ഖത്തറിലെ പുതിയ നിയമത്തിനെതിരെ ആംനെസ്റ്റി ഇന്റെര്‍നാഷണല്‍

ഖത്തറിലെ പുതിയ നിയമത്തിനെതിരെ ആംനെസ്റ്റി ഇന്റെര്‍നാഷണല്‍

തെറ്റായതും പക്ഷപാതപരവുമായ പ്രസ്താവനകള്‍ പ്രസിദ്ധീകരിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കിയ ഖത്തര്‍ നടപടിക്കെതിരെയാണ് പ്രതിഷേധം

ദോഹ തെറ്റായതും പക്ഷം പിടിച്ചുമുള്ള പ്രസ്താവനകള്‍ പ്രസിദ്ധീകരിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കിയ ഖത്തര്‍ നിയമത്തിനെതിരെ ആംനെസ്റ്റി ഇന്റെര്‍നാഷണല്‍ രംഗത്ത്. അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതാണ് ഖത്തറിലെ പുതിയ നിയമ ഭേദഗതിയെന്ന് ആംനെസ്റ്റി ആരോപിച്ചു.

രാജ്യതാല്‍പ്പര്യം ഹനിക്കുക, പൊതുജനാഭിപ്രായം ഇളക്കിവിടുക, സാമൂഹ്യസംവിധാനത്തെയോ പൊതുസംവിധാനത്തെയോ തകര്‍ക്കുക എന്നീ ഉദ്ദേശങ്ങളോടെ സ്വദേശത്തോ വിദേശത്തോ തെറ്റായതും പക്ഷപാതപരവുമായ അപവാദങ്ങള്‍, പ്രസ്താവനകള്‍, അപകീര്‍ത്തി ഉദ്ദേശത്തോടെയുള്ള റിപ്പോര്‍ട്ടുകള്‍ എന്നിവ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ പുനപ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് അഞ്ചുവര്‍ഷം വരെ തടവുശിക്ഷയും 100,000 ഖത്തര്‍ റിയാല്‍ വരെ (27,000 ഡോളര്‍) പിഴയും ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണെന്നാണ് കഴിഞ്ഞ ദിവസം ഖത്തര്‍ ശിക്ഷാ നിയമത്തില്‍ പുതുതായി കൂട്ടിച്ചേര്‍ത്ത നിയമഭേദഗതി വ്യക്തമാക്കുന്നത്.

2018ല്‍ സിവില്‍, രാഷ്ട്രീയ അവകാശങ്ങളെ സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടിയില്‍ ഒപ്പുവെച്ചപ്പോള്‍ (ഐസിസിപിആര്‍) ഖത്തര്‍ നടത്തിയ പ്രതിജ്ഞകളുടെ ലംഘനമാണ് ഈ നിയമമെന്ന് ലണ്ടന്‍ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംരക്ഷണ സംഘടന അവകാശപ്പെട്ടു. 173 രാജ്യങ്ങളാണ് ഐസിസിപിആറില്‍ ഒപ്പുവെച്ചിരിക്കുന്നത്. ഇപ്പോള്‍ത്തന്നെ മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവും അടിച്ചമര്‍ത്തുന്ന നിയമങ്ങള്‍ നിലവിലുള്ള ഖത്തറിലെ ഈ പുതിയ നിയമം രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യത്തിന് തീര്‍ത്തും അപകടകരവും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ വ്യക്തമായ ലംഘനവുമാണെന്ന് ആംനെസ്റ്റിയുടെ പശ്ചിമേഷ്യ ഗവേഷണ വിഭാഗം ഡയറക്ടര്‍ ലിന്‍ മാലൗഫ് പറഞ്ഞു. സമാധാനപരമായ വിമര്‍ശനങ്ങളെ നിശബ്ദമാക്കുന്ന രീതിയില്‍ ഉപയോഗിക്കപ്പെടാവുന്ന നിയമങ്ങള്‍ ഖത്തര്‍ അമീര്‍ രാജ്യത്ത് നടപ്പിലാക്കുന്നത് അത്യന്തം അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുദ്ധസമയത്താണ് ‘കുറ്റം’ ചെയ്യുന്നതെങ്കില്‍ ശിക്ഷകള്‍ കൂടുമെന്നും ഖത്തറിലെ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച ഭേദഗതിയില്‍ പറയുന്നു.

Comments

comments

Categories: Arabia
Tags: Qatar

Related Articles