ആറാമത്തെ വംശനാശം ഒഴിവാക്കാന്‍ യുഎന്‍ കരട് പദ്ധതി

ആറാമത്തെ വംശനാശം ഒഴിവാക്കാന്‍ യുഎന്‍ കരട് പദ്ധതി

ലണ്ടന്‍: മനുഷ്യന്റെ ക്ഷേമത്തിന് അത്യന്താപേക്ഷിതമായ ആവാസവ്യവസ്ഥയുടെ നിലനില്‍പ്പ് ഉറപ്പുവരുത്തുന്നതിനായി 2030 ഓടെ കരയുടെയും കടലിന്റെയും മുപ്പത് ശതമാനമെങ്കിലും സംരക്ഷിത പ്രദേശങ്ങളായി മാറണമെന്നു കഴിഞ്ഞ ദിവസം പുറത്തുവിട്ട യുഎന്നിന്റെ ഒരു പ്ലാന്‍ നിര്‍ദേശിക്കുന്നു. പാരീസ് കാലാവസ്ഥ ഉടമ്പടിയുടെ മാതൃകയില്‍ പ്രകൃതിയെ സംബന്ധിച്ചു യുഎന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ ബയോളജിക്കല്‍ ഡൈവേഴ്‌സിറ്റി ഒരു കരാര്‍ രൂപപ്പെടുത്തുകയാണ്.

ഇതിന്റെ കരട് തയാറാക്കിയിട്ടുണ്ട്. മനുഷ്യരാശിയുടെ നിലനില്‍പ്പിന് അപകടമുണ്ടാക്കുന്ന ജൈവവൈവിധ്യ തകര്‍ച്ച തടയുന്നതിനും അവ തിരിച്ചു പിടിക്കുന്നതിനുമായി ലോകത്തിലുള്ള മൂന്നിലൊന്നു സമുദ്രങ്ങളും ഭൂമിയും ഈ ദശകത്തിന്റെ അവസാനത്തോടെ സംരക്ഷിക്കണമെന്നു ഈ കരട് നിര്‍ദേശിക്കുന്നു. ചൈനയിലെ കുന്‍മിംഗില്‍ ഫെബ്രുവരിയില്‍ നടക്കുന്ന രണ്ടാമത്തെ ഓപ്പണ്‍ എന്‍ഡഡ് വര്‍ക്കിംഗ് ഗ്രൂപ്പ് (ഡബ്ല്യുജി 2020) യോഗത്തില്‍ ഈ കരട് നിര്‍ദേശങ്ങള്‍ പരിഗണനയ്ക്കായി മുന്നോട്ട് വയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. കരയിലെയും സമുദ്രങ്ങളിലെയും ആവാസ വ്യവസ്ഥകളുടെ നഷ്ടം നേരിടാന്‍ ഈ നിര്‍ദേശം സഹായിക്കുമെന്നാണ് പ്രതീക്ഷ. ഇപ്പോള്‍ പരിസ്ഥിതിയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന സംഭവങ്ങളെ ഭൂമിയുടെ ചരിത്രത്തിലെ ആറാമത്തെ കൂട്ട വംശനാശമെന്നാണു ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. ഇതിനെ ചെറുക്കുന്നതിനു വന്യജീവികളുടെ സംരക്ഷണത്തിനും, ആവാസവ്യവസ്ഥകളുടെ പുനസ്ഥാപനത്തിനുമുള്ള നിര്‍ദേശങ്ങളാണു കരടിലുള്ളത്. 2030 വരെ സമയപരിധി നിശ്ചയിച്ചിട്ടുമുണ്ട്. ഭൂമിയിലെ 30 ശതമാനമെങ്കിലും സംരക്ഷിക്കാനുള്ള പ്രതിജ്ഞാബദ്ധത ആവശ്യപ്പെടുന്ന കരടില്‍ 20 നിര്‍ദേശങ്ങളാണുള്ളത്. കരടിനെ പരിസ്ഥിതി പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്തു. പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്നുള്ള മലിനീകരണം കുറയ്ക്കുകയാണ് 20 പോയിന്റ് കരട് പദ്ധതി ലക്ഷ്യമിടുന്നത്. 2030 ഓടെ വന്യജീവികളുടെ വ്യാപാരം നിയമപരവും സുസ്ഥിരവുമായിരിക്കണം എന്നും ഇത് വിശദീകരിക്കുന്നു.

Comments

comments

Categories: World
Tags: Extinction, UN