വിപിഎസ് ഹെല്‍ത്ത്‌കെയറില്‍ ഓഹരി നിക്ഷേപം നടത്താന്‍ അമനാതിന് ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതി

വിപിഎസ് ഹെല്‍ത്ത്‌കെയറില്‍ ഓഹരി നിക്ഷേപം നടത്താന്‍ അമനാതിന് ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതി
  • ഇടപാട് ചര്‍ച്ച ചെയ്യാന്‍ സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിച്ചു
  • വിപിഎസ് സ്ഥാപകനും അമനാത് വൈസ് ചെയര്‍മാനുമായ ഡോ.ഷംസീര്‍ വയലില്‍ ചര്‍ച്ചകളുടെ ഭാഗമാകില്ല

ദുബായ്: വിപിഎസ് ഹെല്‍ത്ത്‌കെയറിലെ തന്ത്രപ്രധാന ഓഹരികള്‍ വാങ്ങാന്‍ അമനാത് ഹോള്‍ഡിംഗിന് ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതി. ഇടപാടുമായി മുന്നോട്ട് പോകുന്നതിന് കമ്പനി പ്രത്യേക സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിച്ചു. വിപിഎസ് ഹെല്‍ത്ത്‌കെയര്‍ സ്ഥാപകനും അമനാത് ഹോള്‍ഡിംഗ് വൈസ് ചെയര്‍മാനുമായ ഡോ.ഷംസീര്‍ വയലില്‍ ഇടപാടുമായി ബന്ധപ്പെട്ട് ചര്‍ച്ചകളുടെ ഭാഗമാകില്ല. വിദ്യാഭ്യാസം, ഹെല്‍ത്ത്‌കെയര്‍ എന്നീ മേഖലകള്‍ കേന്ദ്രീകരിച്ച് നിക്ഷേപം നടത്തുന്ന അമനാത് മേഖലയിലെ നിക്ഷേപക പോര്‍ട്ട്‌ഫോളിയോ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിപിഎസില്‍ നിക്ഷേപത്തിന് തയാറെടുക്കുന്നത്.

വിപിഎസിലെ നിക്ഷേപ അവസരവും ഓഹരി ഏറ്റെടുക്കുന്നതിനായി വിപിഎസിന് മുമ്പാകെ വെക്കേണ്ട നിബന്ധനകളും ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിച്ചതായി ദുബായ് ധനകാര്യ വിപണിയില്‍ സമര്‍പ്പിച്ച പ്രസ്താവനയില്‍ അമനാത് വ്യക്തമാക്കി. ഇടപാടിന്റെ മൂല്യം കണക്കാക്കുന്നതിനായുള്ള സ്വതന്ത്ര വ്യക്തിയെയും പുറത്തുനിന്നുള്ള ഉപദേശകരെയും ഈ സ്റ്റിയറിംഗ് കമ്മിറ്റി നിയമിക്കും.

വിപിഎസ് ഹെല്‍ത്ത്‌കെയറിന്റെ പശ്ചിമേഷ്യന്‍ ബിസിനസില്‍ ഓഹരികള്‍ വാങ്ങുന്ന കാര്യം പരിഗണനയിലുണ്ടെന്ന് കഴിഞ്ഞ ആഴ്ച അമനാത് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇടപാടിന്റെ വലിപ്പമോ മൂല്യമോ എന്ന് വെളിപ്പെടുത്തിയിരുന്നില്ല. പശ്ചിമേഷ്യയില്‍ വളര്‍ച്ച നേടുകയെന്നും ലാഭം വര്‍ധിപ്പിക്കുകയെന്നുമുള്ള തന്ത്രപ്രധാന ലക്ഷ്യത്തിന്റെ ഭാഗമായ തീരുമാനം നടപ്പിലാക്കുന്നതിലൂടെ ഹെല്‍ത്ത്‌കെയര്‍ രംഗത്ത് അമനാതിനുള്ള സ്ഥാനം ദൃഢപ്പെടുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇടപാട് സംബന്ധിച്ച ധനകാര്യ വിലയിരുത്തലുകള്‍ക്കായി ജെപി മോര്‍ഗന്‍ കമ്പനിയെയാണ് അമനാത് ഉപദേശകരായി നിയമിച്ചിരിക്കുന്നത്.

മലയാളി വ്യവസായിയായ ഡോ.ഷംസീര്‍ വയലില്‍ 2007ല്‍ സ്ഥാപിച്ച വിപിഎസ് ഹെല്‍ത്ത്‌കെയര്‍ യുഎഇയിലെ മുന്‍നിര ഹെല്‍ത്ത്‌കെയര്‍ കമ്പനികളിലൊന്നാണ്. പശ്ചിമേഷ്യയിലും ഇന്ത്യയിലുമായി ഇരുപതിലേറെ ആശുപത്രികളും 125ലേറെ മെഡിക്കല്‍ സെന്ററുകളുമാണ് വിപിഎസ് ഹെല്‍ത്ത്‌കെയറിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ഇവ കൂടാതെ, യുഎഇയില്‍ ലൈഫ്ഫാര്‍മ എന്ന പേരില്‍ എകീകൃത ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയും അബുദാബി ആസ്ഥാനമായുള്ള ഫാര്‍മസി ശൃംഖലയും വിപിഎസിനുണ്ട്. അമനാതിന്റെ വൈസ് ചെയര്‍മാനും മാനേജിംഗ് പാര്‍ട്ണറും കൂടിയായ ഷംസീര്‍ വിപിഎസ്-അമനാത് ഇടപാടുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ ഭാഗമായിരിക്കില്ലെന്ന് അമനാത് വ്യക്തമാക്കിയിട്ടുണ്ട്.

2022ഓടെ 6.7 ശതമാനത്തിന്റെ സംയുക്ത വാര്‍ഷിക വളര്‍ച്ചയുമായി വലിയ മുന്നേറ്റത്തിന് തയാറെടുക്കുന്ന ജിസിസിയിലെ ഹെല്‍ത്ത്‌കെയര്‍ രംഗത്ത് നിര്‍ണായക ചുവടുവെപ്പ് നടത്താന്‍ വിപിഎസ് ഹെല്‍ത്ത്‌കെയറിലെ ഓഹരി ഏറ്റെടുക്കലിലൂടെ സാധിക്കുമെന്നാണ് അമനാത് കരുതുന്നത്. 2021ഓടെ സര്‍ക്കാരിന്റെ ഹെല്‍ത്ത്‌കെയര്‍ രംഗത്തുള്ള ചിലവിടല്‍ 30.5 ബില്യണ്‍ ഡോളറായി വര്‍ധിക്കുമെന്നുള്ള പ്രവചനം കൂടി കണക്കിലെടുക്കുമ്പോള്‍ പശ്ചിമേഷ്യയില്‍ ഹെല്‍ത്ത്‌കെയര്‍ മേഖലയിലെ നിക്ഷേപങ്ങള്‍ക്ക് വന്‍സാധ്യതയാണ് കല്‍പ്പിക്കപ്പെടുന്നത്.

വരുംവര്‍ഷങ്ങളില്‍ ജിസിസിയിലും ഈജിപ്ഷ്യന്‍ വിപണികളിലും 900 മില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് പദ്ധതിയിടുന്നതെന്ന് കഴിഞ്ഞ നവംബറില്‍ അമനാത് സിഇഒ ട്രിസ്റ്റന്‍ ഡി ബോയ്‌സണ്‍ പറഞ്ഞിരുന്നു. കമ്പനിയുടെ കൈവശം പണമായുള്ള 536 മില്യണ്‍ ദിര്‍ഹവും ബാങ്ക് വായ്പകളിലൂടെ ലക്ഷ്യമിടുന്ന 300-400 മില്യണ്‍ ദിര്‍ഹവും ഇതിനായി വിനിയോഗിക്കും.

Comments

comments

Categories: Arabia

Related Articles