സോഷ്യല്‍ മൊബിലിറ്റി റാങ്കിംഗില്‍ ഇന്ത്യ 76-ാം സ്ഥാനത്ത്

സോഷ്യല്‍ മൊബിലിറ്റി റാങ്കിംഗില്‍ ഇന്ത്യ 76-ാം സ്ഥാനത്ത്

പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളും സ്‌കാന്‍ഡിനേവിയന്‍ രാഷ്ട്രങ്ങള്‍ക്ക് ആണ് എന്നതും ശ്രദ്ധേയമാണ്

ദാവോസ്: ലോക സാമ്പത്തിക ഫോറം(ഡബ്ല്യുഇഎഫ്) തയാറാക്കിയ പുതിയ സോഷ്യല്‍ മൊബിലിറ്റി സൂചികയില്‍ ഇന്ത്യ 76-ാം സ്ഥാനത്ത്. 82 രാജ്യങ്ങള്‍ ഉള്‍പ്പെട്ട പട്ടികയില്‍ ഡെന്‍മാര്‍ക്ക് ഒന്നാമതാണ്. ഒരു വ്യക്തിയുടെയോ കുടുംബത്തിന്റെയോ സാമൂഹ്യ പദവിയിലോ ജീവിത നിലവാരത്തിലോ ഉണ്ടാകുന്ന ചലനത്തെയാണ് സാമൂഹ്യ ചലനാത്മകത അഥവാ സോഷ്യല്‍ മൊബിലിറ്റി എന്ന് വിശേഷിപ്പിക്കുന്നത്. ഡബ്ല്യുഇഎഫിന്റെ 50-ാം വാര്‍ഷിക സമ്മേളനത്തോട് അനുബന്ധിച്ചാണ് റിപ്പോര്‍ട്ട് പുറത്തിറങ്ങിയത്.

സാമൂഹിക ചലനാത്മകത വര്‍ധിപ്പിക്കുന്നതില്‍ നിന്ന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കാവുന്ന അഞ്ച് സമ്പദ്‌വ്യവസ്ഥകള്‍ ചൈന, അമേരിക്ക, ഇന്ത്യ, ജപ്പാന്‍, ജര്‍മനി എന്നിവയാണ്. വ്യത്യസ്ത സാമൂഹിക സാമ്പത്തിക പശ്ചാത്തലങ്ങളിലുള്ളവര്‍ക്ക് തങ്ങളുടെ ശേഷികളും ജീവിതവും മെച്ചപ്പെടുത്താന്‍ ഒരുപോലെ അവസരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. സാമൂഹിക ചലനാത്മകത 10 ശതമാനം വര്‍ധിക്കുന്നത് 2030 ഓടെ ലോക സമ്പദ്‌വ്യവസ്ഥയില്‍ 5 ശതമാനം വളര്‍ച്ചയെ സഹായിക്കും. കുറച്ച് സാമ്പത്തിക വ്യവസ്ഥകളില്‍് മാത്രമാണ് സാമൂഹിക ചലനാത്മകത വളര്‍ത്തുന്നതിനുള്ള ശരിയായ അന്തരീക്ഷമുള്ളതെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

ആരോഗ്യവും വിദ്യാഭ്യാസം (ലഭ്യത, ഗുണമേന്മ, തുല്യത), സാങ്കേതികവിദ്യയും ജോലിയും (അവസരങ്ങള്‍, വേതനം, വ്യവസ്ഥകള്‍), സുരക്ഷയും സ്ഥാപനങ്ങളും (സാമൂഹ്യ സുരക്ഷ, സ്ഥാപനങ്ങളിലെ ഉള്‍ച്ചേര്‍ക്കല്‍ മനോഭാവം) തുടങ്ങിയ അളവുകോലുകളിലാണ് വിവിധ രാഷ്ട്രങ്ങളിലെ സാമൂഹിക ചലനാത്മകത വിലയിരുത്തിയത്. ന്യായമായ വേതനം, സാമൂഹ്യ പരിരക്ഷ, ആജീവനാന്ത പഠനം എന്നിവയാണ് ആഗോളതലത്തില്‍ സാമൂഹിക ചലനാത്മകതയെ നയിക്കുന്നതെന്നാണ് വിലയിരുത്തുന്നത്.

ആജീവനാന്ത പഠനത്തില്‍ ഇത് 41-ാം സ്ഥാനത്തും തൊഴില്‍ സാഹചര്യങ്ങളില്‍ 53-ാം സ്ഥാനത്തുമാണ്. സാമൂഹ്യ പരിരക്ഷ (76), ന്യായമായ വേതന വിതരണം (79) എന്നിവയാണ് ഇന്ത്യ പുരോഗതി നേടിയ മേഖലകളായി സൂചികയില്‍ ഉള്ളത്. പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളും സ്‌കാന്‍ഡിനേവിയന്‍ രാഷ്ട്രങ്ങള്‍ക്ക് ആണ് എന്നതും ശ്രദ്ധേയമാണ്. നോര്‍വേ, ഫിന്‍ലാന്‍ഡ്, സ്വീഡന്‍, ഐസ്‌ലാന്റ് എന്നിവയാണ് ഡെന്‍മാര്‍ക്കിന് തൊട്ടുപുറകിലുള്ള സ്ഥാനങ്ങളിലുള്ളത്.

ലോകത്തെ വലിയ വികസ്വര സമ്പദ്‌വ്യവസ്ഥകളുടെ കാര്യമെടുത്താല്‍ റഷ്യന്‍ ഫെഡറേഷനാണ് സാമൂഹ്യ ചലനാത്മകതയില്‍ മുന്നില്‍, 39-ാം സ്ഥാനം. ചൈന (45), ബ്രസീല്‍ (60), ഇന്ത്യ (76), ദക്ഷിണാഫ്രിക്ക (77) എന്നിങ്ങനെയാണ് മറ്റ് ബ്രിക്‌സ് രാഷ്ട്രങ്ങളുടെ സ്ഥാനം.

Comments

comments

Categories: Current Affairs