ഫേഷ്യല്‍ റെക്കഗ്നിഷന്റെ താല്‍ക്കാലിക നിരോധനത്തെ പിന്തുണച്ച് സുന്ദര്‍ പിച്ചൈ

ഫേഷ്യല്‍ റെക്കഗ്നിഷന്റെ താല്‍ക്കാലിക നിരോധനത്തെ പിന്തുണച്ച് സുന്ദര്‍ പിച്ചൈ

സൂചി കൊണ്ടെടുക്കേണ്ടത് തൂമ്പ കൊണ്ടെടുക്കുന്നതിന് സമാനമാണെന്ന് മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത്

സാന്‍ഫ്രാന്‍സിസ്‌കോ: ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യ താല്‍ക്കാലികമായി നിരോധിക്കണമെന്ന യൂറോപ്യന്‍ യൂണിയന്റെ നിര്‍ദേശത്തിന് ആല്‍ഫബെറ്റ് ചീഫ് എക്‌സിക്യൂട്ടീവ് സുന്ദര്‍ പിച്ചൈയുടെ പിന്തുണ അറിയിച്ചു. എന്നാല്‍ മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് ഇതിനോട് വിയോജിക്കുന്ന സമീപനമാണ് അറിയിച്ചിട്ടുള്ളത്. ആളുകളുടെ മുഖം തിരിച്ചറിഞ്ഞ് ഡിവൈസുകള്‍ വിവിധ സേവനങ്ങള്‍ ലഭ്യമാക്കുകയും അണ്‍ലോക്ക് ചെയ്യുകയും ചെയ്യുന്ന സാങ്കേതിക വിദ്യയാണ് ഫേഷ്യല്‍ റെക്കഗ്‌നിഷന്‍.

ഈ സാങ്കേതികവിദ്യ അപകീര്‍ത്തികരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള സാധ്യതയാണ് താല്‍ക്കാലിക നിരോധനത്തിലേക്ക് നയിക്കുന്നതെന്ന് പിച്ചൈ വിലയിരുത്തുന്നു. ഉണ്ടാകാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങള്‍ക്കായി നിനോധനം ഏര്‍പ്പെടുത്തുന്നത് ‘സൂചി കൊണ്ടെടുക്കേണ്ടത് തൂമ്പ കൊണ്ടെടുക്കുന്നതിന്’ സമാനമാണെന്നാണ് സ്മിത് വിലയിരുത്തിയത്.
‘സര്‍ക്കാരുകളും നയ രൂപകര്‍ത്താക്കളും ഈ സാങ്കേതിക വിദ്യയുടെ നടത്തിപ്പിനായി എത്രയും വേഗം ഒരു ചട്ടക്കൂട് അവതരിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് കരുതുന്നതായും പിച്ചൈ ബ്രസ്സല്‍സില്‍ ഒരു സമ്മേളനത്തില്‍ പറഞ്ഞു. അത്തരമൊരു വ്യക്തത ഉണ്ടാകുന്നതു വരെ വ്യവസായത്തിന് കാത്തിരിക്കേണ്ടി വരാം. സര്‍ക്കാരുകളാണ് ഉചിതമായ മാനദണ്ഡങ്ങള്‍ നിശ്ചയിക്കേണ്ടതെന്നും പിച്ചൈ കൂട്ടിച്ചേര്‍ത്തു.

