കാര്‍ഷികാവശിഷ്ടങ്ങളില്‍ നിന്നും കടലാസ് ഉല്‍പ്പന്നങ്ങള്‍; എല്‍ നഫേസ ക്രാഫ്റ്റ്‌സ് മുന്നോട്ടുവെക്കുന്ന സന്ദേശം

കാര്‍ഷികാവശിഷ്ടങ്ങളില്‍ നിന്നും കടലാസ് ഉല്‍പ്പന്നങ്ങള്‍; എല്‍ നഫേസ ക്രാഫ്റ്റ്‌സ് മുന്നോട്ടുവെക്കുന്ന സന്ദേശം

22-26 മില്യണ്‍ ടണ്‍ കാര്‍ഷിക അവശിഷ്ടങ്ങള്‍ ഓരോവര്‍ഷവും ഈജിപ്തില്‍ കത്തിക്കുന്നുണ്ടെന്നാണ് അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് കെയ്‌റോയുടെ കണക്ക്

കെയ്‌റോ: കൃഷിയിലൂടെ ഉണ്ടാകുന്ന അവശിഷ്ടങ്ങള്‍ പ്രകൃതിക്ക് ദോഷകരമാകാത്ത രീതിയില്‍ സംസ്‌കരിക്കുകയെന്നത് ദീര്‍ഘകാലമായി ഈജിപ്ത് നേരിടുന്ന വെല്ലുവിളിയാണ്. നെല്ല് വിളവെടുത്തതിന് ശേഷം ബാക്കിയാകുന്ന വൈക്കോല്‍ കത്തിക്കുന്നതിന് 2012ല്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയെങ്കിലും കര്‍ഷകര്‍ അവരുടെ കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നതിലൂടെ ഉയരുന്ന പുക കറുത്ത മേഘമായി ഓരോ വര്‍ഷവും ഈജിപ്തിന് മുകളില്‍ ഉയരുന്നു.

ഏതാണ്ട് 22-26 മില്യണ്‍ ടണ്‍ കാര്‍ഷിക അവശിഷ്ടങ്ങള്‍ ഓരോവര്‍ഷവും ഈജിപ്തില്‍ കത്തിക്കുന്നുണ്ടെന്നാണ് അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് കെയ്‌റോയുടെ കണക്ക്. പാടങ്ങളില്‍ കത്തിക്കുന്നതിന് പുറമേ, ചില വീടുകളില്‍ ഭക്ഷണം പാകം ചെയ്യാന്‍ അടുപ്പുകള്‍ കത്തിക്കാനും ഇവ ഉപയോഗിക്കുന്നു. മനുഷ്യന്റെ ആരോഗ്യത്തില്‍ ഗുരുതര പ്രത്യാഘാതങ്ങളാണ് അവയുണ്ടാക്കുന്നത്.

