പാരമ്പര്യത്തനിമയുള്ള സൗദിയുടെ സ്വന്തം ഖവ്‌ലാനി കാപ്പി

പാരമ്പര്യത്തനിമയുള്ള സൗദിയുടെ സ്വന്തം ഖവ്‌ലാനി കാപ്പി

അറബിക കോഫീ വളരെ പ്രസിദ്ധമാണെങ്കിലും അവയ്്ക്ക് സൗദി അറേബ്യയുമായുള്ള ബന്ധം മിക്കവര്‍ക്കും അറിയില്ല

സൗദി അറേബ്യയുടെ തെക്കേയറ്റത്, സൗദി യെമന്‍ അതിര്‍ത്തിയില്‍ നിന്നും കിലോമീറ്ററുകള്‍ മാത്രം അകലെയാണ് ഹരിതാഭമായ ജസാന്‍. പാറക്കെട്ടുകള്‍ നിറഞ്ഞ കുന്നിന്‍ചരിവുകളും നീര്‍ത്തടങ്ങളും നിബിഡമായ വനമേഖലയും നല്ല വളക്കൂറുള്ള മണ്ണുമുള്ള ഇവിടമാണ് സൗദിയുടെ പ്രാദേശിക കാപ്പിയിനമായ ഖവ്‌ലാനി കാപ്പിക്കുരുവിന്റെ ജന്മദേശം.

അറബിക കോഫീ വളരെ പ്രസിദ്ധമാണെങ്കിലും അവയ്്ക്ക് സൗദി അറേബ്യയുമായുള്ള ബന്ധം മിക്കവര്‍ക്കും അറിയില്ല. ഈ കാപ്പിയുടെ ഉത്ഭവം സംബന്ധിച്ച് തര്‍ക്കങ്ങള്‍ നിലവിലുണ്ടെങ്കിലും ജസാനും യെമനുമിടയില്‍ ജീവിക്കുന്ന ഖവ്‌ലാനിലെ പ്രാചീന ഗോത്രവര്‍ഗമാണ് നൂറ്റാണ്ടുകളായി ഖവ്‌ലാനി കാപ്പി കൃഷി ചെയ്യുന്നത്. മൂന്നൂറ് വര്‍ഷത്തിലേറെയായി അവര്‍ ഈ സിദ്ധി പുതുതലമുറകളിലേക്ക് പകര്‍ന്നുനല്‍കുന്നു. ജസാനില്‍ 16 പ്രവശ്യകളാണുള്ളത്. അവയില്‍ ആറെണ്ണത്തിലാണ് ഖവ്‌ലാനി കാപ്പിക്കൃഷിയുള്ളത്. ഇവിടെയുള്ള കര്‍ഷകരെ സംബന്ധിച്ചെടുത്തോളം വളരെ അഭിമാനം നല്‍കുന്ന, സാംസ്‌കാരിക സത്വം നല്‍കുന്ന, മേഖലയുടെ മൊത്തം അന്തസ്സുയര്‍ത്തുന്ന ഒന്നാണ് ഖവ്‌ലാനി കാപ്പിക്കൃഷി.

ജലക്ഷാമം അടക്കം ഇവിടുത്തെ അസംഖ്യം വരുന്ന കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ കണക്കിലെടുത്ത് ഖവ്‌ലാനി കാപ്പിയുടെ ഉല്‍പ്പാദന പ്രക്രിയയ്ക്ക് പൈതൃക പരിരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് യുനെസ്‌കോയെ സമീപിച്ചിരിക്കുകയാണ് സൗദിയിലെ സര്‍ക്കാര്‍ ഇതര സംഘടനയായ സൗദി പൈതൃക സംരക്ഷണ സൊസൈറ്റി. ജസാനിലെ കര്‍ഷകരുമായി ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം മുതലാണ് അവരിതിനായുള്ള പ്രവര്‍ത്തനം ആരംഭിച്ചത്. യുനെസ്‌കോയുടെ പൈതൃകപ്പട്ടികയില്‍ ഇടം നേടിയാല്‍ സൗദി അറേബ്യയില്‍ ഉടനീളം ഇവ പ്രചരിപ്പിക്കാനും സര്‍ക്കാര്‍തലത്തിലുള്ള സഹായങ്ങള്‍ നേടാനും സാധിക്കുമെന്നാണ് അവരുടെ പ്രതീക്ഷ.

ഖവ്‌ലാനി കാപ്പിയെന്ന നിഗൂഢ രഹസ്യം

ലോകത്തിലെ തന്നെ ഏറ്റവും മികച്ച കാപ്പിയിനങ്ങളിലൊന്നായാണ് ഖവ്‌ലാനി കരുതപ്പെടുന്നത്. സൗദിക്കാര്‍ തന്നെയാണ് ഖവ്‌ലാനി കാപ്പിയുടെ ഏറ്റവും വലിയ ഉപഭോക്താക്കള്‍. സൗദി പൈതൃകവും രാജ്യത്തിന്റെ സാംസ്‌കാരിക തനിമയും കാത്തുസൂക്ഷിക്കുന്നതില്‍ ഈ കാപ്പിക്കുരു രാജ്യത്തിന്റെ അമൂല്യ നിധിയാണെന്ന് പറയാം. ഹരിത സ്വര്‍ണമെന്നും ഇവയ്ക്ക് വിശേഷണമുണ്ട്. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ കാപ്പിക്കൃഷി നടക്കുന്ന ഒരു മേഖലയാണ് ജസാനെന്ന് സൗദിക്കാര്‍ക്ക് പോലും അറിയില്ലെന്നതാണ് വാസ്തവം.