കാണാതായ കുട്ടികളെ കണ്ടെത്താന്‍ എന്‍ജിഒകള്‍ ഉപയോഗിക്കുന്നതുപോലുള്ള ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യയുടെ സാമൂഹിക പ്രയോജനങ്ങളും ബ്രാഡ് സ്മിത് മുന്നോട്ടുവെക്കുന്നു. സാങ്കേതികവിദ്യ മികച്ചതാക്കാന്‍ അത് ഉപയോഗിച്ച് കാര്യക്ഷമമാക്കുക എന്നതാണ് വഴി. കൃത്യമായ പ്രശ്‌നങ്ങള്‍ കണ്ടെത്തി അത് വിപുലമായി ദുരുപയോഗം ചെയ്യാതിരിക്കാന്‍ ഉതകുന്ന തരത്തില്‍ നിയമനിര്‍മാണം നടത്തുകയാണ് വഴി. കൂടുതല്‍ കൃത്യമായ ബദല്‍ ലഭ്യമാക്കാതെ ഒരു സാങ്കേതിക വിദ്യയുടെ ഉപയോഗം ഇല്ലാതാക്കുന്നതിനോട് യോജിപ്പില്ലെന്നും സ്മിത് പറഞ്ഞു.

യൂറോപ്യന്‍ കമ്മീഷന്‍ അമേരിക്കയേക്കാള്‍ കര്‍ശനമായ നിലപാടാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അടിസ്ഥാനമാക്കിയുള്ള സാേേങ്കതിക വിദ്യയുടെ കാര്യത്തില്‍ സ്വീകരിക്കുന്നത്. ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യയുടെ ദുരുപയോഗം തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിന് യൂറോപ്യന്‍ യൂണിയന് മതിയായ സമയം ലഭിക്കുന്നതിനായി പൊതു ഇടങ്ങളിലെ ഇതിന്റെ ഉപയോഗം അഞ്ച് വര്‍ഷം വരെ വിലക്കുക എന്ന നിര്‍ദേശമാണ് ഇയു കമ്മിഷന്റെ പ്രൊപ്പോസല്‍ പേപ്പറിലുള്ളത്. സ്വകാര്യതയും ഡാറ്റ സുരക്ഷയും ഉറപ്പാക്കുന്ന നിലവിലെ നിയമങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ കരട് തയാറാക്കിയിട്ടുള്ളത്.
നിയമങ്ങള്‍ തയാറാക്കുമ്പോള്‍ എല്ലാ കാര്യങ്ങളും പരിഗണിച്ചുകൊണ്ടുള്ള ആനുപാതിക സമീപനം കൈക്കൊള്ളണമെന്ന് നിര്‍ദേശങ്ങള്‍ പുറത്തുവരുന്നതിന് മുന്നോടിയായി പിച്ചൈ പറഞ്ഞിരുന്നു. എഐ സാങ്കേതിക വിദ്യ ചട്ടക്കൂട്ടുകള്‍ക്ക് വിധേയമായിരിക്കണമെന്നതില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകുന്നു ഫേഷ്യല്‍ റെക്കഗ്നിഷിന്‍ സാങ്കേതിക വിദ്യ ഗൂഗിള്‍ ക്ലൗഡ് പ്രദാനം ചെയ്യുന്നില്ലെന്നും നയപരവും സാങ്കേതികവുമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുണ്ടെന്നും കഴിഞ്ഞ മാസം കമ്പനി വ്യക്തമാക്കിയിരുന്നു.

ഈ മാസം ആദ്യം, യുഎസ് സര്‍ക്കാര്‍ എഐ സംബന്ധിച്ച നിയന്ത്രണ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇക്കാര്യത്തില്‍ ആക്രമണാത്മക സമീപനം ഒഴിവാക്കാന്‍ യൂറോപ്യന്‍ യൂണിയനോട് യുഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഡാറ്റാ ചോര്‍ച്ചയും ഉപഭോക്തൃ സ്വകാര്യതയും എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കും ഇന്റര്‍നെറ്റ് കമ്പനികള്‍ക്കും വലിയ വെല്ലുവിളിയാണ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. തുടര്‍ച്ചയായി ഉണ്ടായ ഡാറ്റാ ചോര്‍ച്ചകള്‍ ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സ്ഥാപങ്ങളെ നടപടികള്‍ നേരിടുന്നതിലേക്ക് എത്തിച്ചിരുന്നു.

Comments

comments

Categories: FK News