കൃഷിക്കനുസരിച്ച് കത്തിക്കുന്ന കാര്‍ഷിക അവശിഷ്ടങ്ങളും അവയുടെ അളവും ഓരോവര്‍ഷവും വ്യത്യസ്തമാണ്. നെല്ല്, ചോളം, ഗോതമ്പ്, പരുത്തി, കരിമ്പ് എന്നിവയുടെ കൃഷിയാണ് ഏറ്റവുമധികം അവശിഷ്ടങ്ങള്‍ ഉണ്ടാക്കുന്നത്. കാര്‍ഷികരംഗത്തെ അവശിഷ്ടങ്ങള്‍ കുറയ്ക്കുന്നതിന് കഴിഞ്ഞ ദശാബ്ദത്തില്‍ സര്‍ക്കാരും അധികൃതരും മുന്‍ഗണന നല്‍കിയിരുന്നെങ്കിലും ഇനിയുമേറെ ചെയ്യാനുണ്ടെന്നാണ് ഇത് സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇക്കാര്യത്തില്‍ കാലത്തിന് മുന്നേ സഞ്ചരിച്ചവളാണ് കെയ്‌റോയിലെ പ്രധാന മാലിന്യ വിരുദ്ധ പ്രവര്‍ത്തകരിലൊരാളായ ഇനാസ് ഖമീസ്. 2007ലാണ് ഖമീസ് മാലിന്യങ്ങള്‍ക്കെതിരായ ശില്‍പ്പശാലയായ എല്‍ നഫേസ ആരംഭിക്കുന്നത്. വലിയൊരു അളവ് കാര്‍ഷിക അവശിഷ്ടങ്ങള്‍ റീസൈക്കിള്‍ ചെയ്യാമെന്നിരിട്ടും ഈജിപ്ഷ്യന്‍ അന്തരീക്ഷത്തെ മലിനമയമാക്കുന്നതില്‍ കാര്‍ഷിക അവശിഷ്ടങ്ങള്‍ മുഖ്യപങ്ക് വഹിക്കുന്നുവെന്ന് അവര്‍ പറയുന്നു. അവശിഷ്ടമായി തള്ളുന്ന വൈക്കോല്‍ മാനവവംശത്തിനും പരിസ്ഥിതിക്കും ഇണങ്ങുന്ന പേപ്പര്‍ ഉല്‍പ്പന്നങ്ങളാക്കി മാറ്റാമെന്ന ഖമീസിന്റെ കണ്ടെത്തല്‍ ഈജിപ്തിന്റെ കാര്‍ഷികാവശിഷ്ട സംസ്‌കരണമെന്ന വലിയ പ്രശ്‌നത്തെ നേരിടാനുള്ള മികച്ച പോംവഴിയാണ്. കച്ചി കൊണ്ട് മനോഹരമായ കടലാസ് ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് രാജ്യത്തുടനീളം വില്‍ക്കുന്ന ഈ സംരംഭം ശാരീരിക വൈകല്യങ്ങള്‍ ഉള്ളവര്‍ക്ക് ഇതിനായി പ്രത്യേക പരിശീലനവും നല്‍കിവരുന്നു. എല്‍ നഫേസ ക്രാഫ്റ്റ്‌സ് എന്ന പേരിലുള്ള ഈ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പക്കുന്നതിലൂടെ ലഭിക്കുന്ന പണം കടലാസ്‌നിര്‍മാണ ശേഷി ഉപയോഗിച്ച് കാര്‍ഷിക അവശിഷ്ടങ്ങള്‍ എങ്ങനെ ഉപയോഗപ്രദമായ വസ്തുക്കളാക്കി മാറ്റാമെന്നതില്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ശാരീരിക പരിമിതികള്‍ നേരിടുന്നവര്‍ക്കും പരിശീലനം നല്‍കുന്നതിനാണ് വിനിയോഗിക്കുന്നത്.

വൈക്കോല്‍, നൈലിലെ ആമ്പലുകള്‍, വാഴത്തട എന്നിവ ഉപയോഗിച്ച് എങ്ങനെ കരകൗശല വസ്തുക്കള്‍ നിര്‍മിക്കാമെന്ന് പഠിപ്പിക്കന്ന നിരവധി പരിശീലന കേന്ദ്രങ്ങള്‍ എല്‍ നഫേസ ഈജിപ്തില്‍ ആരംഭിച്ചിട്ടുണ്ട്. പരമ്പരാഗത വരുമാന രീതികളില്‍ നിന്നും വ്യത്യസ്തമായി കരകൗശല കടലാസ് ഉല്‍പ്പന്ന നിര്‍മാണത്തിലൂടെ വരുമാനം സ്വന്തമാക്കുന്നത് ഈജിപ്തിലെ തൊഴിലില്ലായ്മയ്ക്കും പരിഹാരമാണെന്ന് ഖമീസ് പറയുന്നു.

കടലാസ്, എന്‍വെലപ്പുകള്‍, നോട്ടുബുക്കുകള്‍, കൈ കൊണ്ട് ഉണ്ടാക്കിയ കാര്‍ഡുകളും ഫ്രയിമുകളും ഉള്‍പ്പടെ 150 ഓളം ഉല്‍പ്പന്നങ്ങളാണ് കെയ്‌റോയിലെ എല്‍ നഫേസ കേന്ദ്രത്തില്‍ നിര്‍മിക്കുന്നത്. സ്വദേശികള്‍ക്കും വിദേശ ടൂറിസ്റ്റുകള്‍ക്കും ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ഖമീസും സംഘവും ശില്‍പ്പശാലകളെ ഉല്‍പ്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്യുന്നതിനുള്ള അവസരമായിട്ടാണ് കാണുന്നത്. ശില്‍പ്പശാലയില്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണ പ്രക്രിയ നേരിട്ട് കാണാമെന്നതിനാല്‍ അവയ്ക്ക് പിന്നിലെ അധ്വാനവും മികവും നേരിട്ട് ബോധ്യപ്പെട്ടാണ് ആളുകള്‍ സാധനം വാങ്ങുന്നതെന്ന് ഖമീസ് പറയുന്നു.

അന്താരാഷ്ട്ര വിപണികളില്‍ എല്‍ നഫേസ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനും ഖമീസ് ശ്രമിക്കുന്നുണ്ട്. പ്രധാനമായും ജര്‍മനി, ഇറ്റലി, യുഎസ് വിപണികളാണ് ഇവര്‍ ലക്ഷ്യമിടുന്നത്.

Comments

comments

Categories: Arabia