ക്രിപ്‌റ്റോകറന്‍സി നിരോധിച്ചിട്ടില്ലെന്ന് ആര്‍ബിഐ

ക്രിപ്‌റ്റോകറന്‍സി നിരോധിച്ചിട്ടില്ലെന്ന് ആര്‍ബിഐ

നിയമപരവും സാമ്പത്തികപരവും വിശ്വാസ്യതയെ ബാധിക്കുന്നതും പ്രവര്‍ത്തനപരവുമായ അപായം ക്രിപ്‌റ്റോകറന്‍സികള്‍ക്കുണ്ട്

തോക്കുകളും വെടിമരുന്നും മുതല്‍ ലഹരി വസ്തുക്കള്‍ വരെ നിയമവിരുദ്ധവും അവിഹിതവുമായ സാധനങ്ങള്‍ വാങ്ങിക്കാന്‍ വിര്‍ച്വല്‍ കറന്‍സികള്‍ ഉപയോഗിക്കുന്നുണ്ടെന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്

-ആര്‍ബിഐ

ന്യൂഡെല്‍ഹി: ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോകറന്‍സികള്‍ രാജ്യത്ത് നിരോധിച്ചിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ബാങ്കുകളടക്കം തങ്ങളുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളെ ക്രിപ്‌റ്റോകറന്‍സികള്‍ ഉയര്‍ത്തുന്ന ഭീഷണികളില്‍ നിന്ന് വേലികെട്ടി സംരക്ഷിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് സുപ്രീം കോതിയില്‍ സമര്‍പ്പിച്ച സത്യവാംഗ്മൂലത്തില്‍ കേന്ദ്ര ബാങ്ക് വ്യക്തമാക്കി. ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (ഐഎഎംഎഐ) നല്‍കിയ ഹര്‍ജിക്ക് മറുപടിയായാണ് ആര്‍ബിഐയുടെ സത്യവാംഗ്മൂലം.

ഔദ്യോഗിക സ്ഥാപനങ്ങള്‍ ക്രിപ്‌റ്റോകറന്‍സികള്‍ വഴി ഇടപാടുകള്‍ നടത്തുന്നത് തടഞ്ഞുകൊണ്ട് 2018 ല്‍ ആര്‍ബിഐ പുറത്തിറക്കിയ നിര്‍ദേശത്തെ എതിര്‍ത്തുകൊണ്ടാണ് ഐഎഎംഎഐ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചുകളും ഐഎഎംഎഐയിലെ അംഗങ്ങളാണ്. സംഘടനയുടെ വാദങ്ങളെ 30 പേജ് വരുന്ന സത്യവാംഗ്മൂലത്തിലൂടെയാണ് കേന്ദ്ര ബാങ്ക് ഖണ്ഡിക്കുന്നത്. നിയമപരവും സാമ്പത്തികപരവും വിശ്വാസ്യതയെ ബാധിക്കുന്നതും പ്രവര്‍ത്തനപരവുമായ അപായം ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ക്കുണ്ടെന്ന് ആര്‍ബിഐ ചൂണ്ടിക്കാട്ടുന്നു. ഭീകരവാദ ഫണ്ടിംഗും കള്ളപ്പണം വെളുപ്പിക്കലുമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കാം. ഈ സാഹചര്യത്തിലാണ് ക്രിപ്‌റ്റോകറന്‍സി ഇടപാട് നടത്തുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സേവനം നല്‍കരുതെന്ന നിര്‍ദേശം നല്‍കിയതെന്ന് ബാങ്ക് വ്യക്തമാക്കുന്നു. ഇനീഷ്യല്‍ കോയിന്‍ ഓഫറിംഗും (ഐസിഒ), വിസി ആസ്തികളും രാജ്യത്തിനകത്ത് നിരോധിക്കുന്നതിനായി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്ന കാര്യവും സത്യവാങ്മൂലത്തില്‍ ആര്‍ബിഐ വെളിപ്പെടുത്തുന്നുണ്ട്.

Categories: FK News, Slider