നക്കീലിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും അലി റാഷിദ് ലൂത്ത പടിയിറങ്ങുന്നു

നക്കീലിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും അലി റാഷിദ് ലൂത്ത പടിയിറങ്ങുന്നു
  • പത്ത് വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ലൂത്ത കമ്പനി വിടുന്നത്
  • ദുബായ് വെല്‍ത്ത് ഫണ്ട് സിഇഒ മുഹമ്മദ് അല്‍ ഷെയ്ബാനി പുതിയ ചെയര്‍മാനാകും

ദുബായ്: ദുബായിലെ പ്രശസ്തമായ പാം ജുമെയ്‌റ ദ്വീപിന്റെ നിര്‍മാതാക്കളായ നക്കീലിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും അലി റാഷിദ് ലൂത്ത പടിയിറങ്ങുന്നു. പ്രതിസന്ധിഘട്ടത്തില്‍ കമ്പനിയെ നയിച്ച ലൂത്ത പത്ത് വര്‍ഷത്തെ സേവനത്തിന് ശേഷമാണ് കമ്പനി വിടുന്നത്. ദുബായ് വെല്‍ത്ത് ഫണ്ട് സിഇഒയും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ മുഹമ്മദ് അല്‍ ഷെയ്ബാനിയായിരിക്കും അലി റാഷിദ് ലൂത്തയുടെ പിന്‍ഗാമി.

ലൂത്ത രാജിവെച്ചതിന് ശേഷം അല്‍ ഷെയ്ബാനി പുതിയ ചെയര്‍മാനായി ചുമതലയേല്‍ക്കുമെന്ന് നക്കീല്‍ അറിയിച്ചു. ദുബായിലെ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ് സിഇഒയും ദുബായ് ഭരണാധികാരിയുടെ കോടതിയുടെ ഡയറക്ടര്‍ ജനറലും കൂടിയാണ് നക്കീലിന്റെ പുതിയ ഡയറക്ടര്‍ ബോര്‍ഡംഗങ്ങളില്‍ ഒരാളായ അല്‍ ഷെയ്ബാനി. ലൂത്തയുടെ മുന്‍ഗാമിയായ സുല്‍ത്താന്‍ ബിന്‍ സുലെയം, ഖലീഫ അല്‍ദാബൂസ്, ഇസ്സാം ഗലദരി എന്നിവരാണ് മറ്റ് ബോര്‍ഡംഗങ്ങള്‍.

പനയുടെ രൂപത്തിലുള്ള(പാം) കൃത്രിമ ദ്വീപുകളുടെ നിര്‍മാണത്തില്‍ കമ്പനിയെ നയിക്കുന്നതിനായി 2010ല്‍ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലെയത്തിന് പകരക്കാരനായാണ് ലൂത്ത സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രോപ്പര്‍ട്ടി ഡെവലപ്പറായ നക്കീലില്‍ എത്തിയത്. ദുബായിയെ കടബാധ്യതയുടെ ഓരത്തെത്തിച്ച 2009ലെ പ്രതിസന്ധി കാലത്ത് എമിറേറ്റിലെ ഏറ്റവുമധികം കടബാധ്യതയുള്ള കമ്പനികളിലൊന്നായിരുന്നു നക്കീല്‍. 10.5 ബില്യണ്‍ ഡോളറിന്റെ ബാധ്യതയുണ്ടായിരുന്ന കമ്പനിയില്‍ സാമ്പത്തിക പുനഃസംഘടനയ്ക്ക് ചുക്കാന്‍ പിടിച്ചത് അലി ലൂത്ത ആയിരുന്നു. സര്‍ക്കാരില്‍ നിന്നും കാര്യമായ പിന്തുണ ലഭിച്ചതോടെ ബില്യണ്‍ കണക്കിന് ദിര്‍ഹം മൂല്യമുള്ള പദ്ധതികളും അടിസ്ഥാനസൗകര്യ വികസന പ്രോജക്ടുകളും കനക്കീലിനെ തേടിയെത്തി.

പക്ഷേ 2014ന് ശേഷം ദുബായിലെ പ്രോപ്പര്‍ട്ടി വിപണി നേരിടുന്ന മാന്ദ്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ നക്കീലിന് സാധിച്ചില്ല. മാന്ദ്യത്തെ തുടര്‍ന്ന് നക്കീലിന്റെ ലാഭത്തില്‍ വലിയ തോതിലുള്ള ഇടിവുണ്ടായി. 2017ല്‍ 5.67 ബില്യണ്‍ ദിര്‍ഹം ലാഭമുണ്ടായിരുന്ന നക്കീല്‍ 2018ല്‍ 4.38 ബില്യണ്‍ ദിര്‍ഹത്തിന്റെ ലാഭമാണ് റിപ്പോര്‍ട്ട് ചെയ്തത്. 1.29 ബില്യണ്‍ ദിര്‍ഹത്തിന്റെ ഇടിവാണ് ഒരു വര്‍ഷത്തിനിടെ കമ്പനിയുടെ ലാഭത്തിലുണ്ടായത്. ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിക്കാന്‍ തീരുമാനിച്ച കമ്പനി കഴിഞ്ഞ മാര്‍ച്ചില്‍ മുന്നൂറോളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

വിതരണവും ആവശ്യകതയും കൈകാര്യം ചെയ്യുന്നതിനായുള്ള കമ്മിറ്റി രൂപീകരിച്ചതടക്കം ദീര്‍ഘകാലമായി നേരിടുന്ന പ്രതിസന്ധിയില്‍ നിന്നും പ്രോപ്പര്‍ട്ടി വിപണിയെ കരകയറ്റുന്നതിനായി സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളുന്നുണ്ടെങ്കിലും ശുഭസൂചനകളൊന്നും ഇതുവരെ വിപണിയില്‍ കണ്ടുതുടങ്ങിയിട്ടില്ല.

Comments

comments

Categories: Arabia

Related Articles