റിലയന്‍സിന്റെ ഇന്ധന വില്‍പ്പനയില്‍ കുതിപ്പ്

റിലയന്‍സിന്റെ ഇന്ധന വില്‍പ്പനയില്‍ കുതിപ്പ്

കഴിഞ്ഞ പാദത്തില്‍ കമ്പനിയുടെ പെട്രോള്‍ വില്‍പ്പന 15 ഉം ഡീസല്‍ വില്‍പ്പന 11 ഉം ശതമാനം ഉയര്‍ന്നു

ന്യൂഡെല്‍ഹി: രാജ്യത്തെ ഇന്ധന വില്‍പ്പന വിപണി നാമമാത്രമായ വളര്‍ച്ച മാത്രം കാണിക്കുമ്പോള്‍ ഇരട്ടയക്ക വളര്‍ച്ച നേടി മുകേഷ് അംബാനിയുടെ റിലയന്‍സിന്റെ കുതിപ്പ്. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ റിലയന്‍സിന്റെ 1,394 പമ്പുകളില്‍ നിന്നുള്ള പെട്രോള്‍ വില്‍പ്പനയില്‍ 15% വളര്‍ച്ചയും ഡീസല്‍ വില്‍പ്പനയില്‍ 11% വളര്‍ച്ചയും ദൃശ്യമായി. നിക്ഷേപകര്‍ക്കായുള്ള കണക്കവതരണത്തിലാണ് ലോകത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല നടത്തുന്ന കമ്പനി ഇക്കാര്യം അറിയിച്ചത്.

ഒക്‌റ്റോബര്‍-ഡിസംബര്‍ കാലയളവില്‍ ഡീസല്‍ വില്‍പ്പനയില്‍ 0.2 ശതമാനവും, പെട്രോള്‍ വില്‍പ്പനയില്‍ 7.1 ശതമാനവും വര്‍ധനയാണ് ഇന്ധന വിപണിയില്‍ കാണാനായത്. ബിപിസിഎല്‍, ഐഒസി എന്നിവയുടെ പമ്പുകള്‍ വിറ്റഴിച്ച ഇന്ധനത്തിന്റെ ഏകദേശം ഇരട്ടിയോളമായിരുന്നു റിലയന്‍സ് പമ്പുകളിലെ ഇന്ധന വില്‍പ്പന. ഡിസംബര്‍ പാദത്തില്‍ രാജ്യത്തെ എണ്ണ ആവശ്യകത 3.2% ഉയര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പെട്രോളിയം ചില്ലറ വില്‍പ്പനയില്‍ നിന്നുള്ള വരുമാനം 5% ഉയര്‍ന്ന് 3,725 കോടി രൂപയാവുകയും ചെയ്തു. എല്‍പിജി വിപണിയിലെ വില്‍പ്പന 15% മുന്നേറിയപ്പോള്‍ 37% വളര്‍ച്ചയാണ് റിലയന്‍സ് എല്‍പിജി കൈവരിച്ചത്. വിമാന ഇന്ധന വിഭാഗത്തിലും കാര്യമായ വളര്‍ച്ച നേടിയെന്ന് കമ്പനി അറിയിച്ചു.

66,817 ഇന്ധന പമ്പുകളാണ് രാജ്യത്തുള്ളത്. ഇവയില്‍ 59,716 പമ്പുകള്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലാണ്. ആഗോള ഭീമനായ ബ്രിട്ടീഷ് പെട്രോളിയത്തിന് (ബിപി) ഇന്ധന ചില്ലറ വില്‍പ്പനയുടെ 49% കൈമാറിക്കൊണ്ടുള്ള കരാറില്‍ 2019 ഓഗസ്റ്റില്‍ റിലയന്‍സ് ഒപ്പുവെച്ചിരുന്നു. ബിപിയുമായി ചേര്‍ന്ന് ഇന്ധന വിതരണ ശൃംഖല വിപുലീകരിക്കാനും പമ്പുകളുടെ എണ്ണം 5,500 ലേക്ക് ഉയര്‍ത്താനുമാണ് റിലയന്‍സിന്റെ പദ്ധതി.

Categories: FK News, Slider