ഫേസ്ബുക്കിന്റെ ലിബ്രാ പദ്ധതിയില്‍ നിന്ന് വോഡഫോണ്‍ പിന്‍മാറി

ഫേസ്ബുക്കിന്റെ ലിബ്രാ പദ്ധതിയില്‍ നിന്ന് വോഡഫോണ്‍ പിന്‍മാറി

ഫേസ്ബുക്കും 20 പങ്കാളി സംഘടനകളും ചേര്‍ന്നാണ് 2018 ഒക്‌റ്റോബറില്‍ ലിബ്ര പദ്ധതി പ്രഖ്യാപിച്ചത് 

സാന്‍ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്കിന്റെ വിവാദമായ ലിബ്രാ ക്രിപ്‌റ്റോകറന്‍സി പദ്ധതിയില്‍ നിന്ന് മറ്റൊരു വലിയ കമ്പനി കൂടി പിന്‍മാറുന്നു. വോഡഫോണ്‍ പദ്ധതിയില്‍ നിന്നുള്ള പിന്‍മാറ്റം പ്രഖ്യാപിച്ചിട്ടുള്ളത്.

നേരത്തേ പേപാല്‍, മാസ്റ്റര്‍കാര്‍ഡ്, വിസ, മെര്‍കാഡോ പാഗോ, ഇബേ, സ്‌ട്രൈപ്പ്, ബുക്കിംഗ് ഹോള്‍ഡിംഗ്‌സ് എന്നിവ പദ്ധതിയില്‍ നിന്ന് പുറത്തുവന്നിരുന്നു. കഴിഞ്ഞ ഒക്‌റ്റോബറില്‍ ലിബ്രാ അസോസിയേഷന്‍ ഔദ്യോഗികമായ രൂപീകരിച്ചതിനുശേഷം പുറത്തുകടക്കുന്ന ആദ്യ കമ്പനിയാണ് വോഡഫോണ്‍.

ക്രിപ്‌റ്റോ കറന്‍സി പദ്ധതികലില്‍ റെഗുലേറ്ററി സൂക്ഷ്മപരിശോധനകള്‍ കര്‍ക്കശമാകുന്നതിലുള്ള ആശങ്കകള്‍ കാരണമാണ് കമ്പനികള്‍ വിട്ടുപോയിട്ടുള്ളത്. ‘വോഡഫോണ്‍ ലിബ്ര അസോസിയേഷനില്‍ നിലവില്‍ അംഗമല്ലെന്ന് സ്ഥിരീകരിക്കുകയാണ്. കാലക്രമേണ അസോസിയേഷന്‍ അംഗങ്ങളില്‍ മാറ്റം വരാമെങ്കിലും ലിബ്രയുടെ ഭരണനിര്‍വഹണവും സാങ്കേതികവിദ്യയും രൂപകല്‍പ്പന ചെയ്തിരിക്കുന്നത് പേയ്‌മെന്റ് സമ്പ്രദായത്തിന്റെ സ്ഥിരത ഉറപ്പാക്കുന്ന തരത്തിലാണ്,’ ലിബ്രാ അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ലിബ്രാ പേയ്‌മെന്റ് സംവിധാനം സുരക്ഷിതവും സുതാര്യവും ഉപഭോക്തൃ സൗഹാര്‍ദ്ദപരവുമായി അവതരിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അസോസിയേഷന്‍ തുടരുകയാണ്. മുന്‍നിര കമ്പനികള്‍ പിന്മാറിയെങ്കിലും, ഫേസ്ബുക്കും 20 പങ്കാളി സംഘടനകളും ചേര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറില്‍ ജനീവ ആസ്ഥാനമായുള്ള ഡിജിറ്റല്‍ കറന്‍സി പദ്ധതി ലിബ്ര പ്രഖ്യാപിച്ചത്. 1,500ല്‍ അധികം സ്ഥാപനങ്ങള്‍ ഡിജിറ്റല്‍ കറന്‍സി പദ്ധതിയില്‍ ചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായാണ് ലിബ്രാ അസോസിയേഷന്‍ പറയുന്നത്.

നിരവധി യുഎസ് സെനറ്റര്‍മാര്‍ ഫേസ്ബുക്കിന്റെ ഡിജിറ്റല്‍ കറന്‍സി പദ്ധതിയെ എതിര്‍ത്ത് രംഗത്ത് വന്നിട്ടുണ്ട്. ഉപയോക്തൃ ഡാറ്റ സ്വകാര്യതയില്‍  സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ഭീമനായ ഫേസ്ബുക്ക് നിരുത്തരവാദപരമായ സമീപനമാണ് പ്രകടമാക്കുന്നതെന്നും ഈ സാഹചര്യത്തില്‍ കമ്പനിയുടെ നേതൃത്വത്തിലുള്ള ക്രിപ്‌റ്റോകറന്‍സി പദ്ധതി അപകടകരമാണെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്. ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഒക്‌റ്റോബറില്‍ യുഎസ് കോണ്‍ഗ്രസ് മുമ്പാകെ ലിബ്രാ പദ്ധതിയെ കുറിച്ച് വിശദീകരിച്ചിരുന്നു. തങ്ങളുടെ ക്രിപ്‌റ്റോകറന്‍സിയുടെ ആദ്യ പതിപ്പ് ഈ വര്‍ഷം പുറത്തിറക്കാനാകുമെന്നാണ് ലിബ്രാ അസോസിയേഷന്‍ കണക്കുകൂട്ടുന്നത്.

Comments

comments

Categories: FK News