ഇന്ത്യയുടെ വളര്‍ച്ചാ നിഗനം ഐഎംഎഫ് 4.8%ലേക്ക് താഴ്ത്തി

ഇന്ത്യയുടെ വളര്‍ച്ചാ നിഗനം ഐഎംഎഫ് 4.8%ലേക്ക് താഴ്ത്തി

അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 5.8 ശതമാനം വളര്‍ച്ച നേടുമെന്ന് ഐഎംഎഫ് പ്രവചിക്കുന്നു

ന്യൂഡെല്‍ഹി: ബാങ്കിംഗ് ഇതര ധനകാര്യ മേഖലയിലെ പ്രതിസന്ധിയും ഗ്രാമീണ ആവശ്യകതയിലെ ദുര്‍ബലാവസ്ഥയും കണക്കിലെടുത്ത് ഈ സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ വളര്‍ച്ച സംബന്ധിച്ച പ്രവചനം 4.8 ശതമാനമായി അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്) കുറച്ചു. ആഗോള തലത്തിലെ വളര്‍ച്ചാ നിഗമനവും ഐഎംഎഫ് വെട്ടിക്കുറച്ചിട്ടുണ്ട്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ അനുഭവപ്പെടുന്ന മാന്ദ്യത്തെ ആഗോള വളര്‍ച്ചയെ പരിമിതപ്പെടുത്തുന്ന പ്രധാന കാരണമായി ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്.

ഇന്ത്യയെ സംബന്ധിച്ച ഐഎംഎഫിന്റെ പുതിയ നിഗമനം മുമ്പ് കണക്കുകൂട്ടിയിരുന്നതില്‍ നിന്ന് 1.3 ശതമാനം കുറവാണ്. കേന്ദ്ര സര്‍ക്കാര്‍ 2019-20ല്‍ പ്രതീക്ഷിക്കുന്ന 5 ശതമാനം വളര്‍ച്ചയിലും കുറവാണ് ഐഎംഫ് പ്രവചിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 5.8 ശതമാനം വളര്‍ച്ച നേടുമെന്ന് ഐഎംഎഫ് പ്രവചിക്കുന്നു, ഇത് മുന്‍ നിഗമനത്തേക്കാള്‍ 1.2 ശതമാനം കുറവാണ്. 2021-22ല്‍ സമ്പദ്‌വ്യവസ്ഥ 6.5 ശതമാനം വളര്‍ച്ച നേടുമെന്നും കണക്കു കൂട്ടുന്നു. ഇത് മുന്‍ പ്രവചനങ്ങളെ അപേക്ഷിച്ച് 0.9 ശതമാനം കുറവാണ്.
2019 ലെ ലോക സാമ്പത്തിക വളര്‍ച്ച 1.9 ശതമാനമായിരിക്കുമെന്നാണ് ഐഎംഎഫ് കണക്കാക്കുന്നത്. നേരത്തെ പ്രവചിച്ചതിനേക്കാള്‍ 0.1 ശതമാനം കുറവാണിത്. അതുപോലെ, ആഗോള സമ്പദ്‌വ്യവസ്ഥ നിലവിലെ കലണ്ടര്‍ വര്‍ഷത്തില്‍ 3.3 ശതമാനം വളര്‍ച്ച നേടുമെന്ന് കണക്കാക്കുന്നു, മുന്‍ നിഗമനത്തേക്കാള്‍ 0.1 ശതമാനം കുറവ്. 2022 ല്‍ 3.4 ശതമാനം ആഗോള വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. മുന്‍പ് കണക്കാക്കിയതിനേക്കാള്‍ 0.2 ശതമാനം കുറവാണിത്.

ആഗോള സാമ്പത്തിക വളര്‍ച്ച ചുരുങ്ങുന്നതില്‍ ഏറ്റവും വലിയ സംഭാവന നല്‍കിയത് ഇന്ത്യയാണെന്ന് ഐഎംഎഫിലെ മുഖ്യ സാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥ് പറഞ്ഞു. കോര്‍പ്പറേറ്റ് നികുതി നിരക്ക് കുറയ്ക്കുന്നതിന്റെ ഗുണപരമായ ഫലങ്ങള്‍ അടുത്ത വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചയില്‍ കണ്ടേക്കുമെന്നും തന്റെ ബ്ലോഗ് പോസ്റ്റില്‍ ഗീത പറയുന്നു. അര്‍ജന്റീന, ഇറാന്‍, തുര്‍ക്കി തുടങ്ങിയ സമ്പദ്‌വ്യവസ്ഥകളുടെ മെച്ചപ്പെട്ട വളര്‍ച്ചാ ഫലങ്ങള്‍ക്കൊപ്പം ബ്രസീല്‍, ഇന്ത്യ, മെക്‌സിക്കോ തുടങ്ങിയ വികസ്വര, വികസ്വര സമ്പദ്‌വ്യവസ്ഥകളുടെ വളര്‍ച്ചാ വെല്ലുവിളികളെയും ആശ്രയിച്ചിരിക്കുന്നതിനാല്‍ 2020ലെ ആഗോള വളര്‍ച്ചയുടെ കണക്കുകള്‍ അനിശ്ചിതത്വം നിറഞ്ഞതാണെന്നും അവര്‍ പറയുന്നു.

നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ രണ്ട് പാദങ്ങളിലും ആദ്യ പ്രതീക്ഷകള്‍ക്ക് താഴെയുള്ള വളര്‍ച്ചയാണ് ഇന്ത്യ രേഖപ്പെടുത്തിയിരുന്നത്. ആദ് പാദത്തില്‍ ആറു വര്‍ഷങ്ങള്‍ക്കിടയിലെ താഴ്ന്ന നിലയായ 5 ശതമാനത്തിലേക്ക് ജിഡിപി വളര്‍ച്ച എത്തി. രണ്ടാം പാദത്തില്‍ വളര്‍ച്ച പിന്നെയും താഴ്ന്ന് 4.5 ശതമാനമായി മാറി. വിപണിയെ ഉത്തേജിപ്പിക്കുന്നതിനും നിക്ഷേപം വര്‍ധിപ്പിക്കുന്നതിനുമായി നിരവധി നടപടികള്‍ ഓഗ്‌സ്റ്റ് മുതലുള്ള കാലയളവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിന്റെ ഫലം ഇനിയും കണ്ടു തുടങ്ങിയിട്ടില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.

എല്ലാ പ്രമുഖ വിശകലന വിദഗ്ധരും 5 ശതമാനത്തില്‍ കവിയാത്ത വളര്‍ച്ചയാണ് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ നിലവില്‍ പ്രവചിച്ചിട്ടുള്ളത്. നിക്ഷേപം ഉയര്‍ത്തുന്നത് ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടായേക്കുമെന്നും വിലയിരുത്തലുകളുണ്ട്.

Comments

comments

Categories: Business & Economy, Slider