ചരിത്രം

എത്യോപ്യയില്‍ നിന്നും യെമനിലേക്കും അവിടെനിന്ന് ജസാനിലെ കുന്നിന്‍ചരിവുകളിലേക്കും ഖവ്‌ലാനി കാപ്പി എത്തുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. പണ്ടുകാലത്ത് ജീവനോപാധി എന്ന നിലയിലായിരുന്നു ഇവിടുത്തുകാര്‍ കാപ്പി കൃഷി ചെയ്തിരുന്നത്. എന്നാലിന്ന് സ്ഥിതി മാറി. നിക്ഷേപങ്ങള്‍ക്കുള്ള സാധ്യത അന്വേഷിച്ച് ആളുകള്‍ ഇവിടേക്ക് വരാന്‍ തുടങ്ങി. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2017ല്‍ 76,390 കാപ്പിത്തൈകളാണ് ഇവിടുത്തെ 724 കര്‍ഷകര്‍ നട്ടത്. ഒരു മരത്തില്‍ നിന്നും ശരാശരി 4 കിലോഗ്രാമെന്ന കണക്കില്‍ ആ വര്‍ഷം 227.390 കിലോഗ്രാം കാപ്പി വിളവെടുത്തു.

തൈ നട്ട് 2-3 വര്‍ഷങ്ങള്‍ക്കുള്ളിലേ കാപ്പി കായ്ക്കാന്‍ ആരംഭിക്കുകയുള്ളു. പിന്നീട് കൃത്യമായ പരിപാലനം ഇവയ്ക്ക് ആവശ്യമാണ്. ചുവന്ന നിറത്തില്‍ നല്ലവണ്ണം പഴുത്ത കാപ്പിക്കുരുകള്‍ പറച്ച് ഉണക്കിയെടുക്കുന്നു. നേരിട്ട് വെയില്‍ വീഴാത്ത ഇടങ്ങളിലാണ് ഇവ ഉണക്കാനിടുന്നത്. കറുത്ത നിറമാകുന്നത് വരെ ഉണക്കാനിടും. പിന്നീട് കുരുവില്‍ നിന്നും പരിപ്പ് വേര്‍തിരിച്ച് വറുത്ത് പൊടിക്കും. അടുത്ത സീസണിലും കായുണ്ടാകേണ്ടതാണെന്ന ഓര്‍മയോടെ കമ്പുകള്‍ ഒടിക്കാതെ വളരെ ശ്രദ്ധയോടെ വേണം കാപ്പിക്കുരു പറിക്കാനെന്ന് മെഫ്രാസ് എന്ന പേരിലുള്ള പ്രാദേശിക കാപ്പി ബ്രാന്‍ഡ് ഉടമയായ ഹുസ്സെയ്ന്‍ അല്‍ മാലികി പറയുന്നു. കഴിഞ്ഞിടെ യുഎഇയില്‍ വെച്ച് നടന്ന കോഫീ ബ്രാന്‍ഡുകളുടെ മത്സരത്തില്‍ വിജയിച്ച മെഫ്രാസ് ഉടന്‍തന്നെ അന്താരാഷ്ട്ര തലത്തില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഹുസ്സെയ്ന്‍.

ജീവനോപാധി അല്ല തലമുറകള്‍ കൈമാറിവന്ന പാരമ്പര്യം

ഉപജീവനമാര്‍ഗമെന്ന രീതിയിലല്ല, തലമുറകളായി പിന്തുടര്‍ന്നുപോരുന്ന, കുടുംബബന്ധങ്ങളും പൈതൃകവും ഊട്ടിയുറപ്പിക്കുന്ന, മാതൃഭൂമിയോട് ആദരവ് പ്രകടമാക്കുന്ന ഒരനുഷ്ഠാനമെന്ന നിലയിലാണ് അവര്‍ ഖവ്‌ലാനി കാപ്പിക്കൃഷി ചെയ്യുന്നത്. അതിഥികള്‍ക്ക് ഒരു ചെറിയ കപ്പില്‍ കാപ്പി കൊടുക്കുകയെന്നത് സൗദിയിലെ ഒരു പതിവാണ്. ഖവ്‌ലാനില്‍ ഈ പതിവ് അല്‍പം കൂടി പവിത്രമാണ്. സ്വന്തമായി വിളവെടുത്ത കാപ്പിക്കുരു പൊടിച്ചുണ്ടാക്കിയ രുചി അതിഥികള്‍ക്ക് വിളമ്പുന്നത് അവര്‍ക്ക് പെരുമയാണ്. യുനെസ്‌കോ അംഗീകാരം കൂടി ലഭിച്ചാല്‍ ആ രുചി ലോകത്തിനൊന്നാകെ പകരാനാകുമെന്നാണ് അവരുടെ പ്രതീക്ഷ

Comments

comments

Categories: Arabia