സൗദിയിലെ ഇലക്ട്രോണിക്‌സ് റീറ്റെയ്‌ലര്‍ എക്‌സ്ട്രയുടെ ലാഭത്തില്‍ രണ്ടക്ക വളര്‍ച്ച

സൗദിയിലെ ഇലക്ട്രോണിക്‌സ് റീറ്റെയ്‌ലര്‍ എക്‌സ്ട്രയുടെ ലാഭത്തില്‍ രണ്ടക്ക വളര്‍ച്ച

വില്‍പ്പന കൂടി; നാലാംപാദ ലാഭത്തില്‍ 14.6 ശതമാനം വര്‍ധന

റിയാദ്: സൗദി അറേബ്യയിലെ ഇലക്ട്രോണിക്‌സ് റീറ്റെയ്‌ലറായ യുണൈറ്റഡ് ഇലക്ട്രോണിക്‌സ് കമ്പനിയുടെ (എക്‌സ്ട്ര) ലാഭത്തില്‍ രണ്ടക്ക വളര്‍ച്ച. മികച്ച വില്‍പ്പനയുടെ കരുത്തില്‍ ലാഭത്തില്‍ 14.6 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷം നാലാംപാദത്തില്‍ കമ്പനി റിപ്പോര്‍ട്ട് ചെയ്തത്.

ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ആകെ ലാഭം 72.3 മില്യണ്‍ റിയാലായി ഉയര്‍ന്നു. അതേസമയം വരുമാനം 16 ശതമാനം വര്‍ധിച്ച് 1.88 ബില്യണ്‍ റിയാലായി. പൊതുവേ, കമ്പനിയുടെ എല്ലാ വിഭാഗങ്ങളിലും ഉണ്ടായ വില്‍പ്പന വളര്‍ച്ചയാണ് ലാഭം വര്‍ധിക്കാനുള്ള പ്രധാനകാരണമെന്ന് കമ്പനി ഓഹരികള്‍ വ്യാപാരം നടത്തുന്ന സൗദി ഓഹരിവിപണിയില്‍ സമര്‍പ്പിച്ച പ്രസ്താവനയില്‍ കമ്പനി അറിയിച്ചു. മാത്രമല്ല സര്‍വീസിംഗ്, ഉപഭോക്തൃ ധനകാര്യ ബിസിനസികളിലെ വരുമാനവളര്‍ച്ചയും കമ്പനിക്ക് നേട്ടമായി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷത്തെ ആകെ ലാഭം 27.7 ശതമാനം വര്‍ധിച്ച് 205.8 മില്യണ്‍ റിയാലായി. 16.9 ശതമാനത്തിന്റെ വളര്‍ച്ചയോടെ വില്‍പ്പന 5.1 ബില്യണ്‍ റിയാലായി ഉയര്‍ന്നു.

പുതിയ ഔട്ട്‌ലെറ്റുകള്‍ ആരംഭിച്ചതും ഓണ്‍ലൈന്‍ വില്‍പ്പനയിലുണ്ടായ വളര്‍ച്ചയും ലാഭത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. കമ്പനിയെ സംബന്ധിച്ചെടുത്തോളം മികവാര്‍ന്ന പ്രകടനത്തിന്റെ മറ്റൊരു വര്‍ഷമാണ് കടന്നുപോയതെന്ന് ഇഎഫ്ജി ഹെര്‍മിസ് വിലയിരുത്തി. ഇലക്ട്രോണിക്‌സ് റീറ്റെയ്‌ലിംഗിലുള്ള ആധിപത്യം ദൃഢമാക്കാന്‍ എക്‌സ്ട്രയ്ക്ക് കഴിഞ്ഞതായി ഈജിപ്ഷ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് പ്രതികരിച്ചു. പുതുതായി ആരംഭിച്ച ഉപഭോക്തൃ ധനകാര്യ വിഭാഗമായിരിക്കും ഭാവിയില്‍ കമ്പനിയുടെ വളര്‍ച്ചയില്‍ പ്രധാനപങ്ക് വഹിക്കുകയെന്നും ഈജിപ്ഷ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് അഭിപ്രായപ്പെട്ടു.

Comments

comments

Categories: Arabia