എയര്‍ടെലും ഗൂഗിള്‍ ക്ലൗഡും പങ്കാളിത്തം പ്രഖ്യാപിച്ചു

എയര്‍ടെലും ഗൂഗിള്‍ ക്ലൗഡും പങ്കാളിത്തം പ്രഖ്യാപിച്ചു

ഇന്ത്യയില്‍ 2500 വന്‍കിട ബിസിനസുകാര്‍ക്കും 500,000 എസ്എംബികള്‍ക്കും എയര്‍ടെല്‍ സേവനം നല്‍കുന്നു

ന്യൂഡെല്‍ഹി: ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്ക് ഡിജിറ്റല്‍ പരിഹാരങ്ങള്‍ ലഭ്യമാക്കുന്നതിനായി ടെലികോം ഓപ്പറേറ്റര്‍ ഭാരതി എയര്‍ടെലും ഗൂഗിള്‍ ക്ലൗഡ് പ്ലാറ്റ്‌ഫോമും പങ്കാളിത്തം പ്രഖ്യാപിച്ചു. ഇരു കമ്പനികളും തമ്മിലുള്ള കരാര്‍ പ്രകാരം എയര്‍ടെല്‍ അതിന്റെ സംയോജിത ഐസിടി പോര്‍ട്ട്‌ഫോളിയോയുടെ ഭാഗമായി ഇന്ത്യയിലെ ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്ക് (എസ്എംബി) ഗൂഗിളിന്റെ ജി സ്യൂട്ട് വാഗ്ദാനം ചെയ്യും.

ജി മെയില്‍, ഡോക്‌സ്, ഡ്രൈവ്, കലണ്ടര്‍ തുടങ്ങിയ ഗൂഗിളിന്റെ ഇന്റലിജന്റ് ആപ്ലിക്കേഷനുകള്‍ ഒരു കൂട്ടമായി ലഭ്യമാക്കുന്നതാണ് ജിസ്യൂട്ട്. വളര്‍ന്നുവരുന്ന സമ്പദ്‌വ്യവസ്ഥയ്‌ക്കൊപ്പം ഡിജിറ്റല്‍ സേവനങ്ങള്‍ സ്വീകരിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുകയും ചെയ്യുന്ന ഇന്ത്യ ഉപഭോക്താക്കള്‍ക്കായി നൂതനാവിഷ്‌കാരങ്ങള്‍ ലഭ്യമാക്കുന്നതിന് മികച്ച അവസരങ്ങളാണ് നല്‍കുന്നതെന്ന് ഭാരതി എയര്‍ടെല്‍ പ്രസ്താവനയില്‍ പറഞ്ഞു. ഗൂഗിള്‍ ക്ലൗഡുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിലും ഇന്ത്യന്‍ ബിസിനസുകള്‍ പരിവര്‍ത്തനം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്നതിലും ചാരിതാര്‍ത്ഥ്യമുണ്ടെന്നും എയര്‍ടെല്‍ പറയുന്നു.

ഈ കരാര്‍ ഇന്ത്യയിലെ ബിസിനസുകളുടെ ഡിജിറ്റല്‍വത്കരണത്തില്‍ നിന്ന് ലഭിക്കുന്ന വളര്‍ച്ചാ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് എയര്‍ടെല്ലിനും ഗൂഗിള്‍ ക്ലൗഡിനും ഒരു വേദി നല്‍കും. ഇന്ത്യയിലുടനീളം 2500 വന്‍കിട ബിസിനസുകാര്‍ക്കും 500,000 എസ്എംബികള്‍ക്കും വിവിധ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകള്‍ക്കും എയര്‍ടെല്‍ സേവനം നല്‍കുന്നുണ്ട്.  ആഗോള തലത്തില്‍ വന്ന വര്‍ധിച്ചുവരുന്ന ഐടി ചെലവിടലില്‍ ഏറ്റവുമധികം വളര്‍ച്ച പ്രകടമാക്കുന്ന ഒരു വിഭാഗമാണ് ക്ലൗഡ്. പുതിയ ചെലവിടലുകളില്‍ ഏറ്റവുമധികം ഈ മേഖല കേന്ദ്രീകരിച്ചുള്ളതാണെന്നും അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Comments

comments

Categories: FK News