ജനുവരിയില്‍ ഉപഭോക്തൃ മനോഭാവം 7.3% താഴ്ന്നു

ജനുവരിയില്‍ ഉപഭോക്തൃ മനോഭാവം 7.3% താഴ്ന്നു

തൊഴില്‍ സംബന്ധിച്ച ഉപസൂചികയില്‍ നേരിയ മുന്നേറ്റം

ന്യുഡെല്‍ഹി: നടപ്പു മാസത്തില്‍ രാജ്യത്തെ ഉപഭോക്തൃ മനോഭാവം 7.3 ശതമാനം പോയ്ന്റ് താഴ്ന്നുവെന്ന് പ്രൈമറി കണ്‍സ്യൂമര്‍ സെന്റിമെന്റ് ഇന്‍ഡക്‌സ് (പിസിഎസ്‌ഐ) വ്യക്തമാക്കുന്നു. തോംസണ്‍ റോയിട്ടേഴ്‌സും ഇപ്‌സോസും ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. വ്യക്തിഗത ചെലവുകളും നിക്ഷേപങ്ങളും സംബന്ധിച്ച ആത്മവിശ്വാസം കുറയുന്നതാണ് സൂചികയിലെ ഇടിവിന്റെ പ്രധാന കാരണം. സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള മൊത്തം ആത്മവിശ്വാസം താഴ്ന്ന നിലയില്‍ തന്നെയാണെങ്കിലും തൊഴിലുകളെ കുറിച്ചുള്ള മനോഭാവം മെച്ചപ്പെട്ടിട്ടുണ്ട്.

‘യുഎസ്-ഇറാന്‍ സംഘര്‍ഷവും യുഎസ്-ചൈന വ്യാപാര യുദ്ധത്തെക്കുറിച്ചുള്ള അനിശ്ചിതത്വവും കാരണം അവശ്യവസ്തുക്കളുടെ വിലയിലും എണ്ണവിലയിലും വര്‍ധനയുണ്ടായി. ജീവിതച്ചെലവ് ഈ മാസത്തില്‍ ഉയര്‍ന്നിട്ടുണ്ട്. ആഗോളതലത്തിലെ മാന്ദ്യവും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുന്നു,’ ഇപ്‌സോസിന്റെ ഇന്ത്യ സിഇഒയും എപിഎസി ഓപ്പറേഷന്‍സ് ഡയറക്റ്ററുമായ അമിത് അദാര്‍ക്കര്‍ പറയുന്നു.

പ്രതിമാസ പിസിഎസ്‌ഐ, നാല് ഉപ സൂചികകളെ സംയോജിപ്പിച്ചാണ് തയാറാക്കുന്നത്. നിലവിലെ സാഹചര്യങ്ങളുടെ സൂചിക, സാമ്പത്തിക പ്രതീക്ഷ സൂചിക, നിക്ഷേപ സൂചിക, തൊഴില്‍ സൂചിക എന്നിവയില്‍ തൊഴില്‍ സൂചിക 0.5 ശതമാനം പോയ്ന്റ് മുകളിലേക്ക് നീങ്ങി. സാമ്പത്തിക പ്രതീക്ഷകള്‍ സംബന്ധിച്ച സൂചിക 5.1 ശതമാനം പോയ്ന്റ് കുറഞ്ഞപ്പോള്‍ നിക്ഷേപ പ്രതീക്ഷയുടെ സൂചിക 12.9 ശതമാനം പോയിന്റ് ഇടിഞ്ഞു. നിലവിലെ സാഹചര്യങ്ങള്‍ സംബന്ധിച്ച സൂചികയും കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 12.5 ശതമാനം പോയ്ന്റ് കുറഞ്ഞു.

2019 ഡിസംബര്‍ 20 മുതല്‍ 2020 ജനുവരി 3 വരെ ഇപ്‌സോസ് നടത്തിയ ഒരു ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ നിന്നാണ് റിപ്പോര്‍ട്ടിനായി വിവരങ്ങള്‍ ശേഖരിച്ചത്. ഇപ്‌സോസിന്റെ ഇന്ത്യ ഓണ്‍ലൈന്‍ പാനലില്‍ നിന്നുള്ള, 16-64 വയസ് പ്രായമുള്ള 500 പേരെയാണ് ഓണ്‍ലൈനില്‍ അഭിമുഖം നടത്തിയത്. 2010 മുതല്‍ തോംസണ്‍ റോയിട്ടേഴ്‌സ് / ഇപ്‌സോസ് ഇന്ത്യ ഉപഭോക്തൃ മനോഭാവ സര്‍വെ നടത്തുന്നുണ്ട്.

റിസര്‍വ് ബാങ്കിന്റെ ഏറ്റവും പുതിയ ഉപഭോക്തൃ ആത്മവിശ്വാസ സര്‍വേയും വരും മാസങ്ങളില്‍ ഉപഭോക്തൃവികാരം മെച്ചപ്പെടാന്‍ സാധ്യതയില്ലെന്നാണ് വ്യക്തമാക്കിയിരുന്നത്. വിലക്കയറ്റം മൂലം കൂടുതല്‍ ഉല്‍പ്പന്നങ്ങളിലേക്ക് തങ്ങളുടെ ചെലവിടര്‍ ഉയര്‍ത്താന്‍ ഉപഭോക്താക്കള്‍ തയാറാകുന്നില്ലെന്ന് റിസര്‍വ് ബാങ്ക് കഴിഞ്ഞ ഡിസംബറില്‍ നടത്തിയ ധനനയ അവലോകന യോഗത്തില്‍ വിലയിരുത്തിയിരുന്നു.

Comments

comments

Categories: FK News