പ്രകൃതി സമ്പത്ത് ശരിയായി വിനിയോഗിച്ചാല്‍ സാമ്പത്തിക വികസനത്തില്‍ മുന്നേറ്റമുണ്ടാകും: മുഖ്യമന്ത്രി

പ്രകൃതി സമ്പത്ത് ശരിയായി വിനിയോഗിച്ചാല്‍ സാമ്പത്തിക വികസനത്തില്‍ മുന്നേറ്റമുണ്ടാകും: മുഖ്യമന്ത്രി
  • കാര്‍ഷിക, വ്യാവസായിക വികസനമാണ് ഒരു നാടിന്റെ വികസനത്തില്‍ പ്രധാന ഘടകങ്ങള്‍
  • തദ്ദേശസ്ഥാപനങ്ങള്‍ ശരിയായ ആസൂത്രണം നടത്തിയാല്‍ കാര്‍ഷിക മേഖലയില്‍ സംസ്ഥാനത്ത് 1,18, 000 കോടി രൂപയുടെ വരുമാനം സൃഷ്ടിക്കാം. തദ്ദേശസ്ഥാപന അതിര്‍ത്തിയില്‍ 1.48 കോടി രൂപയുടെ അധിക വരുമാനവുമുണ്ടാവുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ പ്രകൃതി സമ്പത്ത് ശരിയായി വിനിയോഗിച്ചാല്‍ സാമ്പത്തിക വികസനത്തില്‍ കേരളത്തിന് വലിയ കുതിച്ചു ചാട്ടം നടത്താനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനതല ദുരന്ത നിവാരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക, വ്യാവസായിക വികസനമാണ് ഒരു നാടിന്റെ വികസനത്തില്‍ പ്രധാന ഘടകങ്ങള്‍. കേരളത്തിലെ കാലാവസ്ഥയും മണ്ണും ഏത് കൃഷിക്കും അനുയോജ്യമാണ്. നമുക്ക് ആവശ്യമായ പച്ചക്കറിയും ധാന്യങ്ങളും മറ്റു ഭക്ഷ്യവസ്തുക്കളും ഇവിടെത്തന്നെ ഉത്പാദിപ്പിക്കാനാവണം. തദ്ദേശസ്ഥാപനങ്ങള്‍ ശരിയായ ആസൂത്രണം നടത്തിയാല്‍ കാര്‍ഷിക മേഖലയില്‍ സംസ്ഥാനത്ത് 1,18, 000 കോടി രൂപയുടെ വരുമാനം സൃഷ്ടിക്കാം. തദ്ദേശസ്ഥാപന അതിര്‍ത്തിയില്‍ 1.48 കോടി രൂപയുടെ അധിക വരുമാനവുമുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൃഷി, തദ്ദേശസ്വയംഭരണം, സഹകരണം, വ്യവസായം, ക്ഷീരം തുടങ്ങി വിവിധ വകുപ്പുകള്‍ സഹകരിച്ചു പ്രവര്‍ത്തിച്ചാല്‍ ഇത് യാഥാര്‍ത്ഥ്യമാവും. ഇതിനാവശ്യമായ ഒരു സബ്സിഡി സര്‍ക്കാര്‍ നിശ്ചയിച്ചു നല്‍കും. വിവിധയിനം തൈകള്‍ തദ്ദേശസ്ഥാപനതലത്തില്‍ വിതരണം ചെയ്യാവുന്നതാണ്. ഒരു വര്‍ഷം കൊണ്ട് ഒരു കോടി തൈകള്‍ വിതരണം ചെയ്താല്‍ പത്തു വര്‍ഷം കൊണ്ട് 50,000 കോടി രൂപയുടെ വരുമാനം ഉണ്ടാവും. ഒരു തദ്ദേശസ്ഥാപന പരിധിയില്‍ അഞ്ച് കോടി രൂപയുടെ അധിക വരുമാനവുമുണ്ടാവും. പച്ചക്കറി ഉത്പാദനത്തിന് തദ്ദേശസ്ഥാപനങ്ങള്‍ മഴ ഷെല്‍ട്ടറുകള്‍ പ്രോത്സാഹിപ്പിക്കണം. 10 വര്‍ഷം കൊണ്ട് ഒരു പഞ്ചായത്തില്‍ നൂറ് ഷെല്‍ട്ടര്‍ സ്ഥാപിക്കാനാവണം. ഇത്തരത്തില്‍ പച്ചക്കറി കൃഷി നടത്തിയാല്‍ 31,000 കോടി രൂപ അധിക വരുമാനം ലഭിക്കും.

ഓരോ തദ്ദേശസ്ഥാപന അതിര്‍ത്തിയിലും 100 പശുക്കളെങ്കിലും ഉണ്ടാവണമെന്ന് നിശ്ചയിക്കണം. പാലിനൊപ്പം മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും ലഭിക്കും. 10 വര്‍ഷം കൊണ്ട് ഇത് 1000 പശുക്കളായാല്‍ 70000 കോടി രൂപയുടെ അധിക വരുമാനം സാധ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പശുവിനെപ്പോലെ തന്നെ ആടു വളര്‍ത്തലും നടത്താം. ഒരു തദ്ദേശസ്ഥാപന പരിധിയില്‍ 10 വര്‍ഷം കൊണ്ട് 2000 ആടുകളുണ്ടെങ്കില്‍ 13,000 കോടി രൂപയുടെ അധിക വരുമാനം ഉണ്ടാവും. തദ്ദേശസ്ഥാപന പരിധിയില്‍ 1.30 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കാം. 200 കോഴികളുള്ള 30 യൂണിറ്റുകള്‍ ഒരു തദ്ദേശസ്ഥാപന പരിധിയില്‍ സ്ഥാപിക്കാം. 10 വര്‍ഷം കൊണ്ട് 35,000 കോടി രൂപ വരുമാനം പ്രതീക്ഷിക്കാം. 3.40 ലക്ഷം രൂപ തദ്ദേശസ്ഥാപന പരിധിയില്‍ അധികമായി ലഭിക്കും. മത്സ്യക്കൃഷിയും പുഷ്പകൃഷിയും ഇത്തരത്തില്‍ പ്രോത്സാഹിപ്പിക്കാനാവും. ബ്ലോക്ക് പഞ്ചായത്തുകളുടെ സമ്പൂര്‍ണ ഐഎസ്ഒ പ്രഖ്യാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന്‍ അധ്യക്ഷത വഹിച്ചു.

Comments

comments

Categories: FK News