സ്റ്റേയില്ല; നിര്‍ത്തിവെക്കില്ല മറുപടിക്ക് ഒരുമാസം

സ്റ്റേയില്ല; നിര്‍ത്തിവെക്കില്ല മറുപടിക്ക് ഒരുമാസം

കേന്ദ്രത്തിന്റെ വാദം സുപ്രീംകോടതി ആംഗീകരിച്ചു

ന്യൂഡെല്‍ഹി: പൗരത്വ നിയമ ഭേദഗതി നിയമം (സിഎഎ), ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) എന്നിവ സ്റ്റേ ചെയ്യുന്നതിന് സുപ്രീംകോടതി വിസമ്മതിച്ചു. നിയമം സംബന്ധിച്ചുള്ള 144 ഓളം ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു മാസത്തിനുള്ളില്‍ മറുപടി നല്‍കണം. മിക്ക ഹര്‍ജികളും സിഎഎയുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുമ്പോള്‍, അവയില്‍ ചിലത് ഈ നിയമം ഭരണഘടനാപരമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവയാണ്. സിഎഎയ്ക്കെതിരായ കേസുകള്‍ ഹൈക്കോടതികള്‍ സ്വീകരിക്കരുതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഈ വിഷയത്തില്‍ 114ഓളം ഹര്‍ജികളാണ് കോടതിയുടെ പരിഗണക്ക് വന്നത്. ഇതില്‍ 60 എണ്ണത്തിനാണ് കേന്ദ്രം എതിര്‍ സത്യവാങ്മൂലം നല്‍കിയിട്ടുള്ളത്. ബാക്കി ഹര്‍ജികള്‍ക്കായി സമയം ആവശ്യമാണെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ വാദിച്ചു. സുപ്രീംകോടതി ഇത് പരിഗണിക്കുകയായിരുന്നു. അതേസമയം കേസ് ഭരണഘടനാ ബെഞ്ച് കേള്‍ക്കണമെന്ന് ഒരു കൂട്ടം അപേക്ഷകരെ പ്രതിനിധീകരിച്ച് അഭിഭാഷകന്‍ കപില്‍ സിബല്‍ അവശ്യപ്പെട്ടിട്ടുണ്ട്.

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) തയ്യാറാക്കുന്നത് ഏപ്രിലില്‍ നടക്കുമെന്നും കോടതിയുടെ ഇടക്കാല ഉത്തരവിലൂടെ അത് മാറ്റിവെക്കണമെന്നും സിബല്‍ ആവശ്യപ്പെട്ടു. പരാതിക്കാര്‍ക്കുവേണ്ടി ഹാജരായ മറ്റൊരു അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ അഭിഷേക് മനു സിംഗ്‌വിയും സ്റ്റേ ആവശ്യപ്പെട്ടു. എന്നാല്‍ കേന്ദ്രത്തിന്റെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പാടില്ലെന്ന് പറഞ്ഞ് വേണുഗോപാല്‍ അതിനെ എതിര്‍ത്തു. നിയമം നടപ്പാക്കുന്നത് നീട്ടിവെക്കുന്നത് സ്‌റ്റേയ്ക്ക് തുല്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ചീഫ് ജസ്റ്റിസ് അംഗീകരിച്ചു.

കഴിഞ്ഞ ഡിസംബര്‍ 12 ന് പാര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമത്തിലെ മാറ്റം അനധികൃത കുടിയേറ്റക്കാരെ നിര്‍വചിക്കുന്ന പൗരത്വ നിയമത്തിലെ സെക്ഷന്‍ 2 ഭേദഗതിയാണ്. ഈ നിര്‍വചനപ്രകാരം അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി അല്ലെങ്കില്‍ ക്രിസ്ത്യന്‍ സമുദായങ്ങളില്‍പ്പെട്ടവരെ പൗരത്വത്തിന് അര്‍ഹതയുള്ള കുടിയേറ്റക്കാരായി കണക്കാക്കും. 2014 ഡിസംബര്‍ 31 ന് മുമ്പ് അത്തരം ആളുകള്‍ രാജ്യത്ത് പ്രവേശിച്ചിരിക്കണം എന്നതായിരുന്നു ഏക വ്യവസ്ഥ. മുസ്ലീം സമുദായത്തെ ഇതില്‍നിന്ന് ഒഴിവാക്കുന്നത് രാജ്യത്തുടനീളം വ്യാപകമായ പ്രതിഷേധത്തിന് പിന്നീട് കാരണമായി. ഒരു നിയമം ഇന്ത്യന്‍ പൗരത്വത്തെ അപേക്ഷകന്റെ മതവുമായി ബന്ധിപ്പിക്കുന്നത് ഇതാദ്യമാണെന്ന് വിമര്‍ശകര്‍ പറയുന്നു. നിര്‍ദ്ദിഷ്ട അഖിലേന്ത്യാ നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് (എന്‍ആര്‍സി) നെതിരെയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇത് ആര്‍ട്ടിക്കിള്‍ 14 ലംഘിക്കുക മാത്രമല്ല, ഭരണഘടനയുടെ അടിസ്ഥാന ഘടനയെ നഗ്‌നമായി എതിര്‍ക്കുകയും ചെയ്യുന്നു എന്നാണ് പ്രകതിപക്ഷത്തിന്റെ അഭിപ്രായം. അതേസമയം മൂന്ന് രാജ്യങ്ങളില്‍ മുസ്ലീങ്ങള്‍ക്ക് ഭൂരിപക്ഷമുള്ളതിനാലാണ് അവരെ ഒഴിവാക്കിയതെന്ന് സിഎഎയെ പിന്തുണയ്ക്കുന്നവര്‍ വാദിക്കുന്നു.

Comments

comments

Categories: FK News
Tags: CAA, Stay