രണ്ട് ദശാബ്ദത്തിനുള്ളില്‍ ‘ഗ്രീന്‍ ഹൈഡ്രജന്‍’ പുതിയ ഇന്ധനമായേക്കും; സീമെന്‍സ് മിഡില്‍ഈസ്റ്റ്

രണ്ട് ദശാബ്ദത്തിനുള്ളില്‍ ‘ഗ്രീന്‍ ഹൈഡ്രജന്‍’ പുതിയ ഇന്ധനമായേക്കും; സീമെന്‍സ് മിഡില്‍ഈസ്റ്റ്

ദീവ, എക്‌സ്‌പോ 2020 ദുബായ് എന്നിവരുമായി ചേര്‍ന്ന് സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന മേഖലയിലെ ആദ്യ ഹൈഡ്രജന്‍ ഇലക്ട്രോലിസിസ് സംവിധാനം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് സീമെന്‍സ് മിഡില്‍ഈസ്റ്റ്

ദുബായ്: ഇരുപത് വര്‍ഷത്തിനുള്ളില്‍ ഹരിത ഹൈഡ്രജന്‍(സൗരോര്‍ജം ഉപയോഗിച്ച് ഉല്‍പ്പാദിപ്പിക്കുന്ന ഹൈഡ്രജന്‍) പുതിയ ഇന്ധനമായി മാറിയേക്കുമെന്ന് സീമെന്‍സ് മിഡില്‍ഈസ്റ്റിന്റെ ബിസിനസ് ഡെവലപ്‌മെന്റ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് മാനുവല്‍ കുയെഹ്ന്‍. അന്തരീക്ഷത്തെ കാര്‍ബണ്‍മുക്തമാക്കുന്നതിനുള്ള ഏറ്റവും മികച്ച വഴി നിലവിലെ ഇന്ധനങ്ങള്‍ക്ക് പകരമായി ഹരിത ഹൈഡ്രജന്‍ ഉപയോഗിക്കലാണെന്ന് കുയെഹ്ന്‍ പറഞ്ഞു.

ദുബായിലെ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സൗരോര്‍ജ പാര്‍ക്കില്‍ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന മേഖലയിലെ ആദ്യ ഹൈഡ്രജന്‍ ഇലക്ട്രോലിസിസ് സംവിധാനം നിര്‍മിക്കുന്നതിന് ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയുമായും എക്‌സ്‌പോ 2020 ദുബായിയുമായും സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ് സീമെന്‍സ്. ഒക്ടോബറില്‍ ആരംഭിക്കുന്ന എക്‌സ്‌പോ 2020ക്ക് മുമ്പായി പരീക്ഷണാടിസ്ഥാനത്തിലുള്ള പ്ലാന്റ് പ്രവര്‍ത്തനനിരതമാകുമെന്നാണ് പ്രതീക്ഷ. സോളാര്‍ പിവി(ഫോട്ടോവോള്‍ട്ടായിക്) രീതിയില്‍ ഹരിത ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിച്ച് ശേഖരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പിന്നീട് ഗതാഗ, വ്യവസായ ആവശ്യങ്ങള്‍ക്കായി ഇവ റീ-ഇലക്ട്രീഫിക്കേഷന്‍ നടത്തും (വീണ്ടും ഊര്‍ജമാക്കി മാറ്റുക).

അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങളുടെ തോത് കുറയ്ക്കുകയെന്ന ഉദ്ദേശത്തോടെയുള്ള ‘എമിഷന്‍ നിരക്കുകള്‍’ ഒരു ടണ്‍ കാര്‍ബണ്‍ഡയോക്‌സൈഡിന് 55 ഡോളറായി വര്‍ധിച്ചാല്‍ 2050ഓടെ ചില രാജ്യങ്ങളിലെങ്കിലും ഇന്ധനാവശ്യങ്ങള്‍ക്കായി ഹൈഡ്രജന്‍ ഉപയോഗിക്കുന്നത് പ്രാബല്യത്തില്‍ വരുമെന്നാണ് ബ്ലൂംബര്‍ഗ് എന്‍ഇഎഫിന്റെ റിപ്പോര്‍ട്ട്. സൗരോര്‍ജപാര്‍ക്കിലെ പിവി നിലയത്തില്‍ പകല്‍സമയത്തുള്ള സൗരോര്‍ജം മാത്രമാണ് ഉപയോഗിക്കുന്നതെങ്കില്‍ പോലും ഓരോ യൂണിറ്റില്‍ നിന്നും ഒരു ദിവസം 240 കിലോഗ്രാം വരെ ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കാന്‍ ദുബായിക്ക് സാധിക്കും. ശരാശരി ഇന്ധനസെല്‍ (വൈദ്യുതി നേരിട്ട് ഉല്‍പ്പാദിപ്പിക്കാവുന്ന ബാറ്ററികള്‍) ഇലക്ട്രിക് വാഹങ്ങള്‍ക്ക് നൂറ് കിലോമീറ്റര്‍ ഓടുന്നതിനായി വേണ്ടത് ഒരു കിലോഗ്രാം എച്ച്2 (ഹൈഡ്രജന്‍) ആണ്. ഇന്ധനമെന്ന നിലയില്‍ ഹൈഡ്രജന്‍ ഉപയോഗിക്കാന്‍ സാധിച്ചാല്‍ അത് വലിയ നേട്ടമാകുമെന്നും പശ്ചിമേഷ്യയിലെ ചൂടേറിയ അന്തരീക്ഷത്തില്‍ വലിയ തോതില്‍ ഹരിത ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുമെന്നും കുയെഹ്ന്‍ പറഞ്ഞു. എക്‌സ്‌പോ 2020 ദുബായില്‍ ഗതാഗത ആവശ്യങ്ങള്‍ക്കായി ഹൈഡ്രജന്‍ ഊര്‍ജം ലഭ്യമാക്കാന്‍ ദുബായിലെ ഈ സംരംഭം പദ്ധതിയിടുന്നുണ്ട്.

വ്യവസായരംഗത്തും കപ്പലുകള്‍, വലിയ ട്രക്കുകള്‍, വിമാനങ്ങള്‍ എന്നിവയുള്‍പ്പടെയുള്ള ഗതാഗതരംഗത്തും ഇന്ധനമെന്ന നിലയില്‍ ഹൈഡ്രജന്‍ ഉപയോഗിക്കാവുന്നതാണ്. നിലവിലെ പ്രവചനങ്ങള്‍ അനുസരിച്ച് 30 വര്‍ഷത്തിനുള്ളില്‍ ഇന്നുള്ളതിന്റെ രണ്ടോ, മൂന്നോ ഇരട്ടി ദൂരമായിരിക്കും വിമാനങ്ങള്‍ സഞ്ചരിക്കുക. ദൂരം കൂടുന്നതിനുസരിച്ച് പരമ്പരാഗത ഇന്ധനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന കാര്‍ബണ്‍ മലിനീകരണത്തിന്റെ തോതും രണ്ടും മൂന്നും ഇരട്ടിയുമായി വര്‍ധിക്കുമെന്ന് കുയെഹ്ന്‍ പറയുന്നു. വ്യോമഗതാഗത രംഗത്തെ കാര്‍ബണ്‍മുക്തമാക്കണ്ടേതിന്റെ ആവശ്യകതയിലേക്കാണ് അത് വിരല്‍ചൂണ്ടുന്നത്. ദീര്‍ഘദൂരം താണ്ടേണ്ടതിനാല്‍ ബാറ്ററി ഈ പ്രശ്‌നത്തിനൊരു പരിഹാരമാര്‍ഗമല്ല. ഹരിത ഹൈഡ്രജനില്‍ നിന്നും ലഭിക്കുന്ന ഹൈഡ്രജനാണ് ഇപ്പോഴുള്ളതില്‍ മികച്ച ബദല്‍ മാര്‍ഗമെന്ന് കുയെഹ്ന്‍ പറഞ്ഞു.

Comments

comments

Categories: Arabia