യുഎഇയില്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തി ഇന്ത്യയിലേക്ക് കടക്കുന്നവര്‍ കുടുങ്ങും

യുഎഇയില്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തി ഇന്ത്യയിലേക്ക് കടക്കുന്നവര്‍ കുടുങ്ങും

യുഎഇ കോടതികളെ ഇന്ത്യ പരസ്പര വിനിമയ പ്രദേശത്തുള്ള കോടതികളായി പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി: ബാങ്ക് വായ്പയെടുത്ത് മുങ്ങുന്നതടക്കം യുഎഇയില്‍ വലിയ സാമ്പത്തിക തട്ടിപ്പുകളും സിവില്‍ നിയമലംഘനവും നടത്തി ഇന്ത്യയിലേക്ക് രക്ഷപ്പെടുന്നവര്‍ സൂക്ഷിക്കുക. യുഎഇയിലെ നിയമ സംവിധാനങ്ങളില്‍ നിന്നും രക്ഷപ്പെട്ട് ഇന്ത്യയിലേക്ക് കടക്കുന്നവരെ കുടുക്കുന്നതിനായി യുഎഇയിലെ കോടതികളെ ഇന്ത്യ പരസ്പര വിനിമയ പ്രദേശത്തുള്ള കോടതികളായി പ്രഖ്യാപിച്ചു. യുഎഇയിലെ കോടതിവിധികള്‍ക്ക് ഇന്ത്യയിലും പ്രാബല്യം നല്‍കുന്ന പ്രഖ്യാപനമാണിത്. സാമ്പത്തിക തട്ടിപ്പുകള്‍ ഉള്‍പ്പടെ സിവില്‍ കേസുകളില്‍ പ്രതികളായ പ്രവാസികള്‍ നാട്ടിലെത്തിയാലും വിധി നടപ്പാക്കാന്‍ ഇതോടെ കളമൊരുങ്ങും.

ഇന്ത്യന്‍ സിവില്‍ നടപടി ചട്ടത്തിലെ 44എ വകുപ്പ് അനുസരിച്ചാണ് യുഎഇ കോടതികള്‍ പുറപ്പെടുവിക്കുന്ന വിധികള്‍ ഇനിമുതല്‍ ഇന്ത്യയിലും നടപ്പിലാക്കാമെന്ന് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്. യുഎഇയില്‍ വിവിധ തട്ടിപ്പു കേസുകളില്‍ കുടുങ്ങി പ്രവാസികള്‍ ഇന്ത്യയിലേക്ക് രക്ഷപ്പെടുന്നത് സാധാരണമായതിനാല്‍ യുഎഇ കോടതികളെ പരസ്പര വിനിമയ പ്രദേശത്തുള്ള കോടതികളായി പ്രഖ്യാപിക്കണമെന്നുള്ളത് ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു.

പുതിയ ഉത്തരവ് പ്രകാരം വിവാഹമോചനം ഉള്‍പ്പടെയുള്ള സിവില്‍ വ്യവഹാരങ്ങളില്‍ യുഎഇയിലെ നിര്‍ദ്ദിഷ്ട കോടതികള്‍ പുറപ്പെടുവിക്കുന്ന വിധികളും ഇന്ത്യന്‍ കോടതികളിലൂടെ നടപ്പിലാക്കാന്‍ സാധിക്കുമെന്ന് നിയമരംഗത്തെ വിദഗ്ധര്‍ പറയുന്നു.

അബുദാബിയിലെ ഫെഡറല്‍ സു്പ്രീംകോടതി, ഷാര്‍ജ, അജ്മന്‍, ഉം അല്‍ ഖുവെയിന്‍, ഫുജെയ്‌റ എന്നിവിടങ്ങളിലെ ഫെഡറല്‍, അപ്പീല്‍ കോടതികള്‍, അബുദാബി സിവില്‍ കോടതി, ദുബായ് കോടതികള്‍, അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ് കോടതി, റാസ് അല്‍ ഖൈമ കോടതി, ദുബായ് ഇന്റെര്‍നാഷണല്‍ ഫിനാന്‍സ് സെന്റര്‍ കോടതികള്‍ എന്നിവിടങ്ങളില്‍ പുറപ്പെടുവിക്കുന്ന വിധികളാണ് ഇന്ത്യയിലും നടപ്പിലാക്കുക.

Comments

comments

Categories: Arabia