തന്ത്രപരമായ പങ്കാളിത്തവും ഒരു ഇന്ത്യാ-ഫ്രഞ്ച് മാതൃകയും

തന്ത്രപരമായ പങ്കാളിത്തവും ഒരു ഇന്ത്യാ-ഫ്രഞ്ച് മാതൃകയും

ഇരു രാജ്യങ്ങളും വിശ്വസനീയമായ സഹകരണം ഉറപ്പാക്കുന്നതിനു പിന്നിലെ വസ്തുതകള്‍

ശീതയുദ്ധത്തിനുശേഷം ആഗോളതലത്തില്‍ ഒരു പുതിയ ലോകക്രമം രൂപപ്പെട്ടിരുന്നു. ഇൗ കാലത്താണ് ഇന്ത്യ നിരവധി രാജ്യങ്ങളുമായി തന്ത്രപരമായ പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നത്. തുടര്‍ന്ന് 35 ലധികം രാജ്യങ്ങളുമായാണ് ഇന്ത്യ ധാരണയിലെത്തി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്. ഇവിടെ എടുത്തുപറയേണ്ടത് ഫ്രാന്‍സുമായുള്ള സഹകരണത്തില്‍ പുതിയ അധ്യായം തുറന്നതാണ്.  1998 ജനുവരിയില്‍ ഫ്രഞ്ച് പ്രസിഡന്റ് ജാക്ക് ഷിറാക്കിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍  ഒപ്പുവച്ച കരാറാണ് പ്രധാനപ്പെട്ടത്. ആഗോള രാഷ്ട്രീയത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ പ്രധാന്യം ഏറിവരുന്നത് തിരിച്ചറിഞ്ഞ ഫ്രാന്‍സ് ഇന്ത്യയെ മേഖലയിലെ തങ്ങളുടെ പ്രിയപ്പെട്ട പങ്കാളിയാക്കാന്‍ തീരുമാനിച്ചു. ഇന്ന് ഈ ഉഭയകക്ഷി സഹകരണം ബഹിരാകാശ രംഗം വരെ എത്തിനില്‍ക്കുന്നു. എല്ലാറ്റിലും പിന്തുണയ്ക്കുന്ന ഒരു ഉറ്റസുഹൃത്തുകൂടിയാണ് ഇന്ന് ഫ്രാന്‍സ്. പാരീസ് എല്ലായ്‌പ്പോഴും ന്യൂഡെല്‍ഹിയുടെ തീരുമാനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി അടക്കമുള്ള വേദികളിലും അവര്‍ ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ക്കുമാത്രം മുന്‍തൂക്കം നല്‍കുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യക്കായി അന്ന് ഐക്യരാഷ്ട്രസഭയിലും മറ്റും ന്യൂഡെല്‍ഹിക്കുവേണ്ടി വാദിച്ചിരുന്നതും സംരക്ഷിച്ചിരുന്നതും റഷ്യയായിരുന്നു. ഇന്ന് ആസ്ഥാനം ഫ്രാന്‍സ് ഏറ്റെടുത്തതുപോലെയാണ് വിലയിരുത്തപ്പെടുന്നത്. അതിനര്‍ത്ഥം റഷ്യ ഇന്ത്യയോട് മുഖംതിരിച്ചു എന്നല്ല. ലോകവേദികളില്‍ ചൈനയൊഴികെയുള്ള വന്‍ശക്തികള്‍ ഇന്ന് ഇന്ത്യക്കൊപ്പമാണ് എന്നുപറയുകയാവും കൂടുതല്‍ ശരി.

കഴിഞ്ഞയാഴ്ചയിലും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയില്‍ (യുഎന്‍എസ്സി) ഈ പങ്കാളിത്തത്തിന്റെ ശക്തി തെളിയിക്കപ്പെട്ടിരുന്നു. മാലിയിലെ സ്ഥിതി ചര്‍ച്ച ചെയ്യുന്നതിനായി സമിതി ഒരു അനൗപചാരിക യോഗം ചേര്‍ന്നിരുന്നു. അവിടെ പാക്കിസ്ഥാന്റെ ആവശ്യപ്രകാരം ചൈന കശ്മീര്‍ വിഷയം ഉന്നയിക്കാന്‍ ശ്രമിച്ചു. റഷ്യയും അമേരിക്കയും ഫ്രാന്‍സും മറ്റ് താല്‍ക്കാലിക അംഗങ്ങളും ഇതിനെ എതിര്‍ത്ത് പരാജയപ്പെടുത്തുകയായിരുന്നു. മുന്‍പും കശ്മീര്‍ വിഷയത്തില്‍ ചൈന ഈരീതിയുള്ള ഒരു ശ്രമം നടത്തിയിരുന്നു. അന്നും അവര്‍ പരാജയപ്പെട്ടതാണ്. ഇവിടെ ഫ്രാന്‍സിന്റെ ഇടപെടല്‍ പരമപ്രധാനമായിരുന്നു.

