വാട്ട്‌സ്ആപ്പ് ഔട്ട് ആകും; പുതിയ ഫോണ്‍ വാങ്ങേണ്ട ഗതികേടില്‍ ഉപയോക്താക്കള്‍

വാട്ട്‌സ്ആപ്പ് ഔട്ട് ആകും; പുതിയ ഫോണ്‍ വാങ്ങേണ്ട ഗതികേടില്‍ ഉപയോക്താക്കള്‍

പഴയ ഐഒഎസ്, ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ അടുത്ത മാസം മുതല്‍ വാട്ട്‌സ്ആപ്പ് ലഭിക്കില്ല

ദുബായ്: ഒന്നുകില്‍ വാട്ട്‌സ്ആപ്പ് വേണ്ടെന്നുവെക്കുക, അല്ലെങ്കില്‍ പുതിയ ഫോണ്‍ വാങ്ങുക- ഈ ഗതികേടിലാണ് ലോകമെമ്പാടുമുള്ള ചില സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍. ആഴ്ചകള്‍ക്കുള്ളില്‍ പഴയ മോഡലിലുള്ള ഫോണുകളില്‍ നിന്ന് പ്രമുഖ മെസേജിംഗ് സേവനമായ വാട്ട്‌സ്ആപ്പ് പിന്‍വലിക്കപ്പെടുന്നതോടെ പഴയ ഫോണുകള്‍ ഉപയോഗിക്കുന്ന യുഎഇ നിവാസികളും പുതിയ ഫോണുകള്‍ വാങ്ങാന്‍ നിര്‍ബന്ധിതരാകുകയാണ്്.

ഫെബ്രുവരി ഒന്നുമുതല്‍ ഐഒഎസ് എട്ടിലും അതിനുമുമ്പുള്ളതുമായ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും പ്രവര്‍ത്തിക്കുന്ന ഐഫോണുകളിലും ആന്‍ഡ്രോയിഡ് 2.3.7ലും അതിന് മുമ്പുള്ള പതിപ്പുകളിലും പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകളിലും വാട്ട്‌സ്ആപ്പ് ലഭിക്കുകയില്ലെന്ന് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് വ്യക്തമാക്കിയിരുന്നു. ഇനി മുതല്‍ വിന്‍ഡോസ് ഫോണുകളില്‍ വാട്ട്‌സ്ആപ്പ് ലഭിക്കില്ലെന്ന പ്രഖ്യാപനത്തിന് പിന്നാലെ വന്ന ഈ പ്രഖ്യാപനം പഴയ ഫോണുകളുടെ ഉപയോക്താക്കളെ വെട്ടിലാക്കിയിരിക്കുകയാണ്.

ഈ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ക്ക് വേണ്ടിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്താത്തതിനാല്‍ എപ്പോള്‍ വേണമെങ്കിലും കമ്പനി നല്‍കിവരുന്ന ചില സേവനങ്ങള്‍ ഇവയില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ നിന്നും അപ്രത്യക്ഷമാകാമെന്നാണ് വാട്ട്‌സ്ആപ്പ് വെബ്‌സൈറ്റിലൂടെ അറിയിച്ചത്. മാത്രമല്ല, ഫെബ്രുവരി ഒന്നിന് മുമ്പായി ഈ ഫോണുകള്‍ ഉപയോഗിച്ച് വാട്ട്‌സ്ആപ്പില്‍ പുതിയ എക്കൗണ്ടുകള്‍ എടുക്കാനോ നിലവിലെ എക്കൗണ്ടുകള്‍ റീവേരിഫൈ ചെയ്യാനോ സാധിക്കില്ലെന്നും വാട്ട്‌സ്ആപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ വാട്ട്‌സ്ആപ്പിന്റെ ഈ തീരുമാനം ശരിയായില്ലെന്ന്് യുഎഇ നിവാസികള്‍ വിമര്‍ശിച്ചു. പഴയ മോഡലുകള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കളെ ബാധിക്കുന്ന വളരെ മോശം തീരുമാനമാണിതെന്നും കുറഞ്ഞ വരുമാനമുള്ള ആളുകള്‍ക്ക് ഈ തീരുമാനം തിരിച്ചടിയാകുമെന്നും ആളുകള്‍ പ്രതികരിച്ചു. കേടുവന്നാല്‍ മാത്രം പഴയവ ഉപേക്ഷിക്കുന്ന പഴയ തലമുറക്കാരാണ് വാട്ട്‌സ്ആപ്പ് തീരുമാനത്തില്‍ ഏറ്റവും കൂടുതല്‍ അമര്‍ഷം പ്രകടിപ്പിച്ചത്. നാട്ടിലുള്ള കുടുംബങ്ങാംഗങ്ങളുമായി ആശയവിനിമയത്തിന് ഉപയോഗിക്കുന്ന വാട്ട്‌സ്ആപ്പ് ഉപയോഗിക്കണമെങ്കില്‍ ഇനി പുതിയ ഫോണ്‍ വാങ്ങേണ്ടിവരുമെന്നുള്ളത് പ്രവാസികളെയും ചൊടിപ്പിക്കുന്നുണ്ട്.

7.88 മില്യണ്‍ ഉപയോക്താക്കളുമായി യുഎഇയില്‍ ഏറ്റവും പ്രചാരത്തിലുള്ള സോഷ്യല്‍മീഡിയ മെസേജിംഗ് ആപ്പാണ് വാട്ട്‌സ്ആപ്പ്. രണ്ടാംസ്ഥാനത്തുള്ള ഫേസ്ബുക്ക് മെസഞ്ചറിന് യുഎഇയില്‍ ആറ് മില്യണ്‍ ഉപയോക്താക്കളാണ് ഉള്ളത്.

Comments

comments

Categories: Arabia
Tags: WhatsApp