ടെലികോം വകുപ്പിന്റെ അടുത്ത ഇര ഓയില്‍ ഇന്ത്യ

ടെലികോം വകുപ്പിന്റെ അടുത്ത ഇര ഓയില്‍ ഇന്ത്യ

48,000 കോടി രൂപ ആവശ്യപ്പെട്ട് ടെലികോം വകുപ്പ് പൊതുമേഖലാ എണ്ണക്കമ്പനിക്ക് നോട്ടീസയച്ചു

ന്യൂഡെല്‍ഹി: ടെലികോം, ഇന്റര്‍നെറ്റ് ലൈസന്‍സുകള്‍ അനുവദിച്ചിട്ടുള്ള ടെലികോം ഇതര കമ്പനികള്‍ക്കെതിരായ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും കടുപ്പിക്കുന്നു. ഗാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡില്‍ (ഗെയ്ല്‍) നിന്ന് 1.72 ലക്ഷം കോടി പിഴയിനത്തില്‍ ആവശ്യപ്പെട്ടതിന് പിന്നാലെ പൊതുമേഖലാ എണ്ണ-വാതക കമ്പനിയായ ഓയില്‍ ഇന്ത്യാ ലിമിറ്റഡിനും ടെലികോം വകുപ്പ് നോട്ടീസ് നല്‍കി. 48,000 കോടി രൂപ പിഴയിനത്തില്‍ അടക്കണമെന്നാണ് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. കമ്പനിയുടെ ആഭ്യന്തര ആശയവിനിമയങ്ങള്‍ക്കായി ഒപ്റ്റിക് ഫൈബര്‍ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ചതിന് നല്‍കേണ്ട കുടിശികയാണിത്. തുകയും പലിശയും പിഴയും ചേര്‍ത്ത തുകയാണിത്. എണ്ണയുല്‍പ്പാദന രംഗത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ സ്ഥാപനമാണ് ഓയില്‍ ഇന്ത്യ. ഓയില്‍ ഇന്ത്യയുടെ ആകെ ആസ്തിയുടെ ഇരട്ടിയോളം തുകയാണ് സര്‍ക്കാര്‍ പിഴയായി ആവശ്യപ്പെടുന്നത്. കമ്പനിയെ വന്‍ പ്രതിസന്ധിയിലേക്ക് നയിച്ചേക്കാവുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്.

‘ജനുവരി 23നകം പണമടയ്ക്കണമെന്ന സന്ദേശം ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. അതിനെ റ്റിഡിഎസ്എറ്റിയില്‍ (ടെലികോം ഡിസ്പ്യൂട്ട്‌സ് സെറ്റില്‍മെന്റ് ആന്‍ഡ് അപ്പലേറ്റ് ട്രിബ്യൂണല്‍) നേരിടാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്.’ ഓയില്‍ ഇന്ത്യയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ സുശീല്‍ ചന്ദ്ര മിശ്ര പറയുന്നു. എജിആര്‍ പിഴത്തുക അടയ്ക്കുവാനുള്ള അവസാന തിയതിയായി സുപ്രീം കോടതി പ്രഖ്യാപിച്ച ജനുവരി 23, കേസില്‍ കക്ഷികളല്ലാത്ത പൊതുമേഖലാ കമ്പനികള്‍ക്ക് ബാധകമാണോയെന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. കേസിന്റെ ഭാഗമല്ലാത്തതിനാല്‍ നിശ്ചിത തിയതിക്കുള്ളില്‍ പണമടച്ചില്ലെങ്കിലും കോടതിയലക്ഷ്യമാവില്ല എന്നാണ് വ്യാഖ്യാനിക്കപ്പെട്ടിരുന്നത്. എന്നാല്‍ കടുത്ത നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്നാണ് ഓയില്‍ ഇന്ത്യക്കെതിരായ നീക്കം സൂചിപ്പിക്കുന്നത്.

അടിയന്തര ഹര്‍ജി

പിഴത്തുക അടയ്ക്കാനുള്ള തിയതി വ്യാഴാഴ്ച അവസാനിക്കാനിരിക്കെ അടിയന്തരമായി തങ്ങളുടെ ഭാഗം കേള്‍ക്കണമെന്നാവശ്യപ്പെട്ട് ടെലികോം ഓപ്പറേറ്റര്‍മാരായ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, ടാറ്റ ടെലികോം എന്നിവ സുപ്രീം കോടതിയെ സമീപിച്ചു. കേന്ദ്ര ടെലികോം മന്ത്രാലയവുമായി ധാരണ ഉണ്ടാക്കാന്‍ സമയം നല്‍കണമെന്നാണ് ആവശ്യം. 1.47 ലക്ഷം കോടി രൂപയാണ് കമ്പനികള്‍ക്ക് പിഴയായി വിധിച്ചിരിക്കുന്നത്. പിഴത്തുക ഈ മാസം 23 ന് അകം അടയ്ക്കണമെന്നും കഴിഞ്ഞയാഴ്ച കമ്പനികളുടെ ഹര്‍ജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കിയിരുന്നു.

Categories: FK News, Slider