കശ്മീര്‍: പാക്കിസ്ഥാനുമുന്നില്‍ വഴികള്‍ പരിമിതമെന്ന് റിപ്പോര്‍ട്ട്

കശ്മീര്‍: പാക്കിസ്ഥാനുമുന്നില്‍ വഴികള്‍ പരിമിതമെന്ന് റിപ്പോര്‍ട്ട്

സൈനിക നടപടിയിലൂടെ സ്ഥിതിഗതി മാറ്റാനാവില്ല; ആശ്രയം നയതന്ത്രം മാത്രം

വാഷിംഗ്ടണ്‍: ജമ്മു കശ്മീരില്‍ ഇന്ത്യ നടപ്പാക്കിയ വിവിധ പരിഷ്‌ക്കാരങ്ങളോട് പ്രതികരിക്കാന്‍ പാക്കിസ്ഥാന്‍ നേതൃത്വത്തിന് വളരെ പരിമിതമായ വഴികള്‍ മാത്രമാണ് ഉള്ളതെന്ന് റിപ്പോര്‍ട്ട്. ഇസ്ലാമബാദിന് ഭീകരവാദഗ്രൂപ്പുകളെ രഹസ്യമായി പിന്തുണച്ചതിന്റെ നീണ്ട ചരിത്രം കണക്കിലെടുക്കുമ്പോള്‍ ഈ വിഷയത്തില്‍ വിശ്വാസ്യത കുറവാണെന്ന് യുഎസ് കോണ്‍ഗ്രഷണല്‍ റിപ്പോര്‍ട്ടിലാണ് വ്യക്തമാക്കുന്നത്. സൈനിക നടപടികളിലൂടെ സ്ഥിതിഗതികള്‍ മാറ്റാനുള്ള പാക്കിസ്ഥാന്റെ കഴിവ് അടുത്ത കാലത്തായി കുറഞ്ഞുവെന്നും ഇസ്ലാമാബാദ് പ്രാഥമികമായി നയതന്ത്രത്തെ ആശ്രയിക്കേണ്ടതുണ്ടെന്നും ആറ് മാസത്തിനുള്ളില്‍ കശ്മീരിനെക്കുറിച്ചുള്ള രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് റിസര്‍ച്ച് സര്‍വീസ് (സിആര്‍എസ്) പറയുന്നു. യുഎസ് കോണ്‍ഗ്രസിന്റെ സ്വതന്ത്ര ഗവേഷണ വിഭാഗമാണ് സിആര്‍എസ്. അത് യുഎസ് നിയമനിര്‍മാതാക്കള്‍ക്ക് താല്‍പ്പര്യമുള്ള വിഷയങ്ങളില്‍ ആനുകാലിക റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നു. അതിനാല്‍ അവര്‍ക്ക് കോണ്‍ഗ്രസിനുള്ളില്‍ തീരുമാനമെടുക്കാന്‍ കഴിയും.

ഈ മാസം 13ലെ റിപ്പോര്‍ട്ടില്‍ സിആര്‍എസ്, ഓഗസ്റ്റ് 5 ന് ശേഷം പാക്കിസ്ഥാന്‍ ”നയതന്ത്രപരമായി ഒറ്റപ്പെട്ടു” എന്ന് പറയുന്നു. ഇസ്ലാമാബാദിന്റെ നിലപാടിന് ഉറച്ചതും വ്യക്തവുമായ പിന്തുണ നല്‍കുന്ന ഏക രാജ്യം ചൈനകഴിഞ്ഞാല്‍ തുര്‍ക്കി മാത്രമാണ്. കഴിഞ്ഞ ഓഗസ്റ്റ് 5 ന് ന്യൂഡെല്‍ഹി ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിരുന്നു.ഈ വിഷയത്തില്‍ ഇന്ത്യയ്ക്കെതിരെ അന്താരാഷ്ട്ര പിന്തുണ ശേഖരിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നു. എന്നാല്‍, ഈ നീക്കം തികച്ചും ആഭ്യന്തര കാര്യമാണ് എന്നാണ് ഇന്ത്യ വിലയിരുത്തുന്നത്.പാക്കിസ്ഥാന്‍ സുരക്ഷാ സമിതി സമ്മേളനത്തിന് ആഹ്വാനം ചെയ്തുവെന്നും ചൈനയുടെ പിന്തുണയോടെ കശ്മീരിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കൗണ്‍സില്‍ ഓഗസ്റ്റ് 16 ന് യോഗം ചേര്‍ന്നുവെന്നും 25 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

പല വിശകലന വിദഗ്ധരും ഇസ്ലാമാബാദിന് കശ്മീര്‍ വിഷയത്തില്‍ വിശ്വാസ്യത കുറവാണെന്ന് കരുതുന്നു. അവിടെ തീവ്രവാദ ഗ്രൂപ്പുകളെ രഹസ്യമായി പിന്തുണയ്ക്കുന്നതിന്റെ നീണ്ട ചരിത്രം ആണ് അവര്‍ക്കുള്ളത്. പാക്കിസ്ഥാന്‍ പ്രഥമികമായി നയതന്ത്രത്തെ ആശ്രയിക്കുകയാണ് വേണ്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പാക്കിസ്ഥാനും അതിന്റെ പ്രാഥമിക സഖ്യകക്ഷിയായ ചൈനയും മനുഷ്യാവകാശ പ്രശ്നങ്ങളില്‍ അന്തര്‍ദ്ദേശീയരംഗത്ത് പരിമിതമായവിശ്വാസ്യത മാത്രമാണുള്ളത്. കാശ്മീര്‍ സംബന്ധിച്ച് ഇന്ത്യനടപ്പാക്കിയ നയങ്ങളും വിവാദമായ പൗരത്വനിയമ ഭേദഗതിയും ഇന്ത്യയുടെ സല്‍പ്പേരിന് ദോഷം വരുത്തുമെന്നാണ് പാക്കിസ്ഥാന്‍ പ്രതീക്ഷിക്കുന്നത്. ഒരുപക്ഷേ അറബ് രാജ്യങ്ങളായ സൗദി അറേബ്യ, യുഎഇ എന്നിവയുമായുള്ള ബന്ധങ്ങളില്‍ അത് ഇടിവുണ്ടാക്കുകയും ചെയ്യുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ടിലുണ്ട്.കശ്മീര്‍ പ്രശ്‌നം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെടണം എന്നതാണ് അമേരിക്കയുടെ ദീര്‍ഘകാല നിലപാട് എന്നും സിആര്‍എസ് റിപ്പോര്‍ട്ടു പറയുന്നു.

Comments

comments

Categories: FK News
Tags: Kashmir