ബിഎസ് 6 ഫോഡ് ഇക്കോസ്‌പോര്‍ട്ട് പുറത്തിറക്കി

ബിഎസ് 6 ഫോഡ് ഇക്കോസ്‌പോര്‍ട്ട് പുറത്തിറക്കി

ഇന്ത്യ എക്‌സ് ഷോറൂം വില 8.04 ലക്ഷം മുതല്‍ 11.58 ലക്ഷം രൂപ വരെ

ന്യൂഡെല്‍ഹി: ബിഎസ് 6 പാലിക്കുന്ന ഫോഡ് ഇക്കോസ്‌പോര്‍ട്ട് സബ്‌കോംപാക്റ്റ് എസ്‌യുവി വിപണിയില്‍ അവതരിപ്പിച്ചു. 8.04 ലക്ഷം മുതല്‍ 11.58 ലക്ഷം രൂപ വരെയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ബിഎസ് 4 മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ വിവിധ വേരിയന്റുകള്‍ക്കനുസരിച്ച് 13,000 രൂപ മാത്രമാണ് വില വര്‍ധിച്ചിരിക്കുന്നത്. 4,700 രൂപ അധികം നല്‍കിയാല്‍ ഒരു ലക്ഷം കിമീ അല്ലെങ്കില്‍ പത്ത് വര്‍ഷ സര്‍വീസ് പാക്കേജ് ലഭിക്കും.

2020 ഫോഡ് ഇക്കോസ്‌പോര്‍ട്ടിന് നിലവിലെ അതേ പവര്‍ട്രെയ്‌നുകളാണ് കരുത്തേകുന്നത്. ഇപ്പോള്‍ ബിഎസ് 6 പാലിക്കുന്നതാക്കി പരിഷ്‌കരിച്ചു. 1.5 ലിറ്റര്‍, 3 സിലിണ്ടര്‍ ടിഐ-വിസിടി പെട്രോള്‍ എന്‍ജിന്‍ 118 ബിഎച്ച്പി കരുത്തും 149 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേഡായി ചേര്‍ത്തുവെച്ചു. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷണലായി ലഭിക്കും. 1.5 ലിറ്റര്‍, 4 സിലിണ്ടര്‍, ടിഡിസിഐ ഡീസല്‍ മോട്ടോര്‍ 99 ബിഎച്ച്പി കരുത്തും 215 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേഡായി ഘടിപ്പിച്ചു.

ലുക്ക്, കാബിന്‍, കംഫര്‍ട്ട് ഫീച്ചറുകള്‍, സുരക്ഷാ ഫീച്ചറുകള്‍ എന്നിവയില്‍ മാറ്റമില്ല. ആപ്പിള്‍ കാര്‍പ്ല, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം 9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ‘സിങ്ക് 3’ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, എംബെഡ്ഡഡ് നാവിഗേഷന്‍ സിസ്റ്റം, ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സഹിതം എച്ച്‌ഐഡി ഹെഡ്‌ലാംപുകള്‍, ഇലക്ട്രോക്രോമിക് മിറര്‍, റെയ്ന്‍ സെന്‍സിംഗ് വൈപ്പര്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകള്‍ 2020 മോഡലിനും ലഭിച്ചു. ടോപ് വേരിയന്റുകളില്‍ ആറ് എയര്‍ബാഗുകളും മറ്റ് സുരക്ഷാ ഫീച്ചറുകളും തുടര്‍ന്നും നല്‍കി. എബിഎസ്, ഇബിഡി എന്നിവ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേഡാണ്.

Comments

comments

Categories: Auto