ഇന്ത്യയും ഫ്രാന്‍സും തനതായ നാഗരികതയുടെ ഒരു പൊതുസ്വഭാവം പങ്കുവെക്കുന്ന രാജ്യങ്ങളാണ്. ശീതയുദ്ധം അവസാനിച്ചതിനുശേഷം, ഇരു രാജ്യങ്ങളും ബഹുലോകക്രമത്തിന്റെ ഗുണങ്ങള്‍ വിശദീകരിക്കാന്‍ തിടുക്കപ്പെട്ടു. ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഹുബെര്‍ട്ട് വെഡ്രിന്‍ യുഎസിനെ ഒരു അമിതമായ ശൗര്യം പ്രകടിപ്പിക്കുന്ന ശക്തിയായാണ് വിശേഷിപ്പിച്ചത് ഒരു ഏകധ്രുവ സംവിധാനത്തിലുള്ള ഫ്രഞ്ച് അസ്വസ്ഥത വ്യക്തമാക്കാനായിരുന്നു. യൂറോ-അറ്റ്‌ലാന്റിക് മുതല്‍ ഏഷ്യ-പസഫിക് മേഖല വരെ മാറിക്കൊണ്ടിരിക്കുകയുമാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ തങ്ങളുടെ പ്രിയപ്പെട്ട പങ്കാളിയായി പാരീസ് ന്യൂഡെല്‍ഹിയെ തെരഞ്ഞെടുത്തത്. 1998 ലെ ഇന്ത്യയുടെ ആണവപരീക്ഷണത്തിന് മുമ്പുതന്നെ,  ആഗോള ആണവ ക്രമത്തില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കുന്നത് ഒരു അപാകതയാണെന്ന് ഫ്രാന്‍സ് പ്രഖ്യാപിച്ചിരുന്നു.  ആണവപരീക്ഷണത്തിനുശേഷം, ഫ്രാന്‍സ് ഇന്ത്യയുടെ സുരക്ഷാ നിബന്ധനകളെക്കുറിച്ച് പാരീസിന് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. 1998 ല്‍ ആരംഭിച്ച തന്ത്രപരമായ സംഭാഷണം ന്യൂക്ലിയര്‍, ബഹിരാകാശ, പ്രതിരോധം, സൈബര്‍ സുരക്ഷ, രഹസ്യാന്വേഷണവിവരങ്ങള്‍ പങ്കിടല്‍, തീവ്രവാദ വിരുദ്ധ സഹകരണം എന്നിവ മേഖലകളിലേക്ക് പിന്നീട് വളര്‍ന്നു. ഇന്ന് ഇരുരാജ്യങ്ങളുടേയും കര,വ്യോമ, നാവിക സേനകള്‍ തമ്മിലുള്ള ഉഭയകക്ഷി സൈനികാഭ്യാസം പതിവ് സവിശേഷതയായി മാറിയിരിക്കുന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം എത്രകണ്ട് ആഴത്തിലുള്ളതാണെന്ന് വ്യക്തമാക്കുന്നു.

ശ്രീഹരിക്കോട്ടയില്‍ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കുന്നതിന് ഫ്രഞ്ച് സഹായം ലഭിച്ചിരുന്നു. ഇത്  1960 കളില്‍ ആരംഭിച്ചുവെങ്കിലും കയറ്റുമതി നിയന്ത്രണങ്ങള്‍ കാരണം പിന്നീടുള്ള വര്‍ഷങ്ങളില്‍ അത് നിലക്കുകയായിരുന്നു. ഉഭയകക്ഷി സംഭാഷണങ്ങളിലൂടെ പിന്നീട് ഈ സഹകരണം പുനരാരംഭിക്കുകയായിരുന്നു. ഇരു രാജ്യങ്ങളിലെയും ബഹികാരാകാശ ഏജന്‍സികള്‍ ഇപ്പോള്‍ സംയുക്ത ദൗത്യങ്ങളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. 1984 ല്‍ യുഎസ് താരാപൂരിലേക്കുള്ള ആണവ ഇന്ധന വിതരണം നിര്‍ത്തിയശേഷം ഫ്രാന്‍സ് ഇന്ധന വിതരണക്കാരായത് സഹകരണത്തിന്റെ മറ്റൊരു തലമാണ്.  2008 ല്‍ ന്യൂക്ലിയര്‍ സപ്ലയേഴ്‌സ് ഗ്രൂപ്പിന്റെ വിലക്കിനെത്തുടര്‍ന്ന്

