സൗദി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന എഫ്ഡിഐ ആണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജ്യത്ത് പ്രവര്‍ത്തനമാരംഭിക്കുന്ന വിദേശകമ്പനികളുടെ എണ്ണത്തിലും 54 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്.1,130 വിദേശകമ്പനികളാണ് കഴിഞ്ഞ വര്‍ഷം സൗദിയില്‍ പ്രവര്‍ത്തനമാരംഭിച്ചത്.

വിഷന്‍ 2030 പദ്ധതി പ്രകാരം എണ്ണയിലുള്ള ആശ്രതിത്വം കുറച്ച് സമ്പദ് വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാന്‍ പദ്ധതിയിടുന്ന സൗദി രാജ്യത്തെ നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി കൂടുതല്‍ മത്സരാത്മകമായ നിക്ഷേപാന്തരീക്ഷം ലക്ഷ്യമിട്ടുകൊണ്ട് സൗദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി (സാഗിയ) കഴിഞ്ഞ വര്‍ഷം ഏഴ് പ്രമാണങ്ങള്‍ അവതരിപ്പിച്ചിരുന്നു. സൗദി നിക്ഷേപകനും വിദേശ നിക്ഷേപകനുമിടയില്‍ തുല്യത ഉറപ്പുവരുത്തുക, നിക്ഷേപങ്ങള്‍ക്ക് നിയമപരിരക്ഷ നല്‍കുക, നിക്ഷേപകരുടെ പരാതികള്‍ പരിഗണിക്കുമ്പോള്‍ സുതാര്യതയും സ്ഥിരതയും ഉറപ്പാക്കുക, നിക്ഷേപകാനുകൂല്യങ്ങളില്‍ തുല്യത കൊണ്ടുവരിക, നിക്ഷേപത്തിനായുള്ള യോഗ്യതകളില്‍ വേര്‍തിരിവ് കാണിക്കാതിരിക്കുക എന്നിവയാണ് അവ.

Comments

comments

Categories: Arabia
Tags: FDI, Saudi Arabia