നിക്ഷേപിക്കാം ഗായത്രി പ്രൊജക്റ്റ്‌സ് ലിമിറ്റഡില്‍

നിക്ഷേപിക്കാം ഗായത്രി പ്രൊജക്റ്റ്‌സ് ലിമിറ്റഡില്‍

ഒരു സ്‌മോള്‍ കാപ് കമ്പനിയെ നിക്ഷേപത്തിനായി തെരഞ്ഞെടുക്കുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ട വിഷയം അതിന്റെ വില നിലവാരം താഴോട്ട് പോവാന്‍ സാധ്യതയുണ്ടോ എന്നതാണ്. നിക്ഷേപകന് വളര്‍ച്ചാ സാധ്യതയുള്ള ഓഹരിയാണെന്ന് ഉറപ്പായാല്‍ മുന്നോട്ട് പോകാവുന്നതാണ്. ഈ വാരം ഗായത്രി പ്രൊജക്റ്റ്‌സ് ലിമിറ്റഡിന്റെ സാധ്യതകള്‍ പരിശോധിക്കാം

കമ്പനിയുടെ ട്രാക്ക് ചരിത്രം തന്നെയാണ് ഗായത്രി പ്രോജക്റ്റ്‌സ്് ലിമിറ്റഡ് നിക്ഷേപത്തിന് പരിഗണിക്കാനുള്ള ആദ്യത്തെ കാരണം. 1989 മുതല്‍ വിവിധ തരം പ്രൊജക്റ്റുകള്‍ അടിസ്ഥാന സൗകര്യ വികസന മേഖലയിലും ഊര്‍ജ രംഗത്തും ഹോസ്പിറ്റാലിറ്റി മേഖലയിലും റിയല്‍ എസ്റ്റേറ്റ്, ജലസേചന സൗകര്യം തുടങ്ങിയ വിഭാഗങ്ങളിലും നേടിയെടുക്കുകയും ഓരോ പദ്ധതിയും സമയത്തിന് തീര്‍ത്തുകൊണ്ട് കൂടുതല്‍ പുതിയ ഓര്‍ഡറുകള്‍ നേടുകയും ചെയ്യുന്നു എന്നതാണ് എടുത്തു പറയേണ്ട വസ്തുത.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഏകദേശം 6,842 കിലോമീറ്റര്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കി സര്‍ക്കാരിന് കൈമാറാന്‍ കമ്പനിക്ക് കഴിഞ്ഞു. ഒപ്പം തന്നെ 425 കിലോമീറ്റര്‍ ജലസേചന കനാല്‍ നിര്‍മ്മാണവും ഈ കമ്പനി പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഏകദേശം 3,981 കിലോമീറ്ററിന്റെ റോഡ് പദ്ധതികള്‍ പൂര്‍ത്തീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

ഒരു നിക്ഷേപകനെ സംബന്ധിച്ച് തികച്ചും മൂല്യ നിക്ഷേപം നടത്താനുള്ള അവസരമൊരുക്കുന്നതാണ് ഇപ്പോഴത്തെ വിലനിലവാരം. ഗായത്രി പ്രൊജക്റ്റ് ലിമിറ്റഡിന്റെ ഇപ്പോഴത്തെ വില നിലവാരം 83 രൂപയാണ്. മൂല്യം നോക്കുമ്പോള്‍ വളരെ നല്ല വില നിലവാരത്തില്‍ ട്രേഡ് ചെയ്യപ്പെടുകയും ഹ്രസ്വകാലത്ത് തന്നെ 130 രൂപ റേഞ്ചിലേക്ക് എത്താന്‍ സാധ്യത വളരെ കൂടുതലുമുള്ള ഓഹരിയാണിത്.

ഹ്രസ്വ കാല നിക്ഷേപകന് 30-50 ശതമാനം വരെ ലാഭം നേടിത്തരാന്‍ ഈ ഓഹരിക്ക് സാധിച്ചേക്കും. വര്‍ഷാവര്‍ഷം നിക്ഷേപകര്‍ക്ക് കൊടുത്തുകൊണ്ടിരിക്കുന്ന 20% ന് മുകളിലുള്ള ലാഭവിഹിതം, ഗായത്രി പ്രൊജക്റ്റ് നല്‍കുന്ന ഏറ്റവും വലിയ ആത്മവിശ്വാസമാണ്. ഈ കമ്പനിയുടെ ഭൂരിഭാഗം ഓഹരിയും ഇപ്പോഴും പ്രൊമോട്ടറുടെ കൈവശം തന്നെയാണ്. എച്ച്എസ്ബിസി മള്‍ട്ടികാപ് ഫണ്ട്, ഐഡിഎഫ്‌സി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട്, പ്രിന്‍സിപ്പല്‍ മള്‍ട്ടികാപ് ഗ്രോത്ത് തുടങ്ങിയവ ഗായത്രിയില്‍ നിക്ഷേപം നടത്തിയിട്ടുള്ള പ്രധാനപ്പെട്ട കമ്പനികളാണ്. 2019 ല്‍ കമ്പനിക്ക് 16,317 കോടി രൂപയുടെ ഓര്‍ഡര്‍ ഉണ്ടെന്നതും നിക്ഷേപകര്‍ ഓര്‍ത്തിരിക്കണം. അതേസമയം കമ്പനിക്ക് ഏകദേശം 520 കോടി രൂപയുടെ കടബാധ്യതകള്‍ ഉണ്ടെന്നത് ഒരു റിസ്‌ക് ഘടകമാണ്.

മറ്റ് 12 കമ്പനികളുമായി സംയുക്ത സംരംഭം ഗായത്രി പ്രൊജക്റ്റ്‌സിന് ഉണ്ടെന്നത് എടുത്തുപറയേണ്ട മറ്റൊരു നാഴികക്കല്ലാണ്. ഐജെഎം, ജയ്പ്രകാശ്, ആര്‍എന്‍എസ്, ഇസിഐ, ജിപിഎല്‍, ജിഡിസി, ബിസിബിപിപിഎല്‍, ഡിഎല്‍എഫ്, മേയ്ത്താസ്, വിശ്വനാഥ് ആര്‍കെറ്റിസിപിഎല്‍, എസ്പിഎല്‍ എന്നിവയാണ് പങ്കാളികള്‍.

ഗായത്രി പ്രൊജക്റ്റ്‌സിന്റെ 71% പദ്ധതികളും രാജ്യത്തെ റോഡ് നിര്‍മ്മാണ മേഖലയിലാണുള്ളത്. ലാന്‍ഡ് ഡെവലപ്‌മെന്റ്, ജലസേചന മേഖലകളിലാണ് 22% പദ്ധതികള്‍. റെയ്ല്‍വേ, ഖനി, ജലപാതാ പദ്ധതികള്‍ ഏഴ് ശതമാനവും. ഉത്തര്‍പ്രദേശ് (25%), ഒഡീഷ (15%), തെലങ്കാന (12%), മഹാരാഷ്ട്ര (12%) എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം പദ്ധതികള്‍ എറ്റെടുത്തിരിക്കുന്നത്. ആന്ധ്രപ്രദേശ്, ഗുജറാത്ത്, ജമ്മു കശ്മീര്‍, ഝാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, നാഗാലാന്‍ഡ് എന്നിവിടങ്ങളിലും പദ്ധതികളുണ്ട്.

Categories: FK Special, Slider