ഇറ്റലിയിലെ ഈ പട്ടണത്തില്‍ വിനോദസഞ്ചാരികള്‍ക്ക് പ്രവേശന ഫീസ് ഈടാക്കും

ഇറ്റലിയിലെ ഈ പട്ടണത്തില്‍ വിനോദസഞ്ചാരികള്‍ക്ക് പ്രവേശന ഫീസ് ഈടാക്കും

മിലാന്‍: വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഓരോ രാജ്യങ്ങളും പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ യൂറോപ്യന്‍ രാജ്യമായ ഇറ്റലി അക്കാര്യത്തില്‍ വ്യത്യസ്തമാവുകയാണ്. വിനോദസഞ്ചാരികളില്‍നിന്നും 1.67 ഡോളര്‍ പ്രവേശന ഫീസ് ഈടാക്കുകയാണ് അവര്‍. സെന്‍ട്രല്‍ ഇറ്റലിയിലെ പ്രൊവിന്‍സ് ഓഫ് വിട്ടെര്‍ബോയിലുള്ള സിവിറ്റ ദി ബാഗ്‌നോറീഗിയോയിലാണു വിനോദസഞ്ചാരികളില്‍നിന്നും പ്രവേശന ഫീസ് ഈടാക്കുന്നത്. ഇറ്റലിയിലെ ഏറ്റവും മികച്ച പ്രകൃതി സുന്ദരമായ ഗ്രാമങ്ങളുള്ള സ്ഥലം കൂടിയാണ് സിവിറ്റ ദി ബാഗ്‌നോ റീഗിയോ. ഇവിടെ താമസിക്കുന്നത് വെറും 12 പേരാണ്. ഇവിടേയ്ക്ക് എത്തപ്പെടണമെങ്കില്‍ വിനോദസഞ്ചാരികള്‍ക്ക് 365 മീറ്ററോളം കാല്‍നടയായി സഞ്ചരിക്കണം.

പ്രദേശവാസികള്‍ സിവിറ്റ ദി ബാഗ്‌നോ റീഗിയോയെ മരിക്കുന്ന ഗ്രാമമെന്നാണു വിളിക്കുന്നത്. കാരണം ഭൂമിശാസ്ത്രപരമായി ഈ പ്രദേശത്തിന് ഒട്ടേറെ പ്രത്യേകതകള്‍ ഉണ്ട്. അസ്ഥിരമാണ് ഇവിടെയുള്ള ഭൂപ്രദേശം. അതിനാല്‍ കാലങ്ങളായി മണ്ണൊലിപ്പിനു കാരണമാവുന്നുമുണ്ട്. ഭൂരിഭാഗം ജനങ്ങളും അയല്‍ പട്ടണമായ ബാഗ്‌നോ റീഗിയോയിലേക്കു മാറി താമസിച്ചു. ഒരു കാലത്ത് ബാഗ്‌നോ റീഗോ, സിവിറ്റയുടെ ഭാഗമായിരുന്നെങ്കിലും പതിനെറ്റാം നൂറ്റാണ്ടിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്നു വേര്‍തിരിക്കപ്പെടുകയായിരുന്നു. 2013 ല്‍ ബാഗ്‌നോ റീഗിയ മേയര്‍ ഫ്രാന്‍സെസ്‌കോയാണു സിവിറ്റ സന്ദര്‍ശിക്കാനെത്തുന്നവരില്‍നിന്നും ഫീസ് ഈടാക്കാന്‍ തീരുമാനിച്ചത്. എതിര്‍പ്പുണ്ടായെങ്കിലും ഫീസ് ഈടാക്കാനുള്ള തീരുമാനം പില്‍ക്കാലത്തു ഗുണകരമായെന്നു തെളിയിച്ചു. കാരണം ഫീസ് ഈടാക്കാന്‍ തുടങ്ങിയതോടെ ആളുകളുടെ കുത്തൊഴുക്ക് ഈ പ്രദേശത്തേയ്ക്കുണ്ടായി. പണം ഈടാക്കുമ്പോള്‍ എന്തെങ്കിലുമൊരു മൂല്യം ആ പ്രദേശത്തിനുണ്ടാകുമെന്ന തോന്നല്‍ വിനോദസഞ്ചാരികള്‍ക്കും ഉണ്ടായി. 2018 ല്‍ മാത്രം സിവിറ്റ സന്ദര്‍ശിച്ചത് പത്ത് ലക്ഷം പേരാണ്. ഇവരില്‍ ഭൂരിഭാഗവും ഏഷ്യയില്‍നിന്നുള്ളവരായിരുന്നു.

Comments

comments

Categories: World