ഇന്ത്യയെ പെനാംഗിലേക്ക് ആകര്‍ഷിക്കാന്‍ റോഡ്‌ഷോയുമായി പിസിഇബി

ഇന്ത്യയെ പെനാംഗിലേക്ക് ആകര്‍ഷിക്കാന്‍ റോഡ്‌ഷോയുമായി പിസിഇബി
  • ദ്വീപ് നഗരമായ പെനാംഗ് യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്
  • ഇന്ത്യന്‍ വിപണിക്ക് വേണ്ടി പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത പെനാംഗ് സ്‌പെഷ്യലിസ്റ്റ് പ്രോഗ്രാം റോഡ് ഷോയില്‍ അവതരിപ്പിക്കും

കൊച്ചി: കോര്‍പ്പറേറ്റ് മീറ്റിംഗുകള്‍, കോണ്‍ഫറന്‍സുകള്‍, കണ്‍വെന്‍ഷനുകള്‍ എന്നിവക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമെന്ന നിലയില്‍ പെനാംഗിനെ അവതരിപ്പിക്കാന്‍ പെനാംഗ് കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ ബ്യൂറോ (പിസിഇബി) കൊച്ചിയില്‍ റോഡ്ഷോ സംഘടിപ്പിക്കുന്നു. നാല് ഇന്ത്യന്‍ നഗരങ്ങളില്‍ നടത്തുന്ന റോഡ്ഷോയുടെ ഭാഗമായാണ് കൊച്ചിയിലും ഷോ നടത്തുന്നത്. ഹോട്ടലുകള്‍, ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്പനികള്‍, പ്രൊഫഷണല്‍ കോണ്‍ഫറന്‍സ് സംഘാടകര്‍, ഈവന്റ് പ്ലാനര്‍മാര്‍ തുടങ്ങി വിവിധ മേഖലകളെ പ്രതിനിധീകരിച്ച് പങ്കാളിത്തമുണ്ടാകും. മലേഷ്യയിലെ വടക്കന്‍ സംസ്ഥാനമായ പെനാംഗ് ലോകത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്. അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന മനോഹരമായ ഈ ദ്വീപ് നഗരം യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. നിബിഡമായ മഴക്കാടുകളും സുന്ദരമായ മലമ്പ്രദേശങ്ങളും ഷോപ്പിംഗ് ഉത്സവങ്ങളും രുചികരമായ വിഭവങ്ങളുമായി ലോക വിനോദസഞ്ചാര ഭൂപടത്തില്‍ പെനാംഗ് ശ്രദ്ധേയമായ സ്ഥാനം കൈവരിച്ചിട്ടുണ്ട്. പെനാംഗിലേക്കുള്ള ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ അടുത്തകാലത്തായി വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യന്‍ വിപണിക്കുവേണ്ടി പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത പെനാംഗ് സ്‌പെഷ്യലിസ്റ്റ് പ്രോഗ്രാം റോഡ് ഷോയില്‍ അവതരിപ്പിക്കും. ബി2ബി സെഷനൊപ്പം ഒരു മുഴുവന്‍ ദിന ഏകദിന ശില്‍പ്പശാലയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ട്രാവല്‍ ഏജന്‍സികള്‍ക്കൊപ്പം മീറ്റിംഗ്, ഇന്‍സെന്റീവ്, കോണ്‍ഫറന്‍സ്, എക്‌സിബിഷന്‍(എംഐസിഇ), വെഡ്ഡിംഗ്, സിനിമാ ചിത്രീകരണ ഏജന്‍സികളും ശില്‍പ്പശാലയുടെ ഭാഗമാകും. പെനാംഗ് ട്രോപ്പിക്കല്‍ സ്പൈസ് ഗാര്‍ഡന്‍ എംഡി കാതറിന്‍ ച്വാ ആണ് ശില്‍പ്പശാല നയിക്കുന്നത്. പെനാംഗിലേക്കുള്ള ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ അടുത്ത കാലത്തായി വലിയ വര്‍ധനവ് വന്നിട്ടുണ്ടെന്ന് പെനാംഗ് കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ ബ്യൂറോ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അശ്വിന്‍ ഗുണശേഖരന്‍ അഭിപ്രായപ്പെട്ടു. ‘2019 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ പെനാംഗിലെത്തിയ ഇന്ത്യക്കാരുടെ എണ്ണം 61,847 ആണ്. പെനാംഗ് അന്താരാഷ്ട്ര വിമാനത്താവളം വഴിയും സ്വെറ്റ്‌നം തുറമുഖം വഴിയും എത്തിയവരുടെ കണക്കാണിത്. ഇതേകാലയളവില്‍ 2018-ല്‍ എത്തിയവരുടെ എണ്ണം 43,537 ആയിരുന്നു. 42 ശതമാനം വര്‍ധനവാണ് വന്നിരിക്കുന്നത്. കണ്‍വെന്‍ഷന്‍, കോണ്‍ഫറന്‍സ് വിപണി ലക്ഷ്യമിട്ട് വന്‍ ഇളവുകളോടെയുള്ള പ്രത്യേക പിന്തുണ പാക്കേജിനും പിസിഇബി രൂപം കൊടുത്തിട്ടുണ്ട്.

Comments

comments

Categories: FK News
Tags: Penang