കെടിഎം 390 അഡ്വഞ്ചര്‍ വിപണിയില്‍ !

കെടിഎം 390 അഡ്വഞ്ചര്‍ വിപണിയില്‍ !

ഡെല്‍ഹി എക്‌സ് ഷോറൂം വില 2.99 ലക്ഷം രൂപ

ന്യൂഡെല്‍ഹി: കെടിഎം 390 അഡ്വഞ്ചര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2.99 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. നേക്കഡ് സഹോദരനായ 390 ഡ്യൂക്കിനേക്കാള്‍ 51,000 രൂപ കൂടുതല്‍. ബുക്കിംഗ് നേരത്തെ ആരംഭിച്ചിരുന്നു. വൈകാതെ ഡെലിവറി തുടങ്ങും. കെടിഎമ്മിന്റെ ആദ്യ ബിഎസ് 6 മോട്ടോര്‍സൈക്കിളാണ് 390 അഡ്വഞ്ചര്‍.

നവംബറില്‍ നടന്ന 2019 ഐക്മയിലാണ് (മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോ) കെടിഎം 390 അഡ്വഞ്ചര്‍ ആദ്യമായി അനാവരണം ചെയ്തത്. ഇന്ത്യാ സ്‌പെക് 390 അഡ്വഞ്ചര്‍ ഡിസംബറില്‍ നടന്ന ഇന്ത്യാ ബൈക്ക് വീക്കില്‍ പ്രദര്‍ശിപ്പിച്ചു. ഗ്ലോബല്‍ സ്‌പെക് മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെത്തിയ മോട്ടോര്‍സൈക്കിളില്‍ ചില മാറ്റങ്ങള്‍ കാണാം.

മുന്നില്‍ 19 ഇഞ്ച് ചക്രവും പിന്നില്‍ 17 ഇഞ്ച് ചക്രവുമാണ് കെടിഎം 390 അഡ്വഞ്ചര്‍ ഉപയോഗിക്കുന്നത്. മെറ്റ്‌സെലര്‍ ടൂറന്‍സ് ടയറുകള്‍ നല്‍കി. മുന്നില്‍ 100/90. പിന്നില്‍ 130/80. മുന്നില്‍ 43 എംഎം യുഎസ്ഡി ഫോര്‍ക്കുകളാണ് സസ്‌പെന്‍ഷന്‍ നിര്‍വഹിക്കുന്നത്. രാജ്യാന്തരതലത്തില്‍ വില്‍ക്കുന്ന മോട്ടോര്‍സൈക്കിളില്‍ കംപ്രഷന്‍, റീബൗണ്ട് എന്നിവ ക്രമീകരിക്കാന്‍ കഴിയും. എന്നാല്‍ ഇന്ത്യയില്‍ സാധ്യമല്ല. അതേസമയം, പിറകില്‍ നല്‍കിയിരിക്കുന്ന മോണോഷോക്കില്‍ പ്രീ-ലോഡ്, റീബൗണ്ട് എന്നിവ ക്രമീകരിക്കാം. 390 ഡ്യൂക്കില്‍ 142 എംഎം, 150 എംഎം എന്നിങ്ങനെയാണ് മുന്നിലും പിന്നിലും സസ്‌പെന്‍ഷന്‍ ട്രാവല്‍ ചെയ്യുന്നതെങ്കില്‍ 390 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളില്‍ 170 എംഎം, 177 എംഎം എന്നിങ്ങനെയാണ്. സ്വിച്ച് ചെയ്യാന്‍ കഴിയുന്ന ട്രാക്ഷന്‍ കണ്‍ട്രോള്‍, ബൈ-ഡയറക്ഷണല്‍ ക്വിക്ക്ഷിഫ്റ്റര്‍ എന്നിവ സ്റ്റാന്‍ഡേഡായി നല്‍കിയിരിക്കുന്നു.

മറ്റെല്ലാ കാര്യങ്ങളും ഗ്ലോബല്‍-സ്‌പെക് മോഡലില്‍ കാണുന്നതു തന്നെയാണ്. 390 ഡ്യൂക്ക് ഉപയോഗിക്കുന്ന 373.2 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് കരുത്തേകുന്നത്. എന്നാല്‍ ബിഎസ് 6 പാലിക്കുന്നു. ഈ മോട്ടോര്‍ 9,000 ആര്‍പിഎമ്മില്‍ 44 എച്ച്പി കരുത്തും 7,000 ആര്‍പിഎമ്മില്‍ 37 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ബിഎംഡബ്ല്യു ജി 310 ജിഎസ്, കാവസാക്കി വേഴ്‌സിസ് എക്‌സ് 300 എന്നിവയാണ് എതിരാളികള്‍. ഈ രണ്ട് മോഡലുകളേക്കാളും കെടിഎം 390 അഡ്വഞ്ചറിന് വില വളരെ കുറവാണ്.

Comments

comments

Categories: Auto