വരവറിയിച്ച് മാരുതി സുസുകി ഫ്യൂച്ചറോ-ഇ

വരവറിയിച്ച് മാരുതി സുസുകി ഫ്യൂച്ചറോ-ഇ

പുതിയ വാഹന ആശയത്തിന്റെ ആദ്യ രേഖാചിത്രം പുറത്തുവിട്ടു

ന്യൂഡെല്‍ഹി: മാരുതി സുസുകിയുടെ പുതിയ വാഹന ആശയമായ ‘ഫ്യൂച്ചറോ-ഇ’യുടെ ആദ്യ രേഖാചിത്രം പുറത്തുവിട്ടു. ഡിസൈന്‍ സ്റ്റഡി എന്നാണ് പുതിയ കണ്‍സെപ്റ്റിനെ മാരുതി സുസുകി വിശേഷിപ്പിക്കുന്നത്. വാഹനത്തിന്റെ ഛായാരൂപം മാത്രമാണ് രേഖാചിത്രത്തില്‍നിന്ന് മനസ്സിലാകുന്നത്. കൂപ്പെ എസ്‌യുവി ഗണത്തില്‍പ്പെടുന്നതാണ് മാരുതി സുസുകി ഫ്യൂച്ചറോ-ഇ. മാരുതി സുസുകിയില്‍നിന്നുള്ള ആദ്യ കൂപ്പെ സ്റ്റൈല്‍ എസ്‌യുവി ഡിസൈന്‍. ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ ഫ്യൂച്ചറോ-ഇ കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിക്കും.

ഇലക്ട്രിക് മൊബിലിറ്റി സംബന്ധിച്ച തങ്ങളുടെ ദര്‍ശനമാണ് ഫ്യൂച്ചറോ-ഇ എന്ന് മാരുതി സുസുകി ഇന്ത്യ സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ (എന്‍ജിനീയറിംഗ്) സിവി രാമന്‍ പറഞ്ഞു. ഇതുവരെ ചെയ്യാത്ത ഒന്ന് സൃഷ്ടിക്കുന്നതിന് ഡിസൈനര്‍മാര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുകയായിരുന്നു. കൂപ്പെകളില്‍ കാണുന്നതുപോലെ ചെരിഞ്ഞ റൂഫ്‌ലൈന്‍ ഉണ്ടാകുമെങ്കിലും പുതിയ വാഹനം എസ്‌യുവി തന്നെ ആയിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതായത് ഉയര്‍ന്ന ബോണറ്റ്, ആത്മവിശ്വാസമുള്ള ധീരമായ മുഖം എന്നിവ നല്‍കും. മാരുതിയുടെ പുതിയ ഡിസൈന്‍ ഭാഷ പുതിയ വാഹനത്തില്‍ കാണാന്‍ കഴിയും. ഫൂച്ചറോ-ഇ കണ്‍സെപ്റ്റിലൂടെ സാമ്പ്രദായിക ഡിസൈന്‍ ഭാഷയില്‍നിന്ന് മാരുതി സുസുകി വ്യതിചലിക്കുകയാണെന്ന് സിവി രാമന്‍ പറഞ്ഞു. പൂര്‍ണമായും പുതിയ മോഡല്‍ വിപണിയിലെത്തിക്കാനാണ് ശ്രമിക്കുന്നത്.

ഫ്യൂച്ചറോ-ഇ നിര്‍മിക്കുമ്പോള്‍ ഇലക്ട്രിക് പവര്‍ട്രെയ്ന്‍ കൂടാതെ പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനും നല്‍കിയേക്കും. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ മാരുതി സുസുകി ഡീസല്‍ കാറുകള്‍ അവസാനിപ്പിക്കും. എന്നാല്‍ ഫ്യൂച്ചറോ-ഇ പുറത്തിറക്കുമ്പോള്‍ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ തിരികെ കൊണ്ടുവരാന്‍ ഒരുപക്ഷേ മാരുതി സുസുകി തീരുമാനിച്ചേക്കും. ബിഎസ് 6 കാലത്തും മിക്ക മിഡ്‌സൈസ് എസ്‌യുവികളിലും ഡീസല്‍ എന്‍ജിന്‍ ഓപ്ഷന്‍ കാണാനാകും. ഇതാണ് ഇത്തരമൊരു നിരീക്ഷണത്തിന്റെ അടിസ്ഥാനം.

Comments

comments

Categories: Auto