ആഗോള വിപണി ലക്ഷ്യമിട്ട് ആപ്പിളിന്റെ ചെലവ് കുറഞ്ഞ ഐഫോണ്‍

ആഗോള വിപണി ലക്ഷ്യമിട്ട് ആപ്പിളിന്റെ ചെലവ് കുറഞ്ഞ ഐഫോണ്‍
  •  5ജി ഹാന്‍ഡ്‌സെറ്റുകള്‍ ഈ വര്‍ഷം അവസാനത്തോടെ എത്തും
  • ഐഫോണ്‍ 8ന്റെ സമാന രൂപമാകും പുതിയ ഫോണിന്

ന്യൂഡെല്‍ഹി: ആഗോള വിപണി പിടിച്ചടക്കാന്‍ ലക്ഷ്യമിട്ട് ആപ്പിളിന്റെ ചെലവ് കുറഞ്ഞ ഐഫോണ്‍ ഉടനെത്തും. അടുത്ത മാസം മുതല്‍ ചെലവ് കുറഞ്ഞ ഐഫോണിന്റെ ഉല്‍പ്പാദനം വന്‍തോതില്‍ വര്‍ധിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കുന്നു. ഈ വര്‍ഷം അവസാനത്തോടെ 5ജി ഹാന്‍ഡ്‌സെറ്റുകള്‍ വിപണിയില്‍ എത്തിക്കുന്നതിന് മുമ്പായി ഐഫോണ്‍ പുറത്തിറക്കാനാണ് നീക്കം.

കാലിഫോര്‍ണിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്യുപ്പര്‍ട്ടിനോ എന്ന കമ്പനി മാര്‍ച്ചിനു മുമ്പായി ഫോണ്‍ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. പുതിയ ഹാന്ഡ്‌സെറ്റിന്റെ അസംബ്ലിംഗ് ജോലികള്‍ ഹോന്‍ ഹായ് പ്രിസിഷന്‍ ഇന്‍ഡസ്ട്രി, പെഗട്രോണ്‍ കോര്‍പ്പ്, വിസ്‌ട്രോണ്‍ കോര്‍പ്പ് എന്നിവര്‍ക്കായി നല്‍കിയിട്ടുണ്ടെന്നും സൂചിപ്പിക്കപ്പെടുന്നു. ഐഫോണ്‍ നിരയില്‍ പുറത്തിറങ്ങുന്ന ഏറ്റവും വില കുറഞ്ഞ ഫോണായിരിക്കും ഇത്. 2017ല്‍ പുറത്തിറങ്ങിയ ഐഫോണ്‍ 8ന്റെ സമാന രൂപത്തോടു കൂടിയ 4.7 ഇഞ്ച് സ്‌ക്രീന്‍ വലുപ്പമാകും പുതിയ ഐഫോണിലുണ്ടാകുക. ഇപ്പോഴും വിപണിയില്‍ ലഭ്യമായ ഐഫോണ്‍ 8ന് 449 ഡോളറാണ് വില. എന്നാല്‍ 2016ല്‍ ആപ്പിള്‍ ഈ ഐഫോണ്‍ പുറത്തിറക്കിയപ്പോഴുള്ള വില 399 ഡോളറായിരുന്നു.

പുതിയ ഐഫോണില്‍ ടച്ച് ഐഡി സൗകര്യമാകും ലഭ്യമാക്കുക. അത്യാധുനിക ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ലഭ്യമായ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ സാങ്കേതികവിദ്യയ്ക്ക് പകരം ആപ്പിള്‍ ടെക്‌നോളജിയാകും ഒരുക്കുക. ആപ്പിളിന്റെ ഫേസ് ബയോമെട്രിക് രീതി ഉണ്ടാകില്ല. എന്നാല്‍ ആപ്പിളിന്റെ നിലവിലെ പ്രമുഖ ഉല്‍പ്പന്നമായ ഐഫോണ്‍ 11 ലെ സമാന പ്രോസസര്‍ പുതിയ ഫോണിലുമുണ്ടാകും. ആപ്പിളിന്റെ ഐഫോണ്‍11 ന് വിപണിയില്‍ വന്‍ ഡിമാന്‍ഡ് നേടാന്‍ കഴിഞ്ഞിരുന്നു. ഇത് കണക്കിലെടുത്ത് തായ്‌വാനിലെ സെമികണ്ടക്ടര്‍ നിര്‍മാണ കമ്പനിയോട് കൂടുതല്‍ ചിപ്പുകള്‍ ഈ പാദത്തില്‍ നിര്‍മിക്കാനും ആപ്പിള്‍ നിര്‍ദേശിച്ചിരുന്നു. അതിവേഗ പ്രോസസറുകളും പുതിയ ത്രി ഡി ബാക്ക് കാമറ ഉള്‍പ്പെടെ 5ജിയില്‍ ഹൈ എന്‍ഡ് ഐഫോണുകള്‍ ഈ വര്‍ഷം അവസാനത്തോടെ പുറത്തിറക്കാനും ആപ്പിള്‍ ലക്ഷ്യമിടുന്നതായി ബ്ലുംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ അതിവേഗം വളരുന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ചെലവ് കുറഞ്ഞ ഐഫോണ്‍ പുറത്തിറക്കുന്നത് എല്ലാതരത്തിലും ആപ്പിളിന് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

Comments

comments

Categories: FK News
Tags: Iphone