ഇന്ത്യയുടെ ഇവി സ്വപ്‌നത്തിന് തടയിട്ട് ലിഥിയം

ഇന്ത്യയുടെ ഇവി സ്വപ്‌നത്തിന് തടയിട്ട് ലിഥിയം

2040ഓടെ ഇവി വിപണിയില്‍ ഇന്ത്യ ഏറ്റവും വലിയ നാലാമത്തെ വിപണിയായി മാറും

മുംബൈ: ഇലക്ട്രിക് വാഹന നിര്‍മാണത്തില്‍ ആഗോള ഹബ്ബായി മാറാനുള്ള രാജ്യത്തിന്റെ മോഹത്തിന് തടസമുണ്ടാകുമെന്ന് ആശങ്ക. ഇവി നിര്‍മാണത്തിന് ആവശ്യമായ തോതില്‍ ലിഥിയം ലഭ്യമാക്കാന്‍ കഴിയാതെ പോകുന്നതാണ് ഇവി സ്വപ്‌നത്തിന് കല്ലുകടിയായിരിക്കുന്നത്. എന്നാല്‍ ആശങ്ക പരിഹരിക്കുന്നതിനായി രാജ്യത്തെ വന്‍കിട കമ്പനികള്‍ സംയുക്ത സംരംഭങ്ങള്‍ക്ക് വിദേശ പങ്കാളിത്തങ്ങള്‍ക്കും ശ്രമിച്ചു വരികയാണ്.

ഭൂമുഖത്ത് ഏറ്റവും കൂടുതല്‍ മലിനീകരണം നേരിടുന്ന നഗരങ്ങളുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുള്ളത്. മലിനീകരണത്തെ നേരിടുന്നതിന്റെ ഭാഗമായി രാജ്യം ഇവിയിലേക്ക് മാറാനൊരുങ്ങുമ്പോള്‍ ഇലക്ട്രിക് വാഹന നിര്‍മാണത്തിനാവശ്യമായ ബാറ്റികള്‍ക്ക് ലിഥിയത്തിന്റെ ലഭ്യത രാജ്യത്ത് വലിയ തോതില്‍ കുറവാണുതാനും. ഇതിനായി വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടി സ്ഥിതിയാണിപ്പോള്‍. ഇന്ത്യയിലെ ഇവി നിര്‍മാണം പ്രധാനമായും ചൈനയില്‍ നിന്നുള്ള ലിഥിയം രാസവസ്തുക്കളെ ആശ്രയിച്ചാണ്. കാതോഡുകളും ബാറ്ററി സെല്ലുകളും നിര്‍മിക്കാന്‍ ഇവ കൂടിയേ തീരൂ. ചൈനയ്ക്ക് ഈ വിഭാഗത്തില്‍ മികച്ച വിതരണ ശൃംഖലയുണ്ടെന്നതാണ് ഏക ആശ്വാസം. ഇന്ത്യയ്ക്ക് ഒന്നുംതന്നെയില്ലെന്നും മേഖലയുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. 2019 മുതല്‍ സംശുദ്ധ ഊര്‍ജ്ജത്തിന്റെ ഉപയോഗം രാജ്യത്ത് പ്രോല്‍സാഹിപ്പിക്കുന്നതിനായി വിവിധ പരിപാടികള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കി വരുന്നുണ്ട്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ ഇവിക്കായി ഒരു മാന്യുഫാക്ചറിംഗ് ഹബ്ബ് നിര്‍മിക്കുന്നതിനായി 1.4 ബിലണ്‍ ഡോളറാണ് വകയിരുത്തിയത്. 2018ല്‍ 3.4 ബില്യണ്‍ ഫോസില്‍ ഇന്ധന കാറുകള്‍ വിറ്റഴിഞ്ഞപ്പോള്‍, രാജ്യത്ത് ഇവിയില്‍ വിറ്റഴിഞ്ഞത് മൂവായിരം കാറുകളാണ്. എന്നാല്‍ തല്‍സ്ഥിതിയിലും ഇന്ത്യ ഇവി വിപണിയില്‍ 2040ഓടെ ഏറ്റവും വലിയ നാലാമത്തെ വിപണിയായി മാറുമെന്നാണ് പ്രവചനം.

ലിഥിയത്തിന്റെ അഭാവം രാജ്യത്തുള്ളതുകൊണ്ടുതന്നെ ലിഥിയം അയണ്‍ ഫാക്റ്ററികള്‍ക്കായി നിരവധി പദ്ധതികളാണ് രൂപം നല്‍കിയിട്ടുള്ളത്. ഇന്ത്യയിലെ നാഷണല്‍ അലുമിനിയം കമ്പനി, ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡ്, മിനറല്‍ എക്‌സ്‌പ്ലൊറേഷന്‍ കോര്‍പ്പറേഷന്‍ എന്നിവര്‍ ചേര്‍ന്ന് ലിഥിയം , കൊബാള്‍ട്ട് മൈന്‍സ് എറ്റെടുക്കുന്നതിനായി ഒരു സംയുക്ത സംരംഭം രൂപീകരിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബാറ്ററി നിര്‍മാതാക്കളായ അമരരാജ ബാറ്ററീസ് ലിമിറ്റഡ് ലിഥിയം അയണ്‍ അസംബ്ലി പ്ലാന്റ് നിര്‍മിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതു കൂടാതെ സുസുകി മോട്ടോര്‍ കോര്‍പ്പ്, തോഷിബ കോര്‍പ്പ്, ഡെന്‍സോ കോര്‍പ്പ് എന്നിവര്‍ ചേര്‍ന്ന് ലിഥി-അയണ്‍ ബാറ്ററി നിര്‍മാണ ശാലയ്ക്കും പദ്ധതിയിട്ടു കഴിഞ്ഞു.

Comments

comments

Categories: Business & Economy