ടൊയോട്ട ലാന്‍ഡ് ക്രൂസര്‍, പ്രാഡോ നിര്‍ത്തി

ടൊയോട്ട ലാന്‍ഡ് ക്രൂസര്‍, പ്രാഡോ നിര്‍ത്തി

ഔദ്യോഗിക ഇന്ത്യന്‍ വെബ്‌സൈറ്റില്‍നിന്ന് രണ്ട് എസ്‌യുവികളും നീക്കം ചെയ്തു

ന്യൂഡെല്‍ഹി: ടൊയോട്ടയുടെ ഔദ്യോഗിക ഇന്ത്യന്‍ വെബ്‌സൈറ്റില്‍നിന്ന് ലാന്‍ഡ് ക്രൂസര്‍, ലാന്‍ഡ് ക്രൂസര്‍ പ്രാഡോ മോഡലുകള്‍ നീക്കം ചെയ്തു. രണ്ട് എസ്‌യുവികളുടെയും ഇന്ത്യയിലെ വില്‍പ്പന അവസാനിപ്പിച്ചതായാണ് ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്. ബിഎസ് 6 പ്രാബല്യത്തില്‍ വരുന്നതിന് മുമ്പാണ് രണ്ട് മോഡലുകളും ഇന്ത്യന്‍ വിപണി വിടുന്നത്.

ടൊയോട്ട ലാന്‍ഡ് ക്രൂസറിന് 1.46 കോടി രൂപയായിരുന്നു ഡെല്‍ഹി എക്‌സ് ഷോറൂം വില. എല്‍സി 200 വിഎക്‌സ് എന്ന ട്രിമ്മില്‍ മാത്രമാണ് ലഭിച്ചിരുന്നത്. 262 ബിഎച്ച്പി കരുത്തും 650 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 4.4 ലിറ്റര്‍ വി8 ഡീസല്‍ എന്‍ജിന്‍ കരുത്തേകിയിരുന്നു. എന്‍ജിനുമായി 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ചേര്‍ത്തുവെച്ചു. ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റം സ്റ്റാന്‍ഡേഡായി നല്‍കി.

ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ പ്രാഡോയുടെ ഡെല്‍ഹി എക്‌സ് ഷോറൂം വില 96.30 ലക്ഷം രൂപയായിരുന്നു. വിഎക്‌സ് എല്‍ എന്ന ട്രിമ്മില്‍ മാത്രമാണ് ലഭിച്ചിരുന്നത്. 3.0 ലിറ്റര്‍, ഇന്‍-ലൈന്‍ 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ ഉപയോഗിച്ചു. ഈ മോട്ടോര്‍ 171 ബിഎച്ച്പി കരുത്തും 410 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിച്ചത്. 5 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ഘടിപ്പിച്ചു. ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റം സ്റ്റാന്‍ഡേഡ് ഫീച്ചറായി നല്‍കി.

നിലവിലെ തലമുറ ലാന്‍ഡ് ക്രൂസര്‍ 2007 മുതല്‍ നിര്‍മിച്ചുവരികയാണ്. എന്നാല്‍ നാലാം തലമുറ ലാന്‍ഡ് ക്രൂസര്‍ പ്രാഡോ 2009 ലാണ് നിര്‍മിച്ചുതുടങ്ങിയത്. 2016 ല്‍ ലാന്‍ഡ് ക്രൂസര്‍ പരിഷ്‌കരിച്ചു. 2018 മോഡല്‍ പ്രാഡോയാണ് ഇന്ത്യയില്‍ വിറ്റിരുന്നത്.

ഈയിടെയായി ഇന്ത്യയില്‍ രണ്ട് മോഡലുകളുടെയും വില്‍പ്പന വളരെ കുറവായിരുന്നു. 2019 അവസാന പാദത്തില്‍ 24 യൂണിറ്റ് ലാന്‍ഡ് ക്രൂസര്‍ മാത്രമാണ് വിറ്റുപോയത്. ഡിസംബറില്‍ ഒരു യൂണിറ്റ് മാത്രം. അതേസമയം, 2019 സെപ്റ്റംബര്‍ മുതല്‍ ഒരു യൂണിറ്റ് പ്രാഡോ പോലും വിറ്റുപോയില്ല. രണ്ട് വാഹനങ്ങളും പൂര്‍ണമായി നിര്‍മിച്ചശേഷം ഇറക്കുമതി ചെയ്യുകയായിരുന്നു. ഭാവിയില്‍ രണ്ട് എസ്‌യുവികളും ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തിയേക്കാം.

Comments

comments

Categories: Auto