നികുതി പിരിവില്‍ 2.5 ട്രില്യണ്‍ രൂപയുടെ കുറവ് വരും: ഗാര്‍ഗ്

നികുതി പിരിവില്‍ 2.5 ട്രില്യണ്‍ രൂപയുടെ കുറവ് വരും: ഗാര്‍ഗ്

ധനക്കമ്മി ലക്ഷ്യം 0.5 ശതമാനമോ 0.7 ശതമാനമോ ഉയര്‍ത്തുന്നത് മതിയാകുന്നതല്ലെന്നും മുന്‍ ധനകാര്യ സെക്രട്ടറി

ന്യൂഡെല്‍ഹി: സര്‍ക്കാരിന്റെ നികുതി പിരിവ് 2019-20ല്‍ നിശ്ചിത ലക്ഷ്യത്തില്‍ നിന്ന് 2.5 ട്രില്യണ്‍ രൂപ കുറവായിരിക്കുമെന്ന് മുന്‍ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ്. ഡിവിഡന്റ് വിതരണ നികുതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നികുതി വരുമാനത്തിന്റെ വീക്ഷണ കോണില്‍ പരിശോധിക്കുമ്പോള്‍ 2019-20 പ്രവര്‍ത്തനരഹിതമായ വര്‍ഷമാണെന്ന് തെളിയുകയാണെന്നും തന്റെ ബ്ലോഗിലൂടെ പുറത്തുവിട്ട കുറിപ്പില്‍ ഗാര്‍ഗ് പറഞ്ഞു.

ഡിവിഡന്റ് വിതരണ നികുതി ഒഴിവാക്കുന്നതിനും വ്യകതിഗത നികുതി പരിഷ്‌കരണങ്ങള്‍ക്കുമുള്ള സമയമാണിത്. മൊത്തം നികുതി വരുമാനം 24.59 ട്രില്യണ്‍ രൂപയായിരിക്കും എന്നാണ് സര്‍ക്കാര്‍ ബജറ്റില്‍ കണക്കുകൂട്ടിയത്. സംസ്ഥാനങ്ങളുടെ വിഹിതമായി 8.09 ട്രില്യണ്‍ രൂപ നീക്കിവച്ച്, കേന്ദ്രത്തിലേക്കുള്ള ബജറ്റ് അറ്റനികുതി വരുമാനം 16.50 ട്രില്യണ്‍ രൂപ ആയിരിക്കുമെന്നും കണക്കുകൂട്ടി. ഇത് 2018-19ല്‍ സമാഹരിച്ച 13.37 ട്രില്യണ്‍ രൂപയുടെ അറ്റ നികുതി വരുമാനത്തേക്കാള്‍ 3.13 ട്രില്യണ്‍ രൂപ കൂടുതലാണ്. 23.4% വര്‍ധനയാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നതെന്നും ഇത് അപ്രാപ്യമാണെന്നും ഗാര്‍ഗ് ചൂണ്ടിക്കാണിക്കുന്നു.
കോര്‍പ്പറേറ്റ് നികുതി, എക്‌സൈസ് തീരുവ, കസ്റ്റംസ് എന്നിവയുടെ സമാഹരണം 2019-20ല്‍ നെഗറ്റീവ് വളര്‍ച്ച പ്രകടമാക്കുമെന്ന് അദ്ദേഹം വിലയിരുത്തുന്നു. കോര്‍പ്പറേറ്റ് നികുതികളില്‍ എട്ട് ശതമാനം, എക്‌സൈസ് തീരുവയില്‍ 5 ശതമാനം കസ്റ്റംസ് തീരുവയില്‍ 10 ശതമാനം എന്നിങ്ങനെ കുറവ് രേഖപ്പെടുത്തുമെന്നാണ് കരുതുന്നത്. കേന്ദ്രത്തിന്റെ മൊത്ത നികുതി പിരിവില്‍ ഉണ്ടാകുന്ന കുറവ് നികുതിയേതര വരുമാനത്തിലൂടെയും ചെലവ് വെട്ടിക്കുറച്ചോ പരിഹരിക്കാനാകില്ലെന്നും. ധനക്കമ്മി പിടിച്ചുനിര്‍ത്തുന്നതിനുള്ള പരിധി 0.5 ശതമാനമോ 0.7 ശതമാനമോ ഉയര്‍ത്തുന്നത് മതിയാകുന്നതല്ലെന്നും ഗാര്‍ഗ് കുറിച്ചു.

നികുതി വരുമാനം പ്രതീക്ഷിച്ച നിലയില്‍ എത്താത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ധനക്കമ്മി ലക്ഷ്യം പുതുക്കി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സാമ്പത്തിക വര്‍ഷത്തിലെ അവസാന 2 മാസങ്ങളിലെ ജിഎസ്ടി സമാഹരണ ലക്ഷ്യം ഉയര്‍ത്തിക്കൊണ്ട് കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു. പ്രതീക്ഷിച്ച തലത്തിലേക്ക് എത്തിയില്ലെങ്കിലും കഴിഞ്ഞ മാസത്തിലും ജിഎസ്ടി വരുമാനം 1 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ സ്ഥിരത പ്രകടമാക്കിയത് സര്‍ക്കാരിന് ആശ്വാസകരമാകുന്നുണ്ട്.

Comments

comments

Categories: FK News