എംജി ഇസഡ്എസ് ഇവി നേടിയത് 2,100 ബുക്കിംഗ്

എംജി ഇസഡ്എസ് ഇവി നേടിയത് 2,100 ബുക്കിംഗ്

ജനുവരി 23 ന് വിപണിയില്‍ അവതരിപ്പിക്കും. നേരത്തെ ജനുവരി 27 നാണ് തീയതി നിശ്ചയിച്ചിരുന്നത്

ന്യൂഡെല്‍ഹി: ജനുവരി 17 ന് ബുക്കിംഗ് നിര്‍ത്തിവെച്ചപ്പോള്‍ എംജി ഇസഡ്എസ് ഇവി നേടിയത് 2,100 പ്രീ-ഓര്‍ഡര്‍. ഡിസംബര്‍ 21 നാണ് ഇലക്ട്രിക് എസ്‌യുവിയുടെ പ്രീ-ബുക്കിംഗ് സ്വീകരിച്ചുതുടങ്ങിയത്. ഒരു മാസത്തിനുള്ളിലാണ് ഇത്രയും എണ്ണം ബുക്കിംഗ് കരസ്ഥമാക്കിയിരിക്കുന്നത്. 2019 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ഹ്യുണ്ടായ് കമ്പനികള്‍ ചേര്‍ന്ന് വിറ്റ ആകെ ഇലക്ട്രിക് വാഹനങ്ങളേക്കാള്‍ കൂടുതലാണ് എംജി ഇസഡ്എസ് ഇവി നേടിയ പ്രീ-ബുക്കിംഗ്. മൂവരും ചേര്‍ന്ന് 1,554 യൂണിറ്റ് ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമാണ് വിറ്റത്.

ഇലക്ട്രിക് എസ്‌യുവിക്ക് മികച്ച പ്രതികരണം ലഭിക്കുന്നതായി മനസ്സിലാക്കിയ എംജി മോട്ടോര്‍ ഇന്ത്യ, ഇസഡ്എസ് ഇവി വിപണിയില്‍ അവതരിപ്പിക്കുന്നത് ജനുവരി 23 ലേക്ക് മാറ്റി. നേരത്തെ ജനുവരി 27 നാണ് തീയതി നിശ്ചയിച്ചിരുന്നത്. തുടക്കത്തില്‍ ഡെല്‍ഹി, മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ് എന്നീ അഞ്ച് നഗരങ്ങളില്‍ മാത്രമായിരിക്കും എംജി ഇസഡ്എസ് ഇവി ലഭിക്കുന്നത്. മറ്റ് നഗരങ്ങളില്‍ ക്രമേണ ലഭിച്ചുതുടങ്ങും.

44.5 കിലോവാട്ട് അവര്‍ ലിഥിയം അയണ്‍ ബാറ്ററി പാക്കാണ് എംജി ഇസഡ്എസ് ഇവി ഉപയോഗിക്കുന്നത്. സിങ്ക്രണസ് ഇലക്ട്രിക് മോട്ടോര്‍ 141 ബിഎച്ച്പി കരുത്തും 353 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 340 കിലോമീറ്റര്‍ സഞ്ചരിക്കാം. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 8.5 സെക്കന്‍ഡ് മതി. വാഹനഘടകങ്ങളും പാര്‍ട്ടുകളും ഇറക്കുമതി ചെയ്ത് (സികെഡി രീതി) ഗുജറാത്തിലെ ഹാലോള്‍ പ്ലാന്റിലാണ് ഇലക്ട്രിക് എസ്‌യുവി അസംബിള്‍ ചെയ്യുന്നത്. ഏകദേശം 20 ലക്ഷം രൂപ വില നിശ്ചയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Comments

comments

Categories: Auto
Tags: MG ZS