മല്‍സരം കടുപ്പിക്കാന്‍ ഹ്യുണ്ടായ് ഓറ

മല്‍സരം കടുപ്പിക്കാന്‍ ഹ്യുണ്ടായ് ഓറ

ഇന്ത്യ എക്‌സ് ഷോറൂം വില 5.80 ലക്ഷം മുതല്‍ 9.23 ലക്ഷം രൂപ വരെ

സബ്‌കോംപാക്റ്റ് സെഡാന്‍ സെഗ്‌മെന്റില്‍ മല്‍സരം കടുപ്പിക്കാന്‍ ഹ്യുണ്ടായ് ഓറ ഇന്ത്യന്‍ വിപണിയില്‍ അവതരിച്ചു. 5.80 ലക്ഷം മുതല്‍ 9.23 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെങ്ങും എക്‌സ് ഷോറൂം വില. പ്രാരംഭ വിലയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇ, എസ്, എസ്എക്‌സ്, എസ്എക്‌സ് പ്ലസ്, എസ്എക്‌സ് (ഒ) എന്നീ അഞ്ച് വേരിയന്റുകളിലും വിന്റേജ് ബ്രൗണ്‍, ഫിയറി റെഡ്, ടൈഫൂണ്‍ സില്‍വര്‍, ആല്‍ഫ ബ്ലൂ, പോളാര്‍ വൈറ്റ്, ടൈറ്റന്‍ ഗ്രേ മെറ്റാലിക് എന്നീ ആറ് നിറഭേദങ്ങളിലും ഹ്യുണ്ടായ് ഓറ ലഭിക്കും. ഗ്രാന്‍ഡ് ഐ10 നിയോസ് അടിസ്ഥാനമാക്കി നിര്‍മിച്ചതാണെങ്കിലും എക്‌സെന്റ് സെഡാന്റെ പുതു തലമുറ അവതാരമാണ് പൂര്‍ണമായും പുതിയ മോഡലായ ഓറ. ഹ്യുണ്ടായ് ഓറ, ഹ്യുണ്ടായ് എക്‌സെന്റ് മോഡലുകള്‍ ഒരേസമയം വിപണിയില്‍ ലഭിക്കും. മാരുതി സുസുകി ഡിസയര്‍, ഹോണ്ട അമേസ് എന്നിവയാണ് പ്രധാന എതിരാളികള്‍.

ബിഎസ് 6 പാലിക്കുന്ന രണ്ട് പെട്രോള്‍ എന്‍ജിനുകളും ഒരു ഡീസല്‍ എന്‍ജിനുമാണ് ഹ്യുണ്ടായ് ഓറയുടെ എന്‍ജിന്‍ ഓപ്ഷനുകള്‍. 1.2 ലിറ്റര്‍ സ്വാഭാവിക ശ്വസന (നാച്ചുറലി ആസ്പിറേറ്റഡ്) പെട്രോള്‍ എന്‍ജിന്‍ 82 ബിഎച്ച്പി കരുത്തും 114 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 1.2 ലിറ്റര്‍ ഡീസല്‍ മോട്ടോര്‍ 74 ബിഎച്ച്പി കരുത്തും 190 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിക്കുന്നത്. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ രണ്ട് എന്‍ജിനുകളുമായി ചേര്‍ത്തുവെച്ചു. ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ (എഎംടി) ഓപ്ഷണലാണ്. ഹ്യുണ്ടായ് വെന്യൂ ഉപയോഗിക്കുന്ന 1.0 ലിറ്റര്‍ ജിഡിഐ (ഗ്യാസോലിന്‍ ഡയറക്റ്റ് ഇന്‍ജെക്ഷന്‍) ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് മറ്റൊരു ഓപ്ഷന്‍. ഈ മോട്ടോര്‍ 99 ബിഎച്ച്പി കരുത്തും 172 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് മാത്രമാണ് ഓപ്ഷന്‍.

ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസിന്റെ സ്‌റ്റൈലിംഗ് സൂചകങ്ങളാണ് നല്‍കിയിരിക്കുന്നത്. ഹ്യുണ്ടായുടെ സവിശേഷതയായ കാസ്‌കേഡിംഗ് ഗ്രില്‍, ബൂമറാംഗ് ആകൃതിയിലുള്ള ഇരട്ട എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവ മുന്‍വശത്ത് കാണാം. കൂടുതല്‍ ഷാര്‍പ്പ് ലുക്ക് തോന്നിപ്പിക്കുന്നതാണ് പ്രൊജക്റ്റര്‍ ലൈറ്റുകള്‍ ലഭിച്ച ഹെഡ്‌ലാംപുകള്‍. അമ്പിന്‍മുന പോലെ ആകൃതിയുള്ള ഹൗസിംഗുകളില്‍ ക്രോം ബെസലുകളോടെ റൗണ്ട് ഫോഗ്‌ലാംപുകള്‍ നല്‍കി. വശങ്ങളില്‍നിന്ന് നോക്കുമ്പോള്‍ കൂപ്പെ പോലുള്ള റൂഫ്‌ലൈന്‍ കാണാം. ഡയമണ്ട് കട്ട് അലോയ് വീലുകളിലാണ് ഹ്യുണ്ടായ് ഓറ വരുന്നത്. വലുപ്പം പരിശോധിച്ചാല്‍, നീളം, വീതി, ഉയരം എന്നിവ യഥാക്രമം 3,995 എംഎം, 1,680 എംഎം, 1,520 എംഎം എന്നിങ്ങനെയാണ്. 2,450 മില്ലി മീറ്ററാണ് വീല്‍ബേസ്. ബൂട്ട് ശേഷി 402 ലിറ്റര്‍.

ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസില്‍ കണ്ടതിന് സമാനമാണ് കാബിന്‍. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റിയോടെ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയിരിക്കുന്നു. പുഷ് ബട്ടണ്‍ എന്‍ജിന്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ഫംഗ്ഷന്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയവ ഫീച്ചറുകളാണ്. ഇരട്ട എയര്‍ബാഗുകള്‍, ഇബിഡി സഹിതം എബിഎസ്, സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവ സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകളാണ്. സെന്‍സറുകള്‍ സഹിതം റിയര്‍ പാര്‍ക്കിംഗ് കാമറ, കീലെസ് എന്‍ട്രി, ഹൈ-സ്പീഡ് അലര്‍ട്ട്, സ്പീഡ് സെന്‍സിംഗ് ഡോര്‍ ലോക്ക്, ഇംപാക്റ്റ് സെന്‍സിംഗ് ഡോര്‍ അണ്‍ലോക്ക് ഫംഗ്ഷന്‍ എന്നിവയും നല്‍കി.

വേരിയന്റ് വില

1.2 പെട്രോള്‍-എംടി ഇ 5.80 ലക്ഷം

1.2 പെട്രോള്‍-എംടി എസ് 6.56 ലക്ഷം

1.2 പെട്രോള്‍-എംടി എസ്എക്‌സ് 7.30 ലക്ഷം

1.2 പെട്രോള്‍-എംടി എസ്എക്‌സ്(ഒ) 7.86 ലക്ഷം

1.2 സിഎന്‍ജി-എംടി എസ് 7.29 ലക്ഷം

1.2 പെട്രോള്‍-എഎംടി എസ് 7.06 ലക്ഷം

1.2 പെട്രോള്‍-എഎംടി എസ്എക്‌സ് പ്ലസ് 8.05 ലക്ഷം

1.2 ഡീസല്‍-എംടി എസ് 7.74 ലക്ഷം

1.2 ഡീസല്‍-എംടി എസ്എക്‌സ്(ഒ) 9.04 ലക്ഷം

1.2 ഡീസല്‍-എഎംടി എസ് 8.24 ലക്ഷം

1.2 ഡീസല്‍-എഎംടി എസ്എക്‌സ് പ്ലസ് 9.23 ലക്ഷം

1.0 ടര്‍ബോ പെട്രോള്‍-എംടി എസ്എക്‌സ് പ്ലസ് 8.55 ലക്ഷം

Categories: Auto