അയോഗ്യതാ തീരുമാനിക്കേണ്ടത് സ്പീക്കറല്ല: സുപ്രീം കോടതി

അയോഗ്യതാ തീരുമാനിക്കേണ്ടത് സ്പീക്കറല്ല: സുപ്രീം കോടതി

ഇതിനായി സ്വതന്ത്രവും ശാശ്വതവുമായ ഒരു സംവിധാനത്തെക്കുറിച്ച് ചിന്തിക്കണം

ന്യൂഡെല്‍ഹി: എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായ അയോഗ്യതാ പരാതികളില്‍ തീരുമാനമെടുക്കുന്നതിന് സ്വതന്ത്രവും ശാശ്വതവുമായ ഒരു സംവിധാനം ഏര്‍പ്പെടുത്തേണ്ടതിനെക്കുറിച്ച് പാര്‍ലമെന്റ് ചിന്തിക്കേണ്ടതാണെന്ന് സുപ്രീം കോടതി. സ്പീക്കറില്‍ പ്രത്യേക അധികാരങ്ങള്‍ നിലനിര്‍ത്തുന്നതിനുപകരമാണ് കോടതി ഈ നിര്‍ദേശം നല്‍കിയത്. ജസ്റ്റിസ് രോഹിന്റണ്‍ എഫ് നരിമാന്‍ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. അയോഗ്യതാ ഹര്‍ജികളില്‍ തീരുമാനമെടുക്കുന്നതിന് സ്പീക്കറിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്നതിലെ യുക്തി പാര്‍ലമെന്റ് പുനഃപരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമായിരിക്കുമ്പോള്‍ അയോഗ്യതാ ഹര്‍ജികള്‍ സംബന്ധിച്ച തീരുമാനങ്ങള്‍ സ്പീക്കറെ മാത്രം ഏല്‍പ്പിക്കണമോ എന്നും ബെഞ്ച് ചോദിച്ചു. സുപ്രീംകോടതിയില്‍ അടുത്തിടെയുണ്ടായ ചില കേസുകള്‍ കണക്കിലെടുത്താണ് സ്ഥിരമായതോ സ്വതന്ത്രമായതോ ആയ ഒരു സംവിധാനത്തിലേക്ക് ഹര്‍ജികള്‍ മാറ്റപ്പെടേണ്ടതിനെക്കുറിച്ച് കോടതി അഭിപ്രായം പ്രകടിപ്പിച്ചത്. സ്പീക്കറുടെ സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നം വീണ്ടും ഇവിടെ ഉന്നയിക്കപ്പെടുകയും ചെയ്തു.

മണിപ്പൂരിലെ വനം, പരിസ്ഥിതി മന്ത്രി തൗനജാം ശ്യാംകുമാറിന്റെ അയോഗ്യതയുമായി ബന്ധപ്പെട്ട കേസ് വാദം കേള്‍ക്കുന്നതിനിടെയാണ് പരമോന്നത കോടതി ഈ അഭിപ്രായപ്രകടനം നടത്തിയത്. തൗനജാം ശ്യാംകുമാര്‍ കോണ്‍ഗ്രസ്് ടിക്കറ്റില്‍ വിജയിച്ചെങ്കിലും പിന്നീട് ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ ചേര്‍ന്നു. അയോഗ്യത സംബന്ധിച്ച പരാതിയില്‍ അനിശ്ചിതമായി തീരുമാനമെടുക്കാതിരിക്കാന്‍ സ്പീക്കറിന് കഴിയില്ലെന്നും ന്യായമായ സമയത്തിനുള്ളില്‍ സ്പീക്കറുടെ തീരുമാനം അനിവാര്യമാണെന്നും സുപ്രീം കോടതി വിധിന്യായത്തില്‍ അഭിപ്രായപ്പെട്ടു. മൂന്ന് മാസത്തിനുള്ളില്‍ അയോഗ്യതാ പരാതികളില്‍ സ്പീക്കര്‍ തീരുമാനമെടുക്കണമെന്ന് ബെഞ്ച് പറഞ്ഞു.

മണിപ്പൂര്‍ കേസില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ അയോഗ്യതാ പരാതികളില്‍ 4 ആഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കാന്‍ ബെഞ്ച് സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനമെടുത്തില്ലെങ്കില്‍ എംഎല്‍എമാര്‍ക്ക് കോടതിയില്‍ തിരിച്ചെത്താമെന്നും സുപ്രീംകോടതി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ്, ജെഡിഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി വിമത എംഎല്‍എമാര്‍ സ്പീക്കര്‍ തങ്ങളുടെ രാജി സ്വീകരിക്കുന്നില്ലെന്ന് പരാതിപ്പെട്ട കര്‍ണാടക കേസും സുപ്രീം കോടതി അടുത്തിടെ പരിഗണിച്ചിരുന്നു. തുടര്‍ന്ന് സ്പീക്കര്‍ തങ്ങളെ അയോഗ്യരാക്കിയതിനെ ചോദ്യം ചെയ്യുകയും ചെയയ്തു.

Comments

comments

Categories: FK News