നോര്‍ഡിക് രാജ്യങ്ങള്‍ ഇന്ത്യന്‍ ഐടി കമ്പനികളുടെ ഹോട്ട് സ്‌പോട്ടാകുന്നു

നോര്‍ഡിക് രാജ്യങ്ങള്‍ ഇന്ത്യന്‍ ഐടി കമ്പനികളുടെ ഹോട്ട് സ്‌പോട്ടാകുന്നു

ഏറ്റവും പുരോഗമനപരവും ഇന്നൊവേറ്റീവുമായ മേഖലയാണു യൂറോപ്പിലെ നോര്‍ഡിക് മേഖല. ഈയൊരു പ്രത്യേകതയുള്ളതിനാലാവണം ചിപ് നിര്‍മാതാക്കളും, മുന്‍നിര ടെക്‌നോളജി കമ്പനികളും നോര്‍ഡിക് രാജ്യങ്ങളില്‍ റിസര്‍ച്ച് & ഡെവലപ്‌മെന്റ് സെന്ററുകള്‍ ആരംഭിച്ചിരിക്കുകയാണ്.

ഇന്ത്യന്‍ ഐടി സേവന കമ്പനികള്‍ നോര്‍ഡിക് രാജ്യങ്ങളിലേക്കു (നോര്‍വേ, ഡെന്‍മാര്‍ക്ക്, ഐസ്‌ലാന്‍ഡ്, ഫിന്‍ലാന്‍ഡ്, സ്വീഡന്‍) കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. മിക്ക കമ്പനികള്‍ക്കും ഇപ്പോള്‍ തന്നെ നോര്‍ഡിക് രാജ്യങ്ങളില്‍ ഗണ്യമായ സാന്നിധ്യമുണ്ട്. പത്ത് വര്‍ഷത്തോളമായി എച്ച്‌സിഎല്‍ ടെക്‌നോളജീസ് ഫിന്‍ലാന്‍ഡില്‍ പ്രവര്‍ത്തിക്കുന്നു. ഇവിടെ ടെക് മഹീന്ദ്രയും, വിപ്രോയും പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നോര്‍ഡിക് മേഖലയിലെ കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനു പുറമേ, 2018 ല്‍ ഫഌയിഡോ ഏറ്റെടുത്തതിലൂടെ ഇന്‍ഫോസിസ് അവിടെയുള്ള വിപണിയില്‍ ചുവടുറപ്പിക്കുകയും ചെയ്തു.

ഫിന്‍ലാന്‍ഡ്, സ്വീഡന്‍, നോര്‍വേ, ഡെന്‍മാര്‍ക്ക്, ഐസ്‌ലാന്‍ഡ് തുടങ്ങിയ നോര്‍ഡിക് രാജ്യങ്ങള്‍ പ്രധാനമായും ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന രാജ്യങ്ങളാണ്. എന്നാല്‍ ഇംഗ്ലീഷ് ഭാഷയ്ക്കു വലിയ പ്രാധാന്യം നല്‍കാത്ത ചില രാജ്യങ്ങളും യൂറോപ്പിലുണ്ട്. ഉദാഹരണം ഫ്രാന്‍സ്. ഇംഗ്ലീഷ് അറിയാമെങ്കിലും അവര്‍ സംസാരിക്കില്ല. കാരണം ഫ്രഞ്ച് ഭാഷയില്‍ അത്രയ്ക്കും മേന്മ കാണുന്നുണ്ട്. മറ്റ് ഭാഷകളില്‍ സംസാരിച്ചാല്‍ അന്തസ് കുറഞ്ഞു പോകുമെന്ന ധാരണയും ഭൂരിഭാഗം ഫ്രഞ്ച്കാരും വച്ചു പുലര്‍ത്തുന്നുണ്ട്. ഇത്തരത്തില്‍ നോക്കുമ്പോള്‍ നോര്‍ഡിക് രാജ്യങ്ങളില്‍ ഭാഷാ തടസം ഇല്ലെന്നത് ഒരു പ്രധാന സവിശേഷതയാണ്. പുരോഗമനപരവും നൂതനവുമായ പ്രദേശങ്ങളിലൊന്നാണു നോര്‍ഡിക് പ്രദേശം. ചിപ്പ് നിര്‍മാതാക്കള്‍, സെമി കണ്ടക്ടര്‍, ഉപകരണ നിര്‍മാതാക്കള്‍, സേവനദാതാക്കള്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖ ഐടി കമ്പനികള്‍ക്കു നോര്‍ഡിക് രാജ്യങ്ങളില്‍ ഗവേഷണ വികസന (റിസര്‍ച്ച് & ഡവലപ്‌മെന്റ്) അടിത്തറയുള്ളവരാണ്. ഫ്യൂച്ചറിസ്റ്റ് കമ്മ്യൂണിക്കേഷന്‍ ഇക്കോസിസ്റ്റവും സാങ്കേതികവിദ്യ മനസിലാക്കുന്ന ഉയര്‍ന്ന നിലവാരമുള്ള തൊഴില്‍ ശക്തിയും ഉള്ളതിനാല്‍, നോര്‍ഡിക് പ്രദേശങ്ങളില്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നതില്‍ അര്‍ഥമുണ്ടെന്നു കരുതുന്നുണ്ട് ഇന്ത്യന്‍ ഐടി കമ്പനികള്‍. നോര്‍ഡിക് പ്രദേശത്തെ ഐടി, ബിപിഒ സേവന വിപണിയുടെ വലുപ്പം 25 ബില്യന്‍ ഡോളറിലധികമായിരിക്കുമെന്നു കണക്കാക്കപ്പെടുന്നുണ്ട്. അതോടൊപ്പം പ്രദേശം ഔട്ട്‌സോഴ്‌സിംഗിന്റെ കാര്യത്തില്‍ വളരെയധികം പക്വതയാര്‍ജ്ജിക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത കാലത്തായി ക്ലൗഡ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), ഓട്ടോമേഷന്‍ തുടങ്ങിയ ഡിജിറ്റല്‍ ട്രെന്‍ഡുകള്‍ ഐടി മേഖലയുടെ വളര്‍ച്ചയ്ക്കു നേതൃത്വം നല്‍കി. ഇന്ത്യയാകട്ടെ, ഈ മേഖലയിലെ പ്രതിഭകളുടെ പ്രധാന ഉറവിടമായി മാറുകയും ചെയ്തു. നോര്‍ഡിക് മേഖലയോടുള്ള താല്‍പര്യം ടെലികോം ഉപയോഗിച്ചാണു തുടങ്ങിയത്, എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി താല്‍പര്യം മറ്റെല്ലാ വ്യവസായമേഖലകളിലേക്കും വ്യാപിച്ചിരിക്കുന്ന കാഴ്ച കാണുവാന്‍ സാധിക്കും.

