ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് പുതിയ മോഡലുകളുമായി കിയ മോട്ടോഴ്‌സ്

ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് പുതിയ മോഡലുകളുമായി കിയ മോട്ടോഴ്‌സ്

 ഈ വര്‍ഷം രണ്ട് പുതിയ മോഡലുകള്‍ പുറത്തിറക്കും

ഹൈദരാബാദ്: ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയാ മോട്ടോഴ്‌സ് ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് പുതിയ മോഡല്‍ വാഹനങ്ങള്‍ പുറത്തിറക്കാന്‍ പദ്ധതിയിടുന്നു. നിര്‍ദിഷ്ട ഇടവേളകളിലായി പുതിയ മോഡലുകള്‍ വിപണിയില്‍ ഇറക്കാനാണ് ആലോചന. കമ്പനിയുടെ നിലവിലെ ഉല്‍പ്പാദന ശേഷിയില്‍ തയാറാക്കപ്പെട്ട മൂന്ന് ലക്ഷം വാഹനങ്ങള്‍ മാര്‍ച്ച് 2022 ഓടുകൂടി ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിക്കാനാണ് നീക്കമെന്ന് കിയ മോട്ടാഴ്‌സിലെ മുതിര്‍ന്ന ഉദ്യാഗസ്ഥന്‍ വെളിപ്പെടുത്തി.

ആദ്യ ഉല്‍പ്പന്നമായ സെല്‍ടോസിലൂടെ ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷച്ചതിലേറെ മികച്ച വില്‍പ്പന നടത്താന്‍ കമ്പനിക്ക് കഴിഞ്ഞതോടെയാണ് വിപണിയില്‍ കൂടതല്‍ സാന്നിധ്യം ചെലുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ വര്‍ഷം തന്നെ പുതിയ രണ്ട് മോഡലുകള്‍ കൂടി വിപണിയില്‍ അവതരിപ്പിക്കാനാണ് നീക്കം. ആഡംബര നിരയില്‍ മള്‍ട്ടി പര്‍പ്പസ് വാഹനമായ കാര്‍ണിവല്‍ അടുത്തു മാസം തുടങ്ങുന്ന ഓട്ടോ എക്‌സ്‌പോയില്‍ കിയ അവതരിപ്പിക്കും. തുടര്‍ന്ന് ഈ വര്‍ഷം തന്നെ കോംപാക്റ്റ് എസ്‌യുവിയും പുറത്തിറക്കാനാണ് പദ്ധതി. അടുത്ത വര്‍ഷവും രണ്ട് പുതിയ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ കിയ പദ്ധതി തയാറാക്കിയിട്ടുണ്ട്.

ഓരോ ആറ് മാസം കൂടുമ്പോഴും പുതിയ മോഡല്‍ വാഹനം പുറത്തിറക്കുമെന്ന് മുമ്പ് തന്നെ കമ്പനി വ്യക്തമാക്കിയിരുന്നുവെന്ന് കിയ മോട്ടോഴ്‌സ് ഇന്ത്യ മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് മേധാവി മനോഹര്‍ ഭട്ട് വ്യക്തമാക്കി. നിലവില്‍ തയാറാക്കപ്പെട്ട വാഹനങ്ങള്‍ പൂര്‍ണമായും വിറ്റഴിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കിയ മോട്ടോഴ്‌സിന്റെ ആന്ധ്രാപ്രദേശിലുള്ള നിര്‍മാണശാലയില്‍ പ്രതിവര്‍ഷം മൂന്നുലക്ഷം വാഹനങ്ങള്‍ മൂന്നു ഷിഫ്റ്റുകളിലായി നിര്‍മിക്കാനുള്ള ശേഷിയുണ്ട്. നിലവില്‍ പ്ലാന്റില്‍ രണ്ട് ഷിഫ്റ്റുകളിലായാണ് പ്രവര്‍ത്തനം. ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കുന്ന കാര്‍ണിവല്‍ മോഡലിലൂടെ കമ്പനി ഒരു വാഹന നിരയിലേക്ക് പ്രവേശിക്കുകയാണ്. രാജ്യത്ത് ഇത്തരത്തിലുള്ള ഒരു വാഹനം ഇതാദ്യമാണെന്നും ധനികരായ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞുള്ള മോഡലാണ് ഇതുവഴി പുറത്തിറക്കിയിരിക്കുന്നതെന്നും ഭട്ട് ചൂണ്ടിക്കാട്ടി. 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലുള്ള കാര്‍ണിവലിന്റെ ഇന്ധനക്ഷമത പ്രതിലിറ്ററിന് 13.9 കിലോമീറ്ററാണ്. സെല്‍ട്ടോസ് വഴി കമ്പനി നേടിയതുപോലെ വിപണിയില്‍ പുതിയ ചരിത്രം സൃഷ്ടിക്കാന്‍ കാര്‍ണിവലിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. കാര്‍ണിവലിന്റെ ബിഎസ്6 പതിപ്പ് തുടക്കം മുതല്‍ തന്നെ ലഭ്യമാണ്. കോംപാക്റ്റ് എസ്‌യുവി മോഡല്‍ ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശനത്തിന് എത്തുമെങ്കിലും ഔദ്യോഗിക ലോഞ്ചിംഗ് പിന്നീടു മാത്രമേയുണ്ടാകൂ. 200 ഡീലര്‍ഷിപ്പുകളുള്ള കമ്പനിക്ക് രാജ്യമൊട്ടാകെ 165 ഇടങ്ങളില്‍ സാന്നിധ്യമുണ്ട്.

Comments

comments

Categories: Auto