ഇന്ത്യയും ഫ്രാന്‍സും ഒരു സിവില്‍ ന്യൂക്ലിയര്‍ സഹകരണ കരാറില്‍ ഒപ്പുവെയ്ക്കുകയും ചെയ്തു. കശ്മീരിനെ സംബന്ധിച്ചിടത്തോളം, ഇത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി പ്രശ്നമാണെന്നും അതിനാല്‍ യുഎന്നില്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നുമാണ് ഫ്രാന്‍സിന്റെ നിലപാട്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മു കശ്മീര്‍ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെ യാണ് കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ചൈന ആദ്യമായി കശ്മീര്‍ വിഷയം യുഎന്നില്‍ ഉയര്‍ത്തിയത്. ഓഗസ്റ്റ് 16 ന് സുരക്ഷാസമിതി അനൗപചാരിക ചര്‍ച്ച നടത്തി. 1965 ന് ശേഷം ആദ്യമായി കശ്മീര്‍ കൗണ്‍സിലിന്റെ അജണ്ടയില്‍ പ്രത്യക്ഷപ്പെട്ടു. കശ്മീരിലെ സംഭവവികാസങ്ങള്‍ ആഭ്യന്തര കാര്യമാണെന്ന ഇന്ത്യയുടെ നിലപാടിന് ഗണ്യമായ പിന്തുണ ലഭിച്ചു.  ഈ വിഷയം ഏറ്റെടുക്കാന്‍ ഡിസംബറില്‍ ചൈന വീണ്ടും ശ്രമിച്ചെങ്കിലും ഫ്രാന്‍സും മറ്റ് രാജ്യങ്ങളും ഇതിനെ എതിര്‍ത്തു.

പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി യുഎന്‍എസ്സിക്ക് കശ്മീരിനെക്കുറിച്ച് കത്തെഴുതി. ഇവിടെ പ്രസ്തുത വിഷയം അവതരിപ്പിക്കാന്‍ ചൈന തീരുമാനിക്കുകയായിരുന്നു. ഒക്ടോബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി  ജിന്‍പിംഗും തമ്മിലുള്ള അന ാമഹ പചാരിക ഉച്ചകോടിക്കുശേഷം വന്ന ചൈനീസ് നടപടിയായിരുന്നു ഇത്.  ഇന്ത്യയുടെ ആശങ്കകളോട് വിവേകമില്ലാതെ ചൈന പ്രവര്‍ത്തിച്ചതായാണ് ഇവിടെ നിരീക്ഷകര്‍ കരുതുന്നത്.

ശീതയുദ്ധകാലത്ത് റഷ്യയുമായി ഇന്ത്യ തന്ത്രപരമായ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരുന്നു.ഇന്നും അത് തുടരുന്നുണ്ട്. എന്നാല്‍ ഇന്ത്യ യുഎസുമായി അടുക്കുന്നതിനെതിരെ മോസ്‌കോയില്‍നിന്നും ഇടയ്ക്കിടെ അപസ്വരങ്ങള്‍ ഉയരുന്നുണ്ട്.  പ്രത്യേകിച്ചും ക്വാഡ് (ഓസ്ട്രേലിയ, ജപ്പാന്‍, യുഎസ്, ഇന്ത്യ) സൈനികാഭ്യാസത്തെക്കുറിച്ച് അവര്‍ക്ക് ഭിന്നാഭിപ്രായമുണ്ട്. കഴിഞ്ഞ ആഴ്ച ഡെല്‍ഹിയില്‍ നടന്ന റെയ്സീന ഡയലോഗില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് ഇത് ഒരു ‘ഭിന്നിപ്പിക്കല്‍ ആശയം’ ആണെന്ന് വിശേഷിപ്പിച്ചു.  താലിബാനുമായുള്ള റഷ്യയുടെ പുതിയ ഇടപഴകലും പാക്കിസ്ഥാനുമായുള്ള സഹകരണവും ഇന്ത്യയുടെ ശ്രദ്ധയില്‍പ്പെടുന്നുണ്ട്.  യുഎസുമായുള്ള തന്ത്രപരമായ പങ്കാളിത്തം അടുത്തിടെയാണ് യാഥാര്‍ത്ഥ്യമായത്. എന്നാല്‍ കൂടുതല്‍ സംഭാഷണങ്ങളിലൂടെ ബന്ധം അടിയുറച്ചതായിട്ടുണ്ട്. ഒരു പതിറ്റാണ്ട് മുമ്പുതന്നെ യുഎസ്  പ്രതിരോധ സാമഗ്രികളുടെ പ്രധാന വിതരണക്കാരില്‍ ഒരാളായി മാറിയിരുന്നു. മേഖലയില്‍ യുഎസിന് താല്‍പ്പര്യമുണ്ടെന്നാണ് അവരുടെ നടപടികള്‍ സൂചിപ്പിക്കുന്നത്.

തന്ത്രപരമായ പങ്കാളിത്തത്തിനുള്ള പരീക്ഷണം എല്ലാ പ്രശ്‌നങ്ങളിലും ഒത്തുചേരല്‍ ഉണ്ടായിരിക്കണമെന്നല്ല. അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളിടത്ത് ഇവ സ്വകാര്യമായിട്ടാണ് പ്രകടിപ്പിക്കുന്നത്, പരസ്യമായിട്ടല്ല.  രണ്ട് പതിറ്റാണ്ടിലേറെയായി പരിപോഷിപ്പിച്ച ഇന്ത്യ-ഫ്രാന്‍സ് തന്ത്രപരമായ പങ്കാളിത്തം അതിന്റെ ഊര്‍ജ്ജസ്വലത പ്രകടമാക്കുന്നത് ഇവിടെയാണ്.

Comments

comments

Categories: Top Stories
Tags: India-French

Related Articles