‘നോര്‍ഡിക് അപ്പീല്‍’ അഥവാ നോര്‍ഡിക്കിന്റെ വശ്യത

ലോകത്തിലെ ഏറ്റവും നല്ല ബിസിനസ് സൗഹൃദ രാജ്യങ്ങളെന്ന നിലയില്‍ സ്ഥാനം പിടിച്ചിട്ടുള്ളവയാണു നോര്‍ഡിക് രാജ്യങ്ങള്‍. യൂറോപ്യന്‍ യൂണിയന്റെ ആവറേജുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉയര്‍ന്ന ജിഡിപി വളര്‍ച്ചയാണു നോര്‍ഡിക് രാജ്യങ്ങള്‍ക്കുള്ളത്. ഇന്നൊവേഷന്റെ കാര്യത്തിലും ആഗോളതലത്തില്‍ രണ്ടാം സ്ഥാനമാണു നോര്‍ഡിക് രാജ്യങ്ങള്‍ക്കുള്ളത്. നോര്‍ഡിക് രാജ്യങ്ങളിലെ ഐടി സേവന വിപണി യൂറോപ്പിനേക്കാള്‍ വേഗത്തില്‍ വളരുകയാണ്, പ്രത്യേകിച്ചു സ്വീഡനില്‍. മറ്റ് പല യൂറോപ്യന്‍ രാജ്യങ്ങളെയും പോലെ സാമ്പത്തിക പ്രതിസന്ധി സ്വീഡനെ ബാധിച്ചില്ലെന്നതും എടുത്തുപറയാവുന്ന ഒരു കാര്യമാണ്. താരതമ്യേന പക്വതയുള്ള മാര്‍ക്കറ്റും ബജറ്റില്‍ ഐടി രംഗത്തിനു വന്‍ പ്രാധാന്യം നല്‍കുന്ന പൊതുമേഖലാ സ്ഥാപനങ്ങളും നോര്‍ഡിക്‌സ് രാജ്യങ്ങളുടെ മാത്രം പ്രത്യേകതയാണ്. നോര്‍ഡിക് രാജ്യങ്ങള്‍ ഐടിക്കായി ചെലവഴിക്കുന്ന മൊത്തം തുകയില്‍ 40 ശതമാനവും സ്വീഡന്റെ വിഹിതമാണെന്നു നാസ്‌കോം റിസര്‍ച്ച് ആന്‍ഡ് ബിസിനസ് സ്വീഡന്‍ ആന്‍ഡ് റഡാര്‍ എക്കോസിസ്റ്റം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 550 ബില്യന്‍ ഡോളറിന്റെ ജിഡിപിയും, ട്രൂ കോളര്‍, കാന്‍ഡി ക്രഷ്, സ്‌കൈപ്പ്, സ്‌പോട്ടിഫൈ തുടങ്ങിയ വന്‍കിട ഐടി കമ്പനികളും ഉള്ള സ്വീഡന്‍, ഇന്ത്യന്‍ ഐടി-ബിപിഎം മേഖലയുടെ സാധ്യതയുള്ള വിപണിയായി ഉയര്‍ന്നു വരികയാണ്. മിക്ക സ്വീഡിഷ് കമ്പനികളും ക്ലൗഡ് കമ്പ്യൂട്ടിംഗിനെ അതിവേഗം സ്വീകരിക്കുന്നതിനാല്‍, ഈ മേഖലയില്‍ കഴിവുള്ളവരുടെ ആവശ്യകതയും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. വാഹനം, ആരോഗ്യം, ബാങ്കിംഗ്, ലോജിസ്റ്റിക് എന്നീ രംഗങ്ങളില്‍ ‘അപ്ലൈ’ ചെയ്യുന്ന ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സാണ് (ഐഒടി) സ്വീഡനില്‍ കൂടുതല്‍ വ്യാപിക്കുന്ന മറ്റൊരു സാങ്കേതികവിദ്യ. ഡിജിറ്റല്‍ ഇന്ത്യ പ്രോഗ്രാമിനോട് ഏറെക്കുറെ സമാനമാണു സ്വീഡന്റെ ‘ഡിജിറ്റല്‍ ഫസ്റ്റ് ‘ തന്ത്രം. വര്‍ധിച്ചുവരുന്ന ഡിജിറ്റല്‍ സമൂഹത്തില്‍ ഓരോ പൗരന്റെയും, സംഘടനയുടെയും, സ്വകാര്യ മേഖലയുടെയും പ്രതീക്ഷകള്‍ നിറവേറ്റുന്ന ഒരു പൊതു ഇ-ഗവണ്‍മെന്റ് സംവിധാനം സൃഷ്ടിക്കുകയെന്നതാണു ഡിജിറ്റല്‍ ഫസ്റ്റ് എന്ന പദ്ധതിയിലൂടെ സ്വീഡിഷ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സ്വീഡനില്‍ ഇപ്പോള്‍ സ്മാര്‍ട്ട് ഡിവൈസ് പെനിട്രേഷന്റെ (smart device penetration) തോത് എന്നത് 150 ശതമാനമാണ്. ഇത് 14.6 ദശലക്ഷം സ്മാര്‍ട്ട് ഡിവൈസുകള്‍ പ്രചാരത്തിലുള്ള യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് കൂടിയാണ്.

യൂറോപ്പിലെ മികച്ച ഇന്നൊവേറ്റര്‍മാരോ നോര്‍ഡിക് രാജ്യങ്ങള്‍ ?

ഇന്നൊവേഷനെ പിന്തുണയ്ക്കുന്നതില്‍ നോര്‍ഡിക് രാജ്യങ്ങള്‍ പ്രശസ്തമാണ്. സ്വീഡനാണ് ഇക്കാര്യത്തില്‍ ഒന്നാമന്‍. ഡെന്‍മാര്‍ക്കും ഫിന്‍ലാന്‍ഡും രണ്ടും മൂന്നും സ്ഥാനങ്ങളിലുമുണ്ട്. ഇതിനുള്ള കാരണം നോര്‍ഡിക് രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ വലിയ പിന്തുണ നല്‍കുന്നുണ്ടെന്നതാണ്. പുതിയ സാങ്കേതികവിദ്യകള്‍, ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവയുടെ ഗവേഷണത്തിനും വികസനത്തിനും സര്‍ക്കാര്‍ മികച്ച പിന്തുണയാണു നല്‍കുന്നത്. കൂടുതല്‍ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനു നയങ്ങള്‍ രൂപീകരിക്കുകയും ചെയ്യുന്നു. ഇതില്‍നിന്നും പ്രയോജനം നേടുന്നത് ബിസിനസുകളും സ്റ്റാര്‍ട്ടപ്പുകളും മാത്രമല്ല, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും ക്ഷേമത്തെയും പിന്തുണയ്ക്കാന്‍ സാധിക്കുന്ന ഒരു പൊതുനന്മയായിട്ടാണു കണക്കാക്കുന്നത്. നോര്‍ഡിക് രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം, സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതും മേഖലയുടെ ആഗോള സ്വാധീനത്തിന്റെ ഒരു സ്തംഭമെന്ന നിലയിലും ഇന്നൊവേഷനു വളരെയധികം പ്രാധാന്യമുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഒരു രാജ്യം എത്രമാത്രം പിന്തുണ നല്‍കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇന്നൊവേഷന്‍ അവതരിക്കുന്നത് അഥവാ അവ കൊണ്ടുവരാന്‍ സാധിക്കുന്നത്. ആഗോളതലത്തില്‍ സിലിക്കണ്‍ വാലി ഇക്കാര്യത്തില്‍ നിസംശയമായും പറയാം നേതാവാണെന്ന്. എന്നാല്‍ പെര്‍ ക്യാപിറ്റ (per capita) അഥവാ പ്രതിശീര്‍ഷം അടിസ്ഥാനമാക്കുകയാണെങ്കില്‍ ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ടെക് ഹബ്ബ് ആണു സ്വീഡന്‍. ലോകത്ത് ഏറ്റവും കൂടുതല്‍ ബില്യന്‍ ഡോളര്‍ സ്റ്റാര്‍ട്ട് അപ്പുകളുള്ള സ്വീഡനെ ‘ യൂണികോണ്‍ ഫാക്ടറി’ എന്നാണു വിളിക്കുന്നത്. ബില്യന്‍ ഡോളര്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ഉദാഹരണമാണ് സ്‌പോട്ടിഫൈ, സ്‌കൈപ്പ് എന്നിവ.

Categories: Top Stories