എഫ്എംസിജി വിപണിയില്‍ 9-10% വളര്‍ച്ച: നീല്‍സണ്‍

എഫ്എംസിജി വിപണിയില്‍ 9-10% വളര്‍ച്ച: നീല്‍സണ്‍

ഗ്രാമീണ മേഖലകളിലെ മാന്ദ്യം കുറയും

മുംബൈ: രാജ്യത്തെ അതിവേഗ വളര്‍ച്ചാ ഉപഭോക്തൃ ഉല്‍പ്പന്ന (എഫ്എംസിജി) വിപണിയില്‍ 2020 മികച്ച വളര്‍ച്ചയുണ്ടാകുമെന്ന് ശുഭപ്രതീക്ഷ. നടപ്പുവര്‍ഷം ജനുവരി -ഡിസംബര്‍ കാലയളവില്‍ എഫ്എംസിജി മേഖല ഒമ്പതു മുതല്‍ പത്ത് ശതമാനത്തോളം വളര്‍ച്ച രേഖപ്പെടുത്തുമെന്ന് വിപണി ഗവേഷകരായ നീല്‍സണ്‍ വെളിപ്പെടുത്തി. ഗ്രാമീണ മേഖലകളിലെ മാന്ദ്യം കുറഞ്ഞ് ഉപഭോക്തൃ ഡിമാന്‍ഡില്‍ സ്ഥിരത കൈവരിക്കുമെന്നും നീല്‍സണ്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

2018ല്‍ എഫ്എംസിജി മേഖലയില്‍ ദൃശ്യമായ13.5 വളര്‍ച്ച കഴിഞ്ഞ വര്‍ഷം താഴ്ന്ന 9.7 ശതമാനത്തില്‍ എത്തിയിരുന്നു. ഡിസംബര്‍ പാദത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 6.6ശതമാനത്തില്‍ എത്തിയ വിപണി 2018 സമാന പാദത്തില്‍ 15.7ശതമാനമായിരുന്നു. നിരവധി സാമ്പത്തിക ഘടകങ്ങളും മേഖലാതലത്തിലുള്ള സ്വാധീനങ്ങളും ചെറുകിട കമ്പനികളുടെ പ്രകടനവുമെല്ലാം വിപണി മാന്ദ്യത്തിലാകുന്നതിന് കാരണമായതായി നീല്‍സണ്‍ ഗ്ലോബല്‍ ദക്ഷിണേഷ്യന്‍ മേഖലാ പ്രസിഡന്റ് പ്രസുണ്‍ ബസു വ്യക്തമാക്കി.

ഗാര്‍ഹിക, വ്യക്തിഗത, ഭക്ഷ്യ വിഭാഗങ്ങളില്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ ഉല്‍പ്പന്നങ്ങള്‍ പുറത്തിറങ്ങിയത് കഴിഞ്ഞ വര്‍ഷം കുറവായിരുന്നു. മിക്ക വിഭാഗങ്ങളിലും വളര്‍ച്ചാ നിരക്ക് പകുതിയാകുകയും ചെയ്തു. ഉപഭോക്തൃ ആവശ്യകതയില്‍ വന്ന കുറവ് കാരണം മിക്ക ഉല്‍പ്പന്നങ്ങള്‍ക്കും നിരക്ക് കുറയാനും ഇടയായി. സോപ്പ്, ഷാംപൂ, ബിസ്‌കറ്റ്, തേയില, ഹെയര്‍ ഓയില്‍, ക്രീം, ടൂത്ത്‌പേസ്റ്റ് തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വളര്‍ച്ച കഴിഞ്ഞ വര്‍ഷം ഒറ്റയക്കത്തില്‍ ഒതുങ്ങിയിരുന്നു. മുന്‍വര്‍ഷം ഈ വിഭാഗങ്ങളില്‍ രണ്ടക്ക വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരുന്നത്. പ്രധാനമായും കഴിഞ്ഞവര്‍ഷം പകുതിയോടെയാണ് ഉപഭോക്തൃ ഡിമാന്‍ഡ് വന്‍തോതില്‍ ഇടിഞ്ഞത്.

Comments

comments

Categories: Business & Economy
Tags: FMCG