100 ബില്യണ്‍ ഡോളര്‍ വിപണി മൂല്യം പിന്നിട്ട് ടെസ്‌ല

100 ബില്യണ്‍ ഡോളര്‍ വിപണി മൂല്യം പിന്നിട്ട് ടെസ്‌ല
  •  ഓഹരിവില റെക്കോര്‍ഡ് ഉയരത്തില്‍ 555.10 ഡോളറിലെത്തി
  •  വിപണി മൂല്യത്തില്‍ ടെസ് ല ഫോക്‌സ്‌വാഗണിന് തൊട്ടടുത്ത്
  • ടെസ്‌ല ഓഹരി വില 800 ഡോളറിലെത്തുമെന്ന് ന്യൂ സ്ട്രീറ്റ് റിസര്‍ച്ച്

ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ ടെസ്‌ലയുടെ വിപണി മൂല്യം 100 ബില്യണ്‍ ഡോളര്‍ കടന്നു. കഴിഞ്ഞ ദിവസം വ്യാപാരം തുടങ്ങിയപ്പോള്‍ ടെസ്‌ല ഓഹരി വില മണിക്കൂറുകള്‍ക്കുള്ളില്‍ 1.4 ശതമാനം ഉയര്‍ന്ന് 7.2 ശതമാനത്തില്‍ അവസാനിച്ചിരുന്നു. വിപണിയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 555.10 ഡോളറില്‍ ഓഹരി വില ഉയര്‍ന്നതോടെ കമ്പനിയുടെ വിപണി മൂല്യം 100.1 ബില്യണ്‍ ഡോളറായി ഫോക്‌സ്‌വാഗണിന്റെ മൂല്യത്തിന് അടുത്തെത്തി. ഫോക്‌സ്‌വാഗണിന്റെ വിപണി മൂല്യം 100. 6 ബില്യണ്‍ ഡോളറാണ്.

ടെസ്‌ലയുടെ മൂന്നാംപാദ അറ്റാദായം ഉയരുകയും ചൈനയില്‍ ഫാക്ടറി തുറന്ന് പുതിയ നിര വാഹനമായ മോഡല്‍ വൈ പുറത്തിറക്കുന്ന പ്രഖ്യാപനം കൂടി വന്നതോടുകൂടി ഓഹരിവിലയില്‍ കുതിപ്പും ദൃശ്യമായിരുന്നു. അടുത്തിടെ ചൈനയില്‍ പുറത്തിറക്കിയ വാഹനം വിപണിയില്‍ കൂടുതല്‍ ശ്രദ്ധേയമായതോടെ എലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ടെസ്‌ലയുടെ വളര്‍ച്ച ചൈനയിലേക്കും പടര്‍ന്നു പന്തലിക്കുകയാണ്. ഓഹരി വിലയിലും വിപണി മൂലധനത്തിനും കമ്പനി എതിരാളികളെ നിഷ്പ്രഭരാക്കി മുന്നോട്ടു നീങ്ങുകയാണിപ്പോള്‍ ടെസ്‌ല. കഴിഞ്ഞ ആറു മാസത്തിനിടയില്‍ കമ്പനിയുടെ ഓഹരിവില ഇരട്ടിയോളമെത്തി. രണ്ടാഴ്ച മുമ്പ് സിലിക്കണ്‍വാലിയിലെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ ടെസ്‌ലയുടെ വിപണി മൂലധനം 84.5 ബില്യണ്‍ ഡോളറായിരുന്നു. ഇത് ജനറല്‍ മോട്ടോഴ്‌സ്, ഫോര്‍ഡ് എന്നീ രണ്ടു വന്‍കിട കമ്പനികളുടെയും കൂടിയുള്ള വിപണി മൂലധനത്തിന് ഒപ്പം വരുകയും ചെയ്തു. എന്നാല്‍ രണ്ടു വാരം പിന്നിട്ടപ്പോഴേക്കും വിപണിയില്‍ ശക്തമായ പ്രകനം കാഴ്ചവെച്ചുകൊണ്ട് കമ്പനിയുടെ മൂല്യം 100 ബില്യണ്‍ കടത്താന്‍ മസ്‌കിനു കഴിഞ്ഞിരിക്കുന്നു.

വിപണി വിദഗ്ധരുടെ പ്രതീക്ഷകളും പ്രവചനങ്ങളും അസ്ഥാനത്താക്കിയാണ് ടെസ്‌ലയുടെ കുതിപ്പ്. വിപണി ഗവേഷകരായ ന്യൂ സ്ട്രീറ്റ് റിസര്‍ച്ച് അനലിസ്റ്റ് പിയരെ ഫെരാഗുവിന്റെ കണക്കുകൂട്ടലില്‍ 2025 ഓടുകൂടി കാര്‍നിര്‍മാതാക്കളില്‍ മുന്‍നിരക്കാരായി പ്രതിവര്‍ഷം 2 ദശലക്ഷം മുതല്‍ 3 ദശലക്ഷം കാറുകള്‍ വരെ വിറ്റഴിക്കാന്‍ കമ്പനിക്ക് കഴിയും. ഓഹരിവില 800 ഡോളര്‍ വരെ ഉയരുമെന്നും പ്രവചിക്കപ്പെടുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ടെസ്‌ലയുടെ ഓഹരി വിലയില്‍ വന്ന ഉയര്‍ച്ച അതിശയകരമാണ്. ഇതിനിടെ മിച്ചിഗണുമായി ടെസ്‌ല സ്ഥാപിച്ച കരാര്‍ പ്രകാരം കമ്പനിക്ക് നേരിട്ട് സംസ്ഥാനത്തെ ഉപഭോക്താക്കള്‍ക്ക് കാര്‍ വിതരണം ചെയ്യാനുമാകും. ഇതും ടെസ്‌ലയ്ക്ക് വന്‍ വിജയം നേടിക്കൊടുക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

അമേരിക്കയില്‍ കമ്പനി നടത്തിയ കുതിപ്പ് ചൈനയില്‍ അതേ പടി ആവര്‍ത്തിക്കുമെന്ന് ഉറപ്പിച്ചു പറയാന്‍ ആവില്ലെങ്കിലും പുതിയ വാഹനങ്ങള്‍ ചൈനക്കാരെ ഏറെ ആകര്‍ഷിച്ചിട്ടുണ്ടെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വാഹനപ്രേമികള്‍ ഏറെയിഷ്ടപ്പെട്ട് കാത്തിരുന്ന മോഡലാണ് പുതിയ മോഡല്‍ വൈ എന്നും വിലയിരുത്തലുണ്ട്. ചൈനയിലെ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷം ജിഎമ്മിന് ഇടിവ് സംഭവിച്ചിരുന്നു. ചൈനയിലെ കഴിഞ്ഞ വര്‍ഷത്തെ വില്‍പ്പനയുടെ കണക്കുകള്‍ ഫോര്‍ഡ് ഇനിയും പുറത്തുവിട്ടിട്ടില്ല. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കമ്പനിയുടെ വില്‍പ്പന കുറയുമെന്നാണ് സൂചന. ടെസ്‌ലയുടെ ചൈനയിലേക്കുള്ള വരവ് ഗംഭീരമായെങ്കിലും അത് നിലനിര്‍ത്താനാകുമോ എന്ന കാര്യത്തില്‍ വിപണി വിദഗ്ധര്‍ക്ക് ആശങ്കയുണ്ട്. എന്നിരുന്നാലും കമ്പനിയുടെ സിഇഒ ആയ എലോണ്‍ മസ്‌കിന്റെ ബിസിനസ് തന്ത്രങ്ങള്‍ക്ക് മാജിക്കല്‍ പവറുണ്ടെന്ന് വിപണി ഗവേഷകര്‍ തുറന്നു സമ്മതിക്കുന്നു.

Comments

comments

Categories: FK News
Tags: Tesla