ഇന്ത്യക്കെതിരെ പ്രതികാരത്തിന് ഞങ്ങളില്ല: മലേഷ്യന്‍ പ്രധാനമന്ത്രി

ഇന്ത്യക്കെതിരെ പ്രതികാരത്തിന് ഞങ്ങളില്ല: മലേഷ്യന്‍ പ്രധാനമന്ത്രി

പുതിയ വിപണി കണ്ടെത്തുക മലേഷ്യക്ക് വെല്ലുവിളിയാകും

ലങ്കാവി: ഞങ്ങള്‍ വളരെ ചെറിയ രാജ്യമാണെന്നും ഇന്ത്യയെപ്പോലെ ശക്തമായ ഒരു രാജ്യത്തിനെതിരെ പ്രതികാരം ചെയ്യാന്‍ കഴിയില്ലെന്നും മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്. മലേഷ്യയില്‍ നിന്ന് പാംഓയില്‍ വാങ്ങുന്നത് ഇന്ത്യ ബഹിഷ്‌കരിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷത്തിനിടയിലായിരുന്നു ഇന്ത്യയുടെ നിര്‍ണായക തീരുമാനം.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭക്ഷ്യഎണ്ണ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര നയങ്ങളെ തുടര്‍ച്ചയായി വിമര്‍ശിച്ചതിനെത്തുടര്‍ന്നാണ് ന്യൂഡെല്‍ഹി നടപടി എടുത്തത്. ഈ മാസം തങ്ങളുടെ ഏറ്റവും വലിയ വിതരണക്കാരില്‍ നിന്നുമുള്ള പാംഓയില്‍ ഇറക്കുമതി അവസാനിപ്പിക്കുകയായിരുന്നു. മലേഷ്യയുടെ പടിഞ്ഞാറന്‍ തീരത്ത് സ്ഥിതിചെയ്യുന്ന റിസോര്‍ട്ട് ദ്വീപായ ലങ്കാവിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ നടപടിയെ മറികടക്കാന്‍ ഞങ്ങള്‍ വഴികളും മാര്‍ഗങ്ങളും കണ്ടെത്തേണ്ടതുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

94 കാരനായ മുസ്ലീം ഭൂരിപക്ഷ മലേഷ്യയുടെ പ്രധാനമന്ത്രി ന്യൂഡെല്‍ഹിയുടെ പുതിയ പൗരത്വ നിയമത്തെ വിമര്‍ശിക്കുകയും തര്‍ക്കപ്രദേശമായ കശ്മീരിലെ നടപടികല്‍ക്കിരെ സംസാരിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ പൗരത്വ നിയമത്തെ ഇന്നലെ മഹാതിര്‍ വീണ്ടും വിമര്‍ശിച്ചു, ഇത് തികച്ചും അന്യായമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി മലേഷ്യയില്‍നിന്ന് ഏറ്റവും കൂടുതല്‍ പാം ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ നടപടിയെത്തുടര്‍ന്ന് അവധിവ്യാപാരവിപണിയില്‍ മലേഷ്യന്‍ പാം ഓയിലിനുണ്ടായത് പത്ത് ശതമാനം ഇടിവാണ്. പതിനൊന്ന് വര്‍ഷത്തിനിടെ ഉണ്ടാകുന്ന ഏറ്റവും വലിയ തകര്‍ച്ചയാണിത്. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യത്തെ പാം ഓയിലിനായി പുതിയ വിപണി കണ്ടെത്തുന്നതില്‍ മലേഷ്യക്ക് ഇനി കനത്തവെല്ലുവിളി നേരിടേണ്ടിവരും.

വിവാദ ഇന്ത്യന്‍ ഇസ്ലാമിക മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന് മൂന്ന് വര്‍ഷമായി അഭയം നല്‍കിയിരിക്കുന്നത് മലേഷ്യയാണ്. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുള്ള നിരവധി കുറ്റങ്ങള്‍ നായിക്കിനെതിരേയുണ്ട്. ഇദ്ദേഹത്തെ വിട്ടു നല്‍കാത്തതില്‍ ഇന്ത്യക്ക് അതൃപ്തിയുണ്ട്. ന്യായമായ വിചാരണ ഇന്ത്യന്‍ സര്‍ക്കാര്‍ ഉറപ്പുനല്‍കിയാലും നായിക്കിന് ഭീഷണിയുണ്ടാകുമെന്ന് മഹാതിര്‍ പറയുന്നു.

Comments

comments

Categories: FK News