വാതക പൈപ്പ്‌ലൈന്‍: 45000 കോടി രൂപ നിക്ഷേപിച്ച് ഗെയ്ല്‍

വാതക പൈപ്പ്‌ലൈന്‍: 45000 കോടി രൂപ നിക്ഷേപിച്ച് ഗെയ്ല്‍

വാതക പൈപ്പ്‌ലൈന്‍, നഗര വാതക വിതരണ ശൃംഖല എന്നിവയുടെ വികസനം ലക്ഷ്യം

ന്യൂഡെല്‍ഹി: രാജ്യത്തെ പ്രമുഖ പൊതുമേഖല പ്രകൃതിവാതക ഉല്‍പ്പാദന വിതരണ കമ്പനിയായ ഗെയ്ല്‍ ഇന്ത്യ ലിമിറ്റഡ് വാതക മേഖലയില്‍ 45000 കോടി രൂപ നിക്ഷേപിക്കും. അടുത്ത അഞ്ച് വര്‍ഷത്തേക്കാണ് നിക്ഷേപം. ദേശീയ വാതക പൈപ്പ്‌ലൈന്‍ ഗ്രിഡിന്റെയും നഗരങ്ങളിലെ വാതക വിതരണ ശൃംഖലയുടേയും വികസനം ലക്ഷ്യമിട്ടാണ് നിക്ഷേപം. രാജ്യത്ത് പരിസ്ഥിതി സൗഹൃദ ഇന്ധനത്തിന്റെ ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഗെയ്ല്‍ പുതിയ പദ്ധതി തയാറാക്കിയിരിക്കുന്നതെന്ന് ഗെയ്ല്‍ ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍ അഷുതോഷ് കര്‍ണാടക് പറഞ്ഞു.

രാജ്യത്തിന്റെ കിഴക്കന്‍, വടക്കു കിഴക്കന്‍ മേഖലകളില്‍ നിന്നും ഇന്ധനം തെക്കന്‍ പ്രദേശങ്ങളിലേക്ക് എത്തിക്കുന്നതിനായാണ് വാതക പൈപ്പ്‌ലൈന്‍ ശൃംഖല വികസിപ്പിക്കുന്നത്. നിലവില്‍ 6.2 ശതമാനം പ്രകൃതിവാതക ഇന്ധനം മാത്രമാണ് സര്‍ക്കാര്‍ പ്രോല്‍സാഹനത്തിലൂടെ വിദൂര മേഖലകളിലേക്ക് പങ്കിടുന്നത്. ഇത് 2030ഓടുകൂടി 15 ശതമാനമായി ഉയര്‍ത്തുകയാണ് ലക്ഷ്യം. വാതകം അടിസ്ഥാനമാക്കിയ സമ്പദ്‌വ്യവസ്ഥയില്‍ മലിനീകരണം കുറയ്ക്കുന്ന ഇന്ധനങ്ങള്‍ക്ക് കൂടുതല്‍ പ്രമുഖ്യം നല്‍കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനും കൂടിയാണ് ഗെയ്ല്‍ പദ്ധതിയിടുന്നത്. 2040/2050 ഓടു കൂടി ഓട്ടോമൊബീല്‍, ഫാക്ടറി മേഖലകളില്‍ സീറോ എമിഷന്‍ സാങ്കേതിക വിദ്യ നടപ്പിലാക്കുന്നതിനു മുന്നോടിയായി പ്രകൃതി വാതകം ഏറ്റവും മികച്ച തെരഞ്ഞെടുക്കലാകുമെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് നിലവില്‍ 160 ദശലക്ഷം ക്യുബിക് മീറ്റര്‍ വാതകമാണ് പ്രതിദിനം ഉപയോഗിച്ചു വരുന്നത്. ഉപഭോഗം ഉയരുന്തോറും വാതക വിതരണം വര്‍ധിപ്പിക്കേണ്ടതായി വരും. ഈ വിതരണം കാര്യക്ഷമമായും പ്രകൃതി സൗഹൃദപരമായും നിര്‍വഹിക്കാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായാണ് ഗെയ്ല്‍ തുക അനുവദിച്ചിരിക്കുന്നത്.

12160 കിലോമീറ്റര്‍ പൈപ്പ്‌ലൈന്‍ ശൃംഖലയിലാണ് ഗെയ്ല്‍ നിലവില്‍ പ്രവര്‍ത്തനം നടത്തിവരുന്നത്. പ്രകൃതിവാതക വിപണിയിലെ മൂന്നില്‍ രണ്ടും ഇതില്‍ ഉള്‍പ്പെടും. ഊര്‍ജ ഗംഗ പദ്ധതിയില്‍ ബിഹാര്‍, പശ്ചിമബംഗാള്‍, ഒഡിഷ, ജാര്‍ഖണ്ഡ്, കൊച്ചി-കുട്ടനാട്-ബെംഗളുരു-മാംഗളുരു ലൈനും, ഇന്ദ്രധനുഷ് വടക്ക് കിഴക്കന്‍ വാതക ഗ്രിഡുമാണ് ഗെയ്‌ലിന്റെ നിലവിലെ പദ്ധതികള്‍. പൈപ്പ്‌ലൈന്‍ വികസനത്തിന് പുറമെ സിഎന്‍ജി വിതരണത്തിനായി നഗര വാതക വിതരണ ശൃംഖലയുടെ വികസനവും ഗെയ്ല്‍ ഏറ്റെടുത്തിട്ടുണ്ട്. പുതിയ പദ്ധതിയിലൂടെ അടുത്ത മൂന്നു മുതല്‍ അഞ്ച് വര്‍ഷത്തിനകം 400 സിഎന്‍ജി സ്റ്റേഷനുകള്‍, പത്ത് ലക്ഷം പിഎന്‍ജി കണക്ഷനുകള്‍ എന്നിവയാണ് സ്ഥാപിക്കാനാണ് നീക്കം

Comments

comments

Categories: FK News
Tags: GAIL