വീഗന്‍ ഭക്ഷണങ്ങള്‍ക്ക് ബ്രിട്ടനില്‍ പ്രിയമേറുന്നു

വീഗന്‍ ഭക്ഷണങ്ങള്‍ക്ക് ബ്രിട്ടനില്‍ പ്രിയമേറുന്നു

ലണ്ടന്‍: കഴിഞ്ഞ വര്‍ഷം വിപണിയില്‍ പുതിയതായി അവതരിപ്പിച്ച ഭക്ഷ്യ ഉത്പന്നങ്ങളില്‍ നാലിലൊന്നും സസ്യാഹാരമെന്നു (vegan) ലേബല്‍ ചെയ്തതായിരുന്നെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. മൂന്നില്‍ രണ്ട് ബ്രിട്ടീഷുകാരും മാംസത്തിനുള്ള ബദല്‍ ഭക്ഷണം കഴിക്കാനാണു താത്പര്യം കാണിച്ചതെന്നും കണക്കുകള്‍ പറയുന്നു. ജന്തുജന്യമായ എല്ലാം ഉപേക്ഷിച്ചു സസ്യാഹാരം മാത്രം കഴിച്ചു, സസ്യോത്പന്നങ്ങള്‍ മാത്രം ഉപയോഗിക്കുന്നവരെയാണല്ലോ വീഗന്‍ എന്നു പറയുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ മാംസാഹാരത്തിനുള്ള ബദല്‍ ഭക്ഷണം കഴിച്ച ബ്രിട്ടീഷുകാരുടെ അനുപാതം 2017ല്‍ 50 %ല്‍ നിന്ന് 65 % ആയി ഉയര്‍ന്നെന്ന് അനലിസ്റ്റുകള്‍ പറയുന്നു.

മാംസ രഹിത ഭക്ഷണങ്ങളുടെ വില്‍പ്പന 2019 ല്‍ 40 % വര്‍ധിച്ചു 816 ദശലക്ഷം പൗണ്ടിലെത്തുകയും ചെയ്തു. ഫ്‌ളെക്‌സിറ്റേറിയന്‍ ഡയറ്റിനോട് ഇപ്പോള്‍ ആളുകള്‍ക്ക് പ്രിയമേറി വന്നിരിക്കുകയാണ്. ഇതിനെ സെമി വെജിറ്റേറിയന്‍ ഡയറ്റെന്നും വിളിക്കാറുണ്ട്. സസ്യഭക്ഷണങ്ങളെ കേന്ദ്രീകരിച്ചും എന്നാല്‍ ഇടയ്ക്കിടെ മാംസം, മത്സ്യം എന്നിവ ഉള്‍പ്പെടുത്തിയിട്ടുള്ളവയുമാണു സെമി വെജിറ്റേറിയന്‍ ഡയറ്റ്. ഫ്‌ളെക്‌സിറ്റേറിയന്‍ ഡയറ്റിനോട് താത്പര്യം വര്‍ധിക്കുമ്പോഴും 88 ശതമാനം ബ്രിട്ടീഷുകാര്‍ ഇപ്പോഴും റെഡ് മീറ്റോ, കോഴിയിറച്ചിയോ കഴിക്കുന്നുണ്ടെന്നും അനലിസ്റ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്. വീഗന്‍ എന്ന് ലേബല്‍ ചെയ്തിട്ടുള്ള പുതിയ ഭക്ഷ്യോത്പന്നങ്ങളുടെ ലോഞ്ചുകള്‍ 2018 ല്‍ 17 ശതമാനത്തില്‍നിന്ന് കഴിഞ്ഞ വര്‍ഷം 23 ശതമാനമായി ഉയര്‍ന്നെങ്കിലും സസ്യാഹാരം കഴിക്കുന്നവര്‍ ഇപ്പോഴും യുകെ ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണെന്നു കണക്കുകള്‍ പറയുന്നു.

മാംസം കുറച്ചു കഴിക്കുന്നതിന്റെ പ്രയോജനത്തെക്കുറിച്ചു ചോദിച്ചപ്പോള്‍, 25% ഉപഭോക്താക്കള്‍ പറഞ്ഞത് പരിസ്ഥിതിക്കു ഗുണകരമാകുമെന്നാണ്. എന്നാല്‍ 32% പേര്‍ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും 31 % പേര്‍ പണം ലാഭിക്കാന്‍ സഹായിച്ചെന്നും മറുപടിയായി പറഞ്ഞു. ബ്രിട്ടനില്‍ ഇപ്പോള്‍ വീഗന്‍, മാംസ രഹിത ഭക്ഷണങ്ങള്‍ ലഭ്യമാണെന്നു പരസ്യപ്പെടുത്തുന്ന റെസ്റ്റോറന്റുകളുടെയും ഫാസ്റ്റ് ഫുഡ് ഭക്ഷണകേന്ദ്രങ്ങളുടെയും എണ്ണം കൂടി വരികയുമാണ്.

Comments

comments

Categories: World