470 ദശലക്ഷം പേര്‍ക്ക് മാന്യമായ തൊഴിലില്ലെന്ന് യുഎന്‍

470 ദശലക്ഷം പേര്‍ക്ക് മാന്യമായ തൊഴിലില്ലെന്ന് യുഎന്‍

തൊഴിലില്ലാത്തവരുടെ എണ്ണം 180 ദശലക്ഷത്തില്‍ നിന്ന് 190.5 ദശലക്ഷമായി ഉയരും

ജനീവ:ലോകമൊട്ടാകെ 470 ദശലക്ഷം പേര്‍ക്ക് മാന്യമായ തൊഴില്‍ ലഭിച്ചിട്ടില്ലെന്ന് ഐക്യരാഷ്ടസഭ (യുഎന്‍)യുടെ വെളിപ്പെടുത്തല്‍. കടുത്ത തൊഴില്‍ക്ഷാമം സാമൂഹിക അരക്ഷിതാവസ്ഥയ്ക്ക് കാരണമാകുമെന്നും യുഎന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുഎന്നിലെ അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (ഐഎല്‍ഒ)കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒരു ദശകത്തോളമായി ആഗോള തൊഴിലില്ലായ്മ നിരക്ക് മാറ്റമില്ലാതെ സ്ഥിരമായി തുടരുകയാണെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

കഴിഞ്ഞ വര്‍ഷം 5.4 ആയിരുന്നു തൊഴിലില്ലായ്മ നിരക്ക്. ഇതില്‍ വലിയ തോതില്‍ മാറ്റം വരുന്നില്ലെന്നും യുഎന്‍ ചൂണ്ടിക്കാട്ടി. തൊഴിലില്ലാത്തവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. സാമ്പത്തിക മാന്ദ്യം തൊഴില്‍ ലഭ്യത കുറയാനും ഇടയാക്കി. ജനസംഖ്യ കൂടുന്നതിന് ആനുപാതികമായി തൊഴില്‍ വര്‍ധനവ് ദൃശ്യമാകുന്നില്ല. ഈ വര്‍ഷം തൊഴില്‍ ഇല്ലാത്തവരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ 188 ദശലക്ഷത്തില്‍ നിന്നും 190.5 ദശലക്ഷമായി ഉയരുമെന്നാണ് കണക്കുകൂട്ടലെന്ന് ഐഎല്‍ഒയുടെ ലോകത്തൊട്ടാകെയുള്ള തൊഴില്‍, സാമൂഹിക കാഴ്ചപ്പാട് അടിസ്ഥാനമാക്കി തയാറാക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ ഏകദേശം 285 ദശലക്ഷത്തോളം പേര്‍ക്ക് മാന്യമായ തൊഴില്‍ ഇല്ലെന്നാണ് ഐഎല്‍ഒ ഉറപ്പിച്ച് പറയുന്നത്. അതായത് 285 ദശലക്ഷത്തോളം പേര്‍, അവര്‍ക്ക് ആവശ്യമുള്ളതിലും കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യാന്‍ തയാറാകേണ്ട സാഹചര്യം, ഇക്കൂട്ടര്‍ മികച്ച ജോലി അന്വേഷിച്ചു കൊണ്ടിരിക്കുന്നവരാണ്. തൊഴില്‍ ചെയ്യുന്നതുകൊണ്ട് ജീവിതം മെച്ചപ്പെടുത്താനുള്ള ശേഷിയില്ലാത്തവരാണ്. ആഗോള തൊഴില്‍ ശക്തിയുടെ 13 ശതമാനത്തോളം വരുമിതെന്നും ഐഎല്‍ഒ ചൂണ്ടിക്കാട്ടുന്നു.

ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴിലിലൂടെ ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യമാണുള്ളതെന്ന് ഐഎല്‍ഒ മേധാവി ഗെയ് റൈഡര്‍ ജനീവയില്‍ വ്യക്തമാക്കി. സമൂഹത്തില്‍ മാന്യമാ തൊഴില്‍ നേടാനാകാത്ത സാഹതര്യം അരക്ഷിതാവസ്ഥയ്ക്ക് കാരണമായേക്കും. ലബനനിനും ചിലിയിലും ദൃശ്യമായതു പോലെയുള്ള തെരുവ് പ്രതിഷേധങ്ങളിലേക്ക് ഇത്തരം അരക്ഷിതാവസ്ഥയും പ്രതിഷേധവും എത്തിക്കുമെന്നും യുഎന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അടിസ്ഥാനപരമായ സാമൂഹ്യ സുരക്ഷിതത്വം ഇല്ലാതെയാണ് ആഗോള തൊഴില്‍ശക്തിയുടെ 60 ശതമാനം പേരും ജോലി ചെയ്യുന്നത്. 2019ല്‍, ആഗോള തൊഴില്‍ ജനസംഖ്യയില്‍ അഞ്ചിലൊന്ന് വരുന്ന 630 ദശലക്ഷം പേര്‍, ദാരിദ്ര്യത്തിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കൂടാതെ, പ്രായം, ലിംഗം, ഭൂമിശാസ്ത്രപരമായ ഘടങ്ങള്‍ എന്നിവ തൊഴിലില്‍ അസമത്വം സൃഷ്ടിക്കുമെന്നും കണ്ടെത്തലുണ്ട്. 15നും 24നും ഇടയില്‍ പ്രായമുള്ള 267 ദശലക്ഷത്തോളം യുവ ജനത തൊഴില്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. എന്നാല്‍ ഇവരില്‍ പലരും മോശമല്ലാത്ത ജോലി ചെയ്യുന്നവരുമാണ്.

Comments

comments

Categories: FK News
Tags: UN

